ലഖ്നൗ: വീണ്ടും വിവാദപരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അച്ചടക്കം ഹിന്ദുക്കളില്‍ നിന്ന് പഠിക്കണമെന്നും പൊതുനിരത്തുകള്‍ നിസ്‌കരിക്കാനുള്ള ഇടമല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് യു.പി മുഖ്യമന്ത്രിയുടെ പരാമര്‍ശം.
‘പൊതുനിരത്തുകള്‍ നടക്കാനുള്ളതാണ്. നിസ്‌കരിക്കാനുള്ള സ്ഥലമല്ല. അച്ചടക്കം ഹിന്ദുക്കളില്‍ നിന്ന് പഠിക്കണം. ആഘോഷങ്ങളും ഉത്സവങ്ങളും ധിക്കാരം കാണിക്കാനുള്ള അവസരമല്ല,’ യോഗി ആദിത്യനാഥ് പറഞ്ഞു.
സൗകര്യങ്ങള്‍ വേണമെങ്കില്‍ അച്ചടക്കം പാലിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. യു.പിയിലെ പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേള ചൂണ്ടിക്കാട്ടിയാണ് യോഗിയുടെ വിവാദ പ്രസ്താവന.
ഒരു രീതിയിലുമുള്ള അക്രമസംഭവങ്ങളും ക്രമക്കേടുകളും നടക്കാതെ 66 കോടി ഭക്തരാണ് കുംഭമേളയില്‍ പങ്കെടുത്തതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കുംഭമേളക്കിടയില്‍ എവിടെയും തീവെപ്പോ പീഡനമോ കൊള്ളയടിയോ തട്ടിക്കൊണ്ടുപോകലോ അത്തരത്തില്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അതാണ് അച്ചടക്കമെന്നും യോഗി പറഞ്ഞു.
കുംഭമേളയില്‍ സ്ഥാപിച്ചിരുന്ന ടെന്റുകള്‍ക്ക് വ്യപകമായി തീപിടിക്കുകയും മുസ്‌ലിങ്ങളായ കച്ചവടക്കാര്‍ക്കെതിരെ നിരന്തരമായി ആക്രമണങ്ങള്‍ ഉണ്ടാകുകയും അനേകം ആളുകളുടെ മരണത്തിന് കാരണമായ അപകടങ്ങള്‍ നടക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് യോഗിയുടെ പരാമര്‍ശം.
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലുടനീളമായി ഈദ് നമസ്‌ക്കാരവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഭരണകൂടങ്ങള്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രമേ നിസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പാടുള്ളുവെന്നായിരുന്നു നിര്‍ദേശം.
യു.പിയില്‍ ഡ്രോണ്‍ നിരീക്ഷണം അടക്കം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ മീററ്റില്‍ ഒരു ഏറ്റുമുട്ടലുണ്ടാകുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിനിടെ മീററ്റിലെ മുസ്‌ലിം പള്ളിക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ പാരായണം ചെയ്യുകയും സാമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത ഹിന്ദു സംഘടനാ നേതാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഓള്‍ ഭാരതീയ ഹിന്ദു സുരക്ഷാ സന്‍സ്ഥാന്റെ ദേശീയ പ്രസിഡന്റാണെന്ന് അവകാശപ്പെടുന്ന സച്ചിന്‍ സിരോഹിക്കെതിരെയും തിരിച്ചറിയാത്ത ചില ആളുകള്‍ക്കെതിരെയുമാണ് കേസെടുത്തത്.
സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് യു.എ.പി.എ പ്രകാരം സച്ചിന്‍ സിരോഹിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്‌ലിമീന്‍ പ്രതിനിധി സംഘം മീററ്റ് സീനിയര്‍ പൊലീസ് സൂപ്രണ്ട് വിപിന്‍ താഡയെ കാണുകയും ചെയ്തിരുന്നു.
Content Highlight: Discipline should be learned from Hindus: Yogi Adityanath