'പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലും'; മിനിയാപോളിസിലെ പ്രതിഷേധക്കാരെ അവഹേളിച്ചും ഭീഷണിപ്പെടുത്തിയും ട്രംപ്
Worldnews
'പ്രതിഷേധിക്കുന്നവരെ വെടിവെച്ചു കൊല്ലും'; മിനിയാപോളിസിലെ പ്രതിഷേധക്കാരെ അവഹേളിച്ചും ഭീഷണിപ്പെടുത്തിയും ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th May 2020, 3:23 pm

വാഷിംഗ്ടണ്‍: അമേരിക്കയിലെ മിനിയാപോളിസിലെ തെരുവുകളില്‍ പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തിയും അവഹേളിച്ചും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

മഹത്തായ അമേരിക്കന്‍ നഗരത്തില്‍ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നത് കയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ തന്നെക്കൊണ്ട് പറ്റില്ലെന്നാണ് ട്രംപ് പറഞ്ഞത്. തെരുവുകളില്‍ പ്രതിഷേധിക്കുന്നവര്‍ കൊള്ളക്കാരാണെന്നും ട്രംപ് ആരോപിച്ചു.

കൊള്ളയടി തുടര്‍ന്നാല്‍ വെടിവെപ്പ് ആരംഭിക്കും എന്നാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ട്രംപ് ഉയര്‍ത്തിയ ഭീഷണി.

‘ഈ കൊള്ളക്കാര്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ ഓര്‍മകളെ അപകീര്‍ത്തിപ്പെടുത്തുകയാണ്. ഇത് ഞാന്‍ അനുവദിക്കില്ല. ടിം വാല്‍സിലെ ഗവര്‍ണറുമായി സംസാരിക്കുകയും അദ്ദേഹത്തിനൊപ്പം സൈന്യം ഉണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഏത് പ്രതിസന്ധിയും നിയന്ത്രിക്കാമെന്നാണ് കരുതുന്നത്. എപ്പോള്‍ കൊള്ളയടി ആക്രമണം നടക്കുന്നോ അപ്പോള്‍ ഷൂട്ടിംഗ് നടക്കും,’ ട്രംപ് ട്വീറ്റ് ചെയ്തു.

ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പൊലീസിന്റെ അതിക്രമത്തെത്തുടര്‍ന്ന് മരിച്ച സംഭവത്തിന് പിന്നാലെയാണ് മിനിയാപൊളിസില്‍ പ്രതിഷേധം ഉടലെടുത്തത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് സ്റ്റേഷന്‍ തീയിട്ടുകത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

നിരായുധനായ കറുത്ത വര്‍ഗക്കാരനായ ഫ്ളോയിഡിനെ അമേരിക്കന്‍ പൊലീസ് കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വസം മുട്ടിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

ഫ്‌ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

‘ താങ്കളുടെ മുട്ട് എന്റെ കഴുത്തിലാണ്…എനിക്ക് ശ്വാസം എടുക്കാന്‍ കഴിയുന്നില്ല” എന്ന് ഫ്ളോയിഡ് പൊലീസിനോട് കരഞ്ഞു പറഞ്ഞിരുന്നെങ്കിലും പൊലീസ് ചെവികൊ
ണ്ടില്ല.

കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെ ഇതിന് മുന്‍പും അമേരിക്കയില്‍ വ്യാപകമായി പൊലീസ് അതിക്രമം നടന്നിട്ടുണ്ട്.

മാര്‍ച്ച് 13-നു ലൂയിസ്വില്ലയില്‍ പൊലീസുകാര്‍ കറുത്ത വര്‍ഗക്കാരിയായ ബ്രയോണ ടെയ്‌ലറിന്റെ വീട്ടില്‍ കയറി വെടിവെച്ചിരുന്നു.

യു.എസില്‍, ആഫ്രിക്കന്‍ -അമേരിക്കക്കാര്‍ വെളുത്തവര്‍ഗക്കാരെക്കാള്‍ 2.5 ഇരട്ടി പൊലീസിനാല്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട് 2019 ലെ ഒരു പഠനത്തില്‍ സൂചിപ്പിച്ചിരുന്നു.

ആയിരം കറുത്തവര്‍ഗക്കാരില്‍ ഒരാള്‍ പൊലീസിനാല്‍ കൊല്ലാപ്പെടാനുള്ള അപകട സാധ്യത ഉണ്ടെന്ന് പ്രൊസീഡിംഗ്സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പഠനത്തില്‍ പറയുന്നുണ്ട്.