കോളനിയെന്ന പേരു മാത്രമല്ല, കേരളാ മോഡല്‍ ജാതിജയിലറകളായ കോളനികള്‍ തന്നെ ഇല്ലാതാക്കണം
DISCOURSE
കോളനിയെന്ന പേരു മാത്രമല്ല, കേരളാ മോഡല്‍ ജാതിജയിലറകളായ കോളനികള്‍ തന്നെ ഇല്ലാതാക്കണം
ഡോ. വാസു എ.കെ
Friday, 21st June 2024, 4:53 pm
മന്ത്രിസ്ഥാനം രാജിവച്ച് നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം ഭൂപരിഷ്‌കരണത്തിന് ശേഷവും നിലനില്‍ക്കുന്ന ദളിത് / ആദിവാസി വിഭാഗങ്ങളുടെ ഭൂരാഹിത്യത്തെ തുറന്നു സമ്മതിക്കുന്നുണ്ട്. പദ്ധതികള്‍ ഏറെയും കൃഷിവകുപ്പ് മുഖേനയാണെന്നും കൃഷി വകുപ്പ് വിത്തും ചെടികളും നല്‍കിയാല്‍ അത് നട്ടുവയ്ക്കാന്‍ ദളിതര്‍ക്ക് തുണ്ടു പോലും ഭൂമിയില്ല എന്നദ്ദേഹം തുറന്നുസമ്മതിക്കുന്നു. ഇതര ഇടത് നേതാക്കളെ പോലെ കണ്‍മുന്നിലുള്ള സത്യത്തെ അദ്ദേഹം നിഷേധിക്കുന്നില്ല എന്നതാണ് പ്രധാനം.

 

‘കോളനി വിട്ട്, കൃഷി ഭൂമിയിലേക്ക് ‘ എന്ന മുദ്രാവാക്യം ദളിത് സമരരൂപങ്ങള്‍ എക്കാലത്തും ഉയര്‍ത്തിയത് ‘ഹരിജന്‍കോളനി’ എന്ന പതിതപദത്തില്‍ നിന്നും ഭാഷാശാസ്ത്രപരമായി (linguistic) മാത്രമല്ല, സാമ്പത്തിക ശാസ്ത്രപരമായും (Economics )രക്ഷപ്പെടാനുള്ള വഴികള്‍  ആരാഞ്ഞുകൊണ്ടാണ്.

ഇന്ന് കേരളത്തില്‍ നിലവിലുള്ള SC/ST സെറ്റില്‍മെന്റുകളെ കോളനികള്‍ എന്ന് വിളിക്കാതെ നഗര്‍ എന്നോ ഇഷ്ടമുള്ള പേരുകള്‍ സ്വീകരിച്ചോ പതിതത്വത്തെ മറികടക്കേണ്ടതുണ്ട് എന്ന മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്റെ ഉദ്ദേശ്യശുദ്ധിയെ വിലമതിക്കുന്നു. ദളിത് സമുദായത്തിന്റെ വിഷയങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടാന്‍ മനസ്സുള്ള വ്യക്തിത്വമാണദ്ദേഹം.

എയ്ഡഡ് വിദ്യാഭ്യാസമേഖലയില്‍ ഓരോ വര്‍ഷവും മുടക്കുന്ന ശതകോടി ശമ്പളം സംബന്ധിച്ചും ആ മേഖലയില്‍ തൊഴില്‍ നല്‍കാതെ, ദളിത്/ ആദിവാസി വിഭാഗത്തെ മാറ്റിനിര്‍ത്തുന്നതിനെതിരെയും നിയമസഭയില്‍ ശബ്ദമുയര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത പ്രകടമാണ്.

കെ. രാധാകൃഷ്ണന്‍ എം.പി.

പയ്യന്നൂരുള്ള ക്ഷേത്രത്തില്‍ ഉദ്ഘാടകനായി ചെന്നപ്പോള്‍ വിളക്ക് കത്തിക്കുന്നതില്‍ രണ്ടാംസ്ഥാനം കല്‍പ്പിച്ചതില്‍ ജാതിയാണ് പ്രവര്‍ത്തിച്ചതെന്ന് തിരിച്ചറിയാനും, അത് പൊതുസമൂഹത്തോട് വിളിച്ചുപറയാനും അദ്ദേഹം ശേഷികാണിച്ചിട്ടുണ്ട്. കോളനികളുടെ പേരുമാറ്റം സംബന്ധിച്ച അദ്ദേഹത്തിന്റെ ഇടപെടലിനെയും സ്വാഗതം ചെയ്യുന്നു.

ഒപ്പം ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. പുറം ജാതിക്കാര്‍, അയിത്ത ജാതിക്കാര്‍, തൊട്ടുകൂടാത്തവര്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ട ജനവിഭാഗങ്ങളെ ‘ഗാന്ധിജി ദൈവത്തിന്റെ മക്കള്‍ എന്ന് അര്‍ത്ഥമുള്ള ഹരി ജനങ്ങള്‍ എന്ന് പേരിട്ടുവിളിച്ചു. ഗാന്ധിജിയുടെ ഉദ്ദേശ്യശുദ്ധി നിലനില്‍ക്കുമ്പോള്‍ തന്നെ ഹരിജന്‍ എന്ന പദം പതിതപദമായി രൂപാന്തരപ്പെടുകയും അത് നിരോധിക്കപ്പെടുകയും ചെയ്തു.

‘ഹരിജന്‍ ‘ എന്ന നാമപദത്തിന്റെ പ്രശ്‌നം എന്നതിനേക്കാള്‍ പൊതുസമൂഹം അങ്ങനെ പേരിട്ടു വിളിക്കുന്ന ജനവിഭാഗത്തോട് കാണിച്ചു പോരുന്ന ജാതിബദ്ധവും ചരിത്രപരവുമായ അവമതിപ്പാണ് പദത്തിന്റെ പതിതത്വത്തിന് കാരണമായത്.

കോളനി എന്ന പദം ചേര്‍ത്ത് നഗരത്തിലെ അഭിജാതരുടെ സെറ്റില്‍മെന്റുകള്‍ നിരവധിയുണ്ട്. ജവഹര്‍ കോളനി, ഗാന്ധിനഗര്‍ കോളനി തുടങ്ങിയ പേരുകളില്‍. അത്തരം ഹൗസിംഗ് കോളനികള്‍ അന്തസ്സിന് അടയാളം ആവുന്നത് ജാതീയമായി അഭിജാതര്‍ പാര്‍ക്കുന്ന കോളനികള്‍ ആയതുകൊണ്ട് കൂടിയാണ്.

ജാതീയതയെന്ന ശ്രേണീകരണവും അതിന്റെ സമ്പദ്ഘടനയും നിര്‍മ്മിച്ച സാമൂഹ്യവ്യവസ്ഥിതിയുടെ ദുരവസ്ഥയിലാണ് കോളനി എന്ന പദത്തിന്റെ ശുദ്ധാശുദ്ധങ്ങള്‍ നിലനില്‍ക്കുന്നത്.

ഭൂപരിഷ്‌കരണ പ്രക്രിയയില്‍ നിന്നും ദലിതരെയും ആദിവാസികളെയും ജാതീയമായി വേര്‍തിരിച്ച് മൃതവല്‍ക്കരിച്ച് അടക്കം ചെയ്തതിന്റെ ബലികുടീരങ്ങളാണ് കേരളത്തിലെ 36,000-ല്‍ ഏറെ വരുന്ന തുണ്ടുഭൂമിക്കോളനികള്‍ . കേരളീയ സാമൂഹിക ജീവിതത്തിന്റെ ഇരുട്ടറകള്‍ എന്നാണ് സാമൂഹിക ചിന്തകനായ കെ കെ. കൊച്ച് ഇത്തരം ഇടങ്ങളെ വിലയിരുത്തിയിട്ടുള്ളത്. സിനിമകളും സാഹിത്യകൃതികളും പൊതുസമൂഹത്തിന്റെ മര്‍മ്മറിങ്ങുകളും ഒക്കെ ചേര്‍ന്ന് പിശാചവല്‍ക്കരിച്ച ഇടങ്ങള്‍.

കെ.കെ. കൊച്ച്

തിരുവനന്തപുരം നഗരത്തിലെ ചെങ്കല്‍ചൂള കോളനിക്ക് രാജാജി നഗര്‍ എന്ന് പേരിട്ടിട്ട് അവിടത്തെ സാമൂഹിക ജീവിതത്തിന് എന്തെങ്കിലും വ്യതിയാനം ഉണ്ടായോ എന്നതും പേരുമാറ്റചര്‍ച്ചകളില്‍ ചേര്‍ത്തുവയ്‌ക്കേണ്ടതുണ്ട്.

പെരിഫറലായ പേരുമാറ്റങ്ങളെ എത്രയോ മുന്നേ പൊയ്കയിലപ്പച്ചന്‍ പ്രശ്‌നവല്‍ക്കരിച്ചിട്ടുണ്ട്, ആ കവിത ചേര്‍ക്കുന്നു

‘പുലയരെല്ലാരും കൂടി ചേരമരായാലെന്താ പുലയന്റെ പുലമാറുമോ?
ഈ കേരളത്തില്‍
അതിനൊരു ശുഭം വരുമോ?
പറയരെല്ലാരും കൂടി സാബവരായാലെന്താ?
പറയന്റെ പഴിമാറുമോ?
ഈ കേരളത്തില്‍
അതിനൊരു ശുഭം വരുമോ?
കുറവരെല്ലാരും കൂടി സിദ്ധനരായാലെന്താ കുറവന്റെ കുറമാറുമോ?
ഈ കേരളത്തില്‍
അതിനൊരു ശുഭം വരുമോ?’

പൊതുസമൂഹത്തിന്റെ മനോഘടനയില്‍ മറ്റംവരുത്താതെയും, താഴ്ത്തപ്പെട്ട മനുഷ്യരുടെ ഭൗതിക ജീവിതം മെച്ചപ്പെടുത്താതെയുള്ള കേവല പേരുമാറ്റിവിളികളെയാണ് പൊയ്കയില്‍ അപ്പച്ചന്‍ ഈ കവിതയിലൂടെ പ്രശ്‌ന വല്ക്കരിക്കുന്നത്.

പൊയ്കയില്‍ അപ്പച്ചന്‍

മിക്കവാറും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പ്രസംഗിക്കുന്നത് തങ്ങള്‍ ദളിതരുടെ കണ്ണല്ലാത്തതെല്ലാം പൊന്നാക്കിയിരിക്കുന്നു എന്ന പെരും നുണയാണ് . ഭൂപരിഷ്‌കരണത്തിന്റെ അനുബന്ധ ചേരുകളായി ഓരോ പഞ്ചായത്തിലും ഇരുപതിലേറെ ദളിത്കോളനികള്‍ നിലനില്‍ക്കുമ്പോഴും ഇത്തരം നുണകള്‍ പ്രചരിപ്പിക്കുന്നതില്‍ എക്കാലത്തും ഇടതുപക്ഷ നേതാക്കള്‍ മുന്നില്‍ തന്നെയാണ്.

ഇത്തരം നുണകളിലൂടെ സ്ഥാപിച്ചെടുക്കുന്ന രക്ഷാകര്‍ത്തൃത്ത്വത്തിലാണ് ദളിതര്‍ക്ക് മുകളിലുള്ള അവരുടെ നവമേലാളത്വം നിലനിര്‍ത്തിപ്പോരുന്നതും.

പരശുരാമന്‍ മഴുവെറിഞ്ഞു കേരളമുണ്ടാക്കി ബ്രാഹ്മണര്‍ക്ക് കൊടുത്തു എന്ന മിത്ത് കഴിഞ്ഞാല്‍, കമ്മ്യൂണിസ്റ്റുകള്‍ അരിവാളെറിഞ്ഞ് ഭൂമിയുണ്ടാക്കി ദളിതര്‍ക്ക് കൊടുത്തു എന്ന മിത്തിനാണ് കൂടുതല്‍ പ്രചാരമുള്ളത്. രണ്ടും സവര്‍ണ്ണാധികാര സംസ്ഥാപനാര്‍ത്ഥം കേരളം പാലിച്ചുപോരുന്ന കെട്ടുകഥകളാണ്.

എന്നാല്‍ അത്തരം പെരുംനുണകളുടെ തനിയാവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ തയ്യാറാവുന്നില്ല എന്നതും പ്രത്യാശാജനകമാണ്. മന്ത്രിസ്ഥാനം രാജിവച്ച് നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം ഭൂപരിഷ്‌കരണത്തിന് ശേഷവും നിലനില്‍ക്കുന്ന ദളിത് / ആദിവാസി വിഭാഗങ്ങളുടെ ഭൂരാഹിത്യത്തെ തുറന്നു സമ്മതിക്കുന്നുണ്ട്. പദ്ധതികള്‍ ഏറെയും കൃഷിവകുപ്പ് മുഖേനയാണെന്നും കൃഷി വകുപ്പ് വിത്തും ചെടികളും നല്‍കിയാല്‍ അത് നട്ടുവയ്ക്കാന്‍ ദളിതര്‍ക്ക് തുണ്ടു പോലും ഭൂമിയില്ല എന്നദ്ദേഹം തുറന്നുസമ്മതിക്കുന്നു .

ഇതര ഇടത് നേതാക്കളെ പോലെ കണ്‍മുന്നിലുള്ള സത്യത്തെ അദ്ദേഹം നിഷേധിക്കുന്നില്ല എന്നതാണ് പ്രധാനം.
പേരുമാറ്റത്തോടൊപ്പം കേരളത്തിലെ ദളിതരുടെ ഭൂസമരങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങളെ നീതിപൂര്‍വം നോക്കിക്കാണാനും ദളിതരുടെ ഭൂപ്രശ്‌നം പരിഹരിച്ച് ജാതിജയില്‍ സമമായകോളനികള്‍ ഇല്ലാതാക്കുകയും ചെയ്യുക എന്ന പ്രക്രീയയാണ് പേരുമാറ്റത്തിന്റെ തുടര്‍ച്ചയില്‍ കേരളത്തിലിനി വേണ്ടത്.

content highlights: Dr. A.K. Vasu writes About changing the name of Colony in Kerala