Advertisement
Rahul Gandhi
രാഹുലിനെ പരിഹസിക്കാന്‍ മോദിക്ക് അവകാശമില്ല; മോദിയെപ്പോലെ പ്രധാനമന്ത്രിയാവാന്‍ രാഹുലിനും അര്‍ഹതയുണ്ടെന്ന് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 09, 02:42 pm
Wednesday, 9th May 2018, 8:12 pm

മുംബൈ: രാഹുലിനെ പരിഹസിക്കാന്‍ നരേന്ദ്ര മോദിക്ക് അവകാശമില്ലെന്ന് ശിവസേന. പ്രധാനമന്ത്രിയാവാന്‍ തയ്യാറാണെന്ന രാഹുലിന്റെ പ്രസ്താവനയെ പരിഹസിച്ച മോദിയുടെ നടപടി തെറ്റാണെന്നാണ് ശിവസേന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ചയ് റവത്ത് പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ധാര്‍ഷ്ട്യമാണെന്നും മോദി പറഞ്ഞിരുന്നു.

“മോദിക്ക് പ്രധാനമന്ത്രിയാവാന്‍ അവകാശമുള്ളത്രയും മറ്റുള്ളവര്‍ക്കുമുണ്ട്. അതിന്റെ പേരില്‍ മറ്റുള്ളവരെ പരിഹസിക്കരുത്. യഥാര്‍ത്ഥത്തല്‍ 2014ല്‍ എല്‍.കെ അദ്വാനിയായിരുന്നു പ്രധാനമന്ത്രിയാവേണ്ടിയരുന്നത്”- റാവത്ത് പറഞ്ഞു.


Read | കൊച്ചിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരണപ്പെട്ടു


രാഹുലിനെ പ്രധാനമന്ത്രിയാവുന്നതില്‍ നിന്ന് തടയാന്‍ മോദിക്ക് ചെയ്യാവുന്ന ഏക കാര്യം രാഹുലിനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയാണെന്നും അദ്ദേഹത്തെ പരിഹസിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ്. 2014ലെ അസാധാരണമായ അന്തരീക്ഷത്തിലാണ് അവര്‍ പരാജയപ്പെട്ടത്. യു.പി.എയിലെ അംഗങ്ങള്‍ക്കാണ് രാഹുലിന്റെ കാര്യത്തില്‍ തീരുമാനം പറയാന്‍ അധികാരമെന്നും റാവത്ത് ചൂണ്ടിക്കാട്ടി.

ശിവസേനയുടെ അഭിപ്രായത്തില്‍ ശരത് പവാറിനും അരുണ്‍ ജെയ്റ്റ്‌ലിക്കും അദ്വാനിക്കും മോദിയുടെ അത്രയും അര്‍ഹത പ്രധാനമന്ത്രി സ്ഥാനത്തേക്കുണ്ടെന്നും റാവത്ത് പറഞ്ഞു.


Read | ദല്‍ഹിയിലെ അക്ബര്‍ റോഡിന്റെ പേര് മഹാറാണ പ്രതാപ് റോഡ് എന്നാക്കിമാറ്റിയതായി പോസ്റ്റര്‍


കഴിഞ്ഞ ചൊവ്വാഴ്ചയാണ് സമൃദ്ധ ഭാരത് ഫൗണ്ടേഷന്‍ ഉദ്ഘാടന സമ്മേളനത്തിനിടെയാണ് 2019 തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പ്രധാനമന്ത്രിയാവാന്‍ തയ്യാറാണെന്ന് രാഹുല്‍ പറഞ്ഞത്. രാഹുലിന്റെ പ്രസ്താവനയെ പരിഹസിച്ച് ബി.ജെ.പിയും മോദിയും രംഗത്തെത്തിയിരുന്നു.

പ്രസ്താവന രാഹുലിന്റെ ധാര്‍ഷ്ട്യമാണെന്നാണ് മോദി പറഞ്ഞത്. നിരവധി വര്‍ഷത്തെ അനുഭവ സമ്പത്തുള്ളവരെ തട്ടി സ്വയം മുന്നില്‍ കയറി നില്‍ക്കുകയാണ് രാഹുല്‍ എന്നും മോദി ആരോപിച്ചിരുന്നു.