Advertisement
Entertainment news
പടുകൂറ്റന്‍ പരാജയങ്ങളില്‍ നിന്നും ബോളിവുഡിനെ കരകയറ്റി 'അവന്‍'; സംവിധായകനെ പ്രശംസിച്ച് ട്വീറ്റുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 14, 05:27 am
Wednesday, 14th December 2022, 10:57 am

തുടര്‍ പരാജയങ്ങളില്‍ വലയുന്ന ബോളിവുഡിന് ആശ്വാസമായിരിക്കുകയാണ് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 2. ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം നൂറ് കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്.

ഹിന്ദി റീമേക്കില്‍ മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടിയെന്ന കഥാപാത്രത്തിലെത്തിയത് അജയ് ദേവ്ഗണ്ണാണ്. ഹിന്ദിയില്‍ വിജയ് സല്‍ഗനോക്കര്‍ എന്നാണ് ജോര്‍ജ് കുട്ടിയുടെ പേര്. കെ.ജി.എഫ്, വിക്രം, പൊന്നിയില്‍ സെല്‍വന്‍, ആര്‍.ആര്‍.ആര്‍ തുടങ്ങിയ സൗത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ വലിയ കളക്ഷനുമായി മുന്നേറിയ സാഹചര്യത്തില്‍ പരാജയത്തിന്റെ പടുകുഴിയിലായിരുന്നു ബോളിവുഡ്.

രണ്‍ബീര്‍ കപൂര്‍ നായകനായ ജയേഷ്ഭായ് ജോര്‍ദാര്‍, അക്ഷയ് കുമാറിന്റെ സാമ്രോട്ട് പൃഥ്വിരാജ്, ആമീര്‍ഖാന്റെ ലാല്‍ സിങ് ചദ്ദ, കങ്കണ റണാവത്തിന്റെ ധാക്കഡ് തുടങ്ങി നിരവധി ചിത്രങ്ങളാണ് തുടരെ വന്‍ പരാജയമായത്. ഇവിടെയാണ് മലയാളത്തില്‍ നിന്നും ബോളിവുഡിലേക്ക് റിമേക്ക് ചെയ്ത ദൃശ്യം2 100 കോടി കളക്ഷന്‍ നേടുന്നത്.

‘ദൃശ്യം ഫ്രാഞ്ചൈസി സൃഷ്ടിച്ചതിന് ജീത്തു ജോസഫിനോട് വലിയ ആദരവുണ്ട്. ആഗോളതലത്തിലുള്ള സിനിമാ പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള സിനിമയാണിത്. നിങ്ങളുടെ മികച്ച എഴുത്ത് ഞങ്ങളെ വിസ്മയിപ്പിക്കുന്നു.

എല്ലാവരുടെയും ചിന്തകള്‍ അവസാനിക്കുന്നിടത്ത് നിങ്ങളുടേത് ആരംഭിക്കുകയാണ്. ജീത്തു ജോസഫിന്റെ ദൃശ്യം മൂന്നിനായി ആകാംഷയോടെ കാത്തിരിക്കുന്നു,” എന്നായിരുന്നു സുമിത് പറഞ്ഞത്. സുമിത്തിനെ പോലെ നിരവധി പേരാണ് ചിത്രത്തെയും ജീത്തു ജോസഫിനെയും അഭിനന്ദിച്ച് രംഗത്ത് വരുന്നത്.

ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് ഇത്തരത്തില്‍ വലിയ വിജയത്തിന് കാരണമായതെന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്. അഭിഷേക് പത്താന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദൃശ്യം രണ്ടാം ഭാഗത്തില്‍ മുരളി ഗോപി അവതരിപ്പിച്ച ഐ.ജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്.

അജയ് ദേവ്ഗണ്‍-അക്ഷയ് ഖന്ന എന്നിവരുടെ അഭിനയപ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. 50 കോടി ബഡ്ജറ്റില്‍ നിര്‍മിച്ച ചിത്രം വമ്പന്‍ കളക്ഷന്‍ നേടുമെന്നാണ് ബോളിവുഡിന്റെ പ്രതീക്ഷ.

Content highlight: drishyam 2 movie is a relief of bollywood continues failure