ബാലേട്ടന്‍ സിനിമയുടെ ഷൂട്ടിങ് അനുഭവവും തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ഒരു നഷ്ടത്തെ കുറിച്ചും പറയുകയാണ് സംവിധായകന്‍ വി.എം. വിനു. തന്റെ യൂ ട്യൂബ് ചാനലിലെ ഫ്‌ളാഷ് കട്ട് എന്ന പരിപാടിയിലായിരുന്നു ബാലേട്ടന്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള തന്റെ അനുഭവങ്ങള്‍ വി.എം. വിനു പങ്കുവെച്ചത്. ബാലേട്ടന്‍ സിനിമയില്‍ നെടുമുടി വേണുവിന്റെ കഥാപാത്രം മരിക്കുന്ന ആ രംഗം താന്‍ ഷൂട്ട് ചെയ്യുന്ന അതേ സമയം തന്റെ അച്ഛനും മരണത്തോട് മല്ലിടുകയായിരുന്നെന്നും താന്‍ എത്തുന്നത് കാത്തുനില്‍ക്കാതെ അച്ഛന്‍ പോയെന്നും വി.എം. വിനു പറയുന്നുണ്ട്.
”നെടുമുടി വേണുവിന്റേയും മോഹന്‍ലാലിന്റേയും കഥാപാത്രം വയലിലൂടെ നടന്നുപോകുന്നതും തുടര്‍ന്ന് തനിക്ക് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്ന് മോഹന്‍ലാലിനോട് പറയുന്നതുമായ സീനാണ് എടുക്കുന്നത്. ഭയങ്കര ഫീലുള്ള സീനാണ്. മകനെ പറഞ്ഞ് വിശ്വസിപ്പിക്കാന്‍ കഴിയാതെ ഹൃദയസ്തംഭനം വന്ന് വേണുവേട്ടന്റെ കഥാപാത്രം താഴെ വീഴുകയും മോഹന്‍ലാല്‍ അച്ഛനെ എടുത്ത് മടിയില്‍ വെച്ച് അച്ഛാ എന്ന് വിളിച്ച് കരയുന്നതുമായ രംഗമാണ്.
ഭയങ്കര ക്രൗഡാണ് ചുറ്റുമുള്ളത്. ആളുകളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അഞ്ചോ ആറോ റിഹേഴ്‌സല്‍ എടുത്തു. അത്രയും ഗംഭീരമായി രണ്ടുപേരും അഭിനയിക്കുകയാണ്. സീന്‍ കഴിഞ്ഞതോടെ ചുറ്റും കൂടി നിന്നവരൊക്കെ കയ്യടിക്കുകയാണ്. ഇത് കണ്ടതോടെ എനിക്ക് ഭയങ്കര സന്തോഷമായി. ഞാന്‍ വേണു ഏട്ടനെ പോയി കെട്ടിപ്പിടിച്ചു.
അതിന് ശേഷം തീപ്പെട്ടിക്കമ്പനിയില്‍ നിന്നുള്ള ഒരു വലിയ സീനാണ് എടുക്കാനുള്ളത്. റിയാസ് ഖാനുമൊത്തുള്ളതാണ് അത്. അത് കൂടി കഴിഞ്ഞാല്‍ പിറ്റേ ദിവസം ക്ലൈമാക്‌സ് പ്ലാന്‍ ചെയ്തിരുന്നു. ഈ സീന്‍ എടുക്കുമ്പോള്‍ എന്റെ ഫോണ്‍ സ്യുച്ച് ഓഫ് ആയിരുന്നു. സീന്‍ എടുത്ത ശേഷം ഞാന്‍ ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ തന്നെ ഭാര്യയുടെ കോള്‍ വരികയാണ്.
അവളെ സംസാരിക്കാന്‍ അനുവദിക്കാതെ ഞാന്‍ ഇന്നെടുത്ത സീനിനെ കുറിച്ചും അത് ഗംഭീരമായതിനെ കുറിച്ചും പറഞ്ഞു. എന്നാല്‍ മറുതലയ്ക്കല്‍ നിന്ന് അവളുടെ ഒരു തേങ്ങലാണ് ഞാന്‍ കേട്ടത്. എന്ത് പറ്റിയെന്ന് പരിഭ്രമത്തോടെ ചോദിച്ചപ്പോള്‍ അച്ഛന്‍ മരിച്ചു പോയെന്ന വാര്‍ത്തയായിരുന്നു അവള്‍ പറഞ്ഞത്.
ഞാന്‍ ഇവിടെ ഈ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എന്റെ അച്ഛന്‍ അവിടെ മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അത് എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. ഞാന്‍ തകര്‍ന്നുപോയി. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല.
ഈ സീനും കൂടി എടുത്ത് നിര്‍ത്താമെന്ന് നിര്‍മാതാവ് പറഞ്ഞെങ്കിലും പറ്റില്ലെന്ന് മോഹന്‍ലാല്‍ തീര്‍ത്തു പറഞ്ഞു. ഡയറക്ടര്‍ ഈ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ഈ സീനെടുക്കേണ്ടെന്ന് ലാല്‍ പറഞ്ഞു. അദ്ദേഹം ആദ്യം പോകട്ടെ. കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ആലോചിക്കാമെന്നായി ലാല്‍. അങ്ങനെ ഞാന്‍ എന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.
ഞാന്‍ പോകുമ്പോള്‍ ചാരുകസേരയില്‍ എന്നെ നോക്കി ഇരുന്ന അച്ഛന്‍ ഒരു വെള്ളപ്പുതപ്പില്‍ ഒതുങ്ങിയ കാഴ്ച കണ്ട് ഞാന്‍ തകര്‍ന്നുപോയി.
അച്ഛന്റെ അടുത്ത് ചെന്ന് കുറേ നേരം അദ്ദേഹത്തെ നോക്കിയിരുന്നു. മോഹന്‍ലാലിനെ ഒന്ന് നേരില്‍ കാണണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. അത് എനിക്ക് ചെയ്ത് തരാന്‍ പറ്റിയില്ലല്ലോ, എന്തേ ഇത്ര നേരത്തേ പോയത് എന്ന് ഞാന്‍ മനസില്‍ ചോദിച്ചു. അച്ഛന്‍ എന്നോട് സംസാരിക്കുന്നതായി അപ്പോള്‍ തനിക്ക് തോന്നി.
ഇതിനിടെ മോഹന്‍ലാല്‍ വിളിച്ചിട്ട് തിരക്കിട്ട് വരേണ്ടതില്ലെന്നും സമയമെടുത്ത് ചടങ്ങുകള്‍ തീര്‍ത്ത് വന്നാല്‍ മതിയെന്നും ഞങ്ങളൊക്കെ ഇവിടെ ഉണ്ടെന്നും പറയുന്നുണ്ട്.
എന്നാല്‍ ജോലിയാണ് പ്രധാനമെന്നും മറ്റൊന്നിന്റേയും പേരില്‍ അതിന് മുടക്കം വരരുതെന്നും അച്ഛന്‍ പറയുമായിരുന്നു കാര്യം ഞാന്‍ ലാലിനോടും പറഞ്ഞു.
അങ്ങനെ അമ്മ പറഞ്ഞതുപ്രകാരം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ചടങ്ങുകള്‍ തീര്‍ത്ത് അച്ഛന്റെ ഓര്‍മ്മകളുമായി താന്‍ തിരിച്ച് ലൊക്കേഷനിലേക്ക് പോയി. എന്നാല്‍ അവിടെ എത്തിയിട്ടും ക്ലൈമാക്‌സില്‍ എങ്ങനെ ഷോട്ട് വെക്കണമെന്ന കാര്യം പോലും എന്റെ മനസില്‍ വന്നില്ല.
പിന്നീട് ക്ലൈമാക്‌സ് സീന്‍ എടുക്കാതെ ഇന്നലെ എന്റെ നെഞ്ചിലേ എന്ന പാട്ടിന്റെ സീനെടുക്കുകയായിരുന്നു ഞാന്‍. എന്റെ അച്ഛനെ കുറിച്ചോര്‍ക്കുമ്പോള്‍ മനസില്‍ വന്ന കാര്യങ്ങളൊക്കെയായിരുന്നു ആ ഗാനരംഗത്ത് ഞാന്‍ ഉള്‍പ്പെടുത്തിയത്,”വി.എം. വിനു പറഞ്ഞു.