Advertisement
Entertainment
ലാലേട്ടന്റെ ഗ്രേറ്റ്‌നസാണത്; പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്: ദിവ്യ ഉണ്ണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 27, 07:19 am
Wednesday, 27th November 2024, 12:49 pm

രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉസ്താദ്. രഞ്ജിത്തും ഷാജി കൈലാസും ചേര്‍ന്ന് നിര്‍മിച്ച ഈ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. അദ്ദേഹത്തിന് പുറമെ ദിവ്യ ഉണ്ണി, ഇന്ദ്രജ, നരേന്ദ്ര പ്രസാദ്, എന്‍.എഫ്. വര്‍ഗീസ്, രാജീവ്, വിനീത് തുടങ്ങിയ മികച്ച താരനിരയായിരുന്നു ഈ സിനിമയില്‍ ഒന്നിച്ചത്.

ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയ ഉസ്താദ് തീയേറ്ററുകളില്‍ 100 ദിവസത്തിലധികം ഓടുകയും ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായി മാറുകയും ചെയ്തിരുന്നു.

സിനിമയില്‍ മോഹന്‍ലാലിന്റെ പെങ്ങളായാണ് നടി ദിവ്യ ഉണ്ണി അഭിനയിച്ചത്. ഉസ്താദ് സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും പറയുകയാണ് ദിവ്യ. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ലാലേട്ടന്റെ ഒപ്പമുള്ള ഷൂട്ടിങ്ങ് അനുഭവങ്ങളൊക്കെ എന്നും ഓര്‍ത്തു വെക്കുന്നതാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുക എന്നത് വലിയ ഭാഗ്യം തന്നെയാണ്. ലാലേട്ടന്റെ ഒപ്പം ഒരേ സ്‌ക്രീനില്‍ വന്നു നില്‍ക്കുകയാണ് നമ്മള്‍. ആ സമയത്ത് നമ്മളെ വളരെ കംഫേര്‍ട്ടബിള്‍ ആക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

എന്റെ പ്രീ ഡിഗ്രി – ഡിഗ്രി സമയത്താണ് ഉസ്താദില്‍ ഞാന്‍ അഭിനയിക്കുന്നത്. അത്രയും വലിയ ആക്ടറിന്റെ ഒപ്പമാണ് ആ സിനിമ ചെയ്യുന്നതെന്ന് ഓര്‍ക്കണം. പിന്നെ ആ സിനിമയിലെ കെമിസ്ട്രിയെ കുറിച്ച് ചോദിച്ചാല്‍, ഞങ്ങള്‍ക്കിടയില്‍ അന്നുണ്ടായ കെമിസ്ട്രി നമ്മളായി ഉണ്ടാക്കിയെടുത്തത് ആയിരുന്നില്ല.

അത് ലാലേട്ടന്റെ ഗ്രേറ്റ്‌നസും സിബി സാറിന്റെ ഡയറക്ഷനും രഞ്ജിത്ത് സാറിന്റെ സ്‌ക്രിപ്റ്റുമൊക്കെയാണ്. അവരുടെ ആ ഗ്രേറ്റ്‌നസ് നമ്മളിലൂടെ റിഫ്‌ളക്ട് ചെയ്തുവെന്നേയുള്ളൂ. അല്ലാതെ അതിനായി കൂടുതലൊന്നും ഞാന്‍ ചെയ്തിരുന്നില്ല,’ ദിവ്യ ഉണ്ണി പറയുന്നു.


Content Highlight: Divya Unni Talks About Mohanlal And Ustaad Movie