ഉയിര്‍, ഉലകമെന്ന് കുട്ടികളെ വിളിക്കാന്‍ കാരണമുണ്ട്; ഇപ്പോള്‍ വീട്ടില്‍ വലിയ കണ്‍ഫ്യൂഷനാണ്: വിഘ്‌നേഷ് ശിവന്‍
Entertainment news
ഉയിര്‍, ഉലകമെന്ന് കുട്ടികളെ വിളിക്കാന്‍ കാരണമുണ്ട്; ഇപ്പോള്‍ വീട്ടില്‍ വലിയ കണ്‍ഫ്യൂഷനാണ്: വിഘ്‌നേഷ് ശിവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th April 2023, 12:22 pm

തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഉയിര്‍, ഉലകം എന്ന് പേരിടാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ വിഷ്‌നേഷ് ശിവന്‍. താനും നയന്‍താരയും ബേബി, ഡിയര്‍ എന്നൊന്നും പരസ്പരം വിളിക്കാറില്ലെന്നും ഉയിര്‍, ഉലകം എന്നാണ് പരസ്പരം വിളിക്കാറുള്ളതെന്നും അതുകൊണ്ട് കുഞ്ഞുങ്ങളെയും ആദ്യം അതുപോലെ വിളിച്ചതാണെന്നും വിഘ്‌നേഷ് പറഞ്ഞു.

തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പേര് കുഞ്ഞുങ്ങള്‍ക്ക് ഇടുകയായിരുന്നെന്നും ആരെങ്കിലും പറയുന്നത് അനുസരിച്ച് പേര് വെക്കാന്‍ കഴിയില്ലെന്നും വിഘ്‌നേഷ് പറഞ്ഞു. കുട്ടികളുടെ പുതിയ പേരിനെക്കുറിച്ചും വിഘ്‌നേഷ് സംസാരിച്ചു. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”വലിയ പ്രത്യേകതകളുള്ള പേരാണ് കുട്ടികള്‍ക്ക് വെച്ചത് എന്ന് എല്ലാവരും പറയുന്നു. ആ കാര്യം എനിക്ക് മനസിലാവുന്നില്ല. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഉയിര്‍, ഉലകം എന്ന് തന്നെയാണ് വിളിക്കുക.

അതായത് നയന്‍താരയെ ഞാന്‍ ഉയിര്‍ എന്നാണ് വിളിക്കുക. തിരിച്ച് എന്നെയും ഉയിര്‍, ഉലകം എന്നാണ് നയന്‍ വിളിക്കുക. ഡിയര്‍, ബേബി എന്നൊന്നും ഞങ്ങള്‍ വിളിക്കാറില്ല. കുട്ടികള്‍ക്ക് പേര് ഇടേണ്ട സമയത്ത് എന്ത് പേര് വെക്കുമെന്ന് ഞങ്ങള്‍ കുറേ ആലോചിച്ചു.

നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും ഉയിര്‍, ഉലകം എന്നൊക്കെയല്ലേ വിളിക്കുന്നത്. ഇതുതന്നെ എന്തുകൊണ്ട് നമ്മുടെ കുട്ടികളെയും വിളിച്ചുകൂടെന്ന് പെട്ടെന്ന് മനസില്‍ തോന്നി. നമ്മളുടെ പ്രതിഫലനം തന്നെയാണല്ലോ അവര്‍.

ആ സമയത്ത് എനിക്ക് പെട്ടെന്ന് തോന്നിയതാണ് ആ പേരുകള്‍. എന്നാല്‍ ഇപ്പോള്‍ വീട്ടില്‍ ഭയങ്കര കണ്‍ഫ്യൂഷനാണ് വീട്ടില്‍ അവള്‍ ഉയിര്‍ എന്ന് വിളിക്കുമ്പോള്‍ ഞാനും നോക്കും കുഞ്ഞും നോക്കും.

അത്രമാത്രമേ ഉള്ളൂ, ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും അതുപോലെയാണ് വിളിക്കുക. അതുകൊണ്ട് അതേ പേര് തന്നെ കുട്ടികള്‍ക്കും വെച്ചു. പിന്നെ അതിന് ശേഷം നല്ല പേര് ഞങ്ങള്‍ മക്കള്‍ക്ക് ഇട്ടു. ഒരാള്‍ക്ക് രുദ്രോനീല്‍ എന്നും മറ്റേയാള്‍ക്ക് ദൈവിഗ് എന്നും വെച്ചു.

ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പേര് കുഞ്ഞിന് ഇട്ടു. അത് ഞങ്ങളുടെ ഇഷ്ടമാണ്. ആരെങ്കിലും പറയുന്നത് കേട്ട് എന്റെ കുട്ടികള്‍ക്ക് പേര് വെക്കണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ പറ്റില്ലല്ലോ. ഞങ്ങളുടെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള പേര് വെക്കും. ഇപ്പോള്‍ ഇട്ട പേരുകള്‍ ബംഗോളി മിക്‌സ് ചെയ്തിട്ടുള്ളതാണ്. നയന്‍താര എന്നത് ബംഗോളി പേരാണ്,” വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.

content highlight: director vignesh sivan about his and nayanthar son’s name