Advertisement
national news
ഇന്ത്യന്‍ യൂട്യൂബര്‍ ധ്രുവ് റാഠി ടൈംസ് പട്ടികയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 08, 04:00 am
Sunday, 8th October 2023, 9:30 am

മുംബൈ: ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത യൂട്യൂബര്‍ ധ്രൂവ് റാഠി ടൈംസ് പട്ടികയില്‍. ടൈംസ് മാഗസിന്റെ ‘നെക്സ്റ്റ് ജനറേഷന്‍ ലീഡേഴ്‌സ് 2023’ പട്ടികയിലാണ് ധ്രുവ് ഉള്‍പ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസ സംബന്ധമായ കണ്‍ടന്റുകളിലൂടെയും ഫാക്ട് ചെക്കിങ് വീഡിയോകളിലൂടെയുമാണ് അദ്ദേഹം പ്രശസ്തനായത്.

കടുത്ത മോദി വിമര്‍ശകനായ ധ്രുവ് സര്‍ക്കാരിന്റെ പല നിലപാടുകള്‍ക്കെതിരെ ബി.ജെ.പി എക്‌സ്‌പോസ്ഡ്: ലൈസ് ബിഹൈന്റ് ബുള്‍ഷിറ്റ്, ഇന്ത്യ വേഴ്‌സ് ഭാരത,് ദി എന്‍ഡ് ഓഫ് കോണ്‍ഗ്രസ് പാര്‍ട്ടി തുടങ്ങി നിരവധി വീഡിയോകള്‍ ചെയ്തിട്ടുണ്ട്. സംഘപരിവാറിന്റെ ശത്രുവായതോടെ ധ്രൂവിന്റെ ഫെയ്‌സ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തിരുന്നു. രാഷ്ട്രീയ ചര്‍ച്ചയായതിന് പിന്നാലെ വിലക്ക് നീക്കി.

ഹരിയാനയില്‍ നിന്നുള്ള 28 കാരനായ ധ്രുവ് 2014 ലാണ് യൂടൂബ് ചാനല്‍ ആരംഭിക്കുന്നത്. സാമൂഹിക, രാഷ്ട്രീയ പാരിസ്ഥിതിക വിഷയങ്ങളിലെ തന്റെ നിലപാടുകളാണ് ധ്രുവിന്റെ യുട്യൂബ് വീഡിയോകളിലുള്‍പ്പെട്ടിരിക്കുന്നത്.
നിലവില്‍ 17 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സും 500ല്‍ പരം വീഡിയോസും ഈ ചാനലിനുണ്ട്. ആദ്യകാലങ്ങളില്‍ യാത്ര വ്‌ളോഗുകള്‍ ചെയ്ത ധ്രുവ് പിന്നീട് ഫാക്ട് ചെക്കിങ്് കണ്‍ണ്ടന്റുകളിലേക്കും വിദ്യാഭ്യാസ കണ്ടന്റിലേക്കും മാറുകയായിരുന്നു. ‘കഠിനമായ വസ്തുതകള്‍ ലളിതമായി ആളുകളില്‍ എത്തിക്കലാണ് തന്റെ ലക്ഷ്യമെന്ന്’ ധ്രുവിനെ ഉദ്ദരിച്ച് ടൈംസ് പറഞ്ഞു.

ഹരിയാനയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ധ്രുവ് ജര്‍മനിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും റിന്യൂവബള്‍ എനര്‍ജിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നിലവില്‍ ജര്‍മനിയില്‍ സ്ഥിരതാമസക്കാരനാണ് ഇദ്ദേഹം.

കേരള സ്റ്റോറിയുടെ പിന്നിലെ അജണ്ടകള്‍ തുറന്ന് കാട്ടിയ ധ്രുവിന്റെ വീഡിയോകള്‍ വന്‍പ്രചാരം നേടയിരുന്നു. കേരളാ സ്റ്റോറിയില്‍ മുന്നോട്ട് വെക്കുന്ന കണക്കുകള്‍ തെറ്റാണെന്ന് അദ്ദേഹം ഉദാഹരണ സഹിതം തുറന്ന് കാണിച്ചിരുന്നു. കേരളത്തിന്റെ മതസൗഹാര്‍ദവും ദേശീയ സൂചനകളും വീഡിയോയില്‍ പരാമര്‍ശിച്ചിരുന്നു. കേരളത്തിലും ധ്രുവിന് ഒരുപാട് ആരാധകരുണ്ട്.

conbtent highlight:  Druv rathi  in time magazines list