'നാടിന്റെ തിന്മ സിനിമയാക്കി വിലസുന്നവര്‍ നന്മമരത്തെ മുറിച്ചാല്‍ കോടതി മൗനം പാലിക്കുകയാണോ വേണ്ടത്'അടൂര്‍ ഗോപാലകൃഷ്ണനെ പരിഹസിച്ച് സംവിധായകന്‍ സോഹന്‍ റോയ്
Kerala News
'നാടിന്റെ തിന്മ സിനിമയാക്കി വിലസുന്നവര്‍ നന്മമരത്തെ മുറിച്ചാല്‍ കോടതി മൗനം പാലിക്കുകയാണോ വേണ്ടത്'അടൂര്‍ ഗോപാലകൃഷ്ണനെ പരിഹസിച്ച് സംവിധായകന്‍ സോഹന്‍ റോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th October 2019, 1:28 pm

കൊച്ചി: ആള്‍ക്കൂട്ട ആക്രമണവും കൊലപാതകങ്ങളും രാജ്യത്ത് വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് വിവാദമായിരുന്നു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇപ്പോഴിതാ അടുരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നിര്‍മ്മാതാവുമായ സോഹന്‍ റോയ്. രാജ്യദ്രോഹക്കത്ത് എന്ന പേരിലുള്ള കവിത അടൂരിന്റെ കാരിക്കേച്ചറോടെയാണ് സോഹന്‍ റോയ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘നാടിന്റെ തിന്മ സിനിമയാക്കി നാടായ നാടൊക്കെ കാട്ടി വിലസുന്നവര്‍, നന്മമരത്തെ മുറിച്ചാല്‍ നാട്ടിലെ കോടതി മൗനം പാലിക്കുകയാണോ വേണ്ടത്’ എന്നാണ് കവിത.

‘പോയറ്റ് ട്രോള്‍’ എന്ന തന്റെ ഹൈക്കു സീരീസിലൂടെയാണ് സോഹന്‍ റോയിയുടെ പരിഹാസം. ഫിലിം പാമ്പിന്റെ രൂപത്തില്‍ അടൂരിനെ ചുറ്റിയിരിക്കുന്നതും അടൂര്‍ പാമ്പിനെ ലാളിക്കുന്നതായും ചിത്രീകരിക്കുന്ന കാരിക്കേച്ചറും കവിതയ്ക്കൊപ്പം നല്‍കിയിട്ടുണ്ട്.

‘ഡാം 999’ സിനിമയുടെ സംവിധായകനാണ് സോഹന്‍ റോയ്. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് അടൂര്‍ അടക്കമുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്‌നം, ചലച്ചിത്ര പ്രവര്‍ത്തകരായ രേവതി, അപര്‍ണാ സെന്‍ തുടങ്ങി 49 പേര്‍ക്കെതിരെ എഫ.ഐ.ആര്‍ ഉണ്ട്.

കത്ത് വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നതാണെന്ന ആരോപണമാണ് പരാതിയിലുള്ളത്. പ്രമുഖര്‍ പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നതായും പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതായും സുധീര്‍ കുമാര്‍ പരാതിയില്‍ ആരോപിക്കുന്നത്.

രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജയ് ശ്രീറാം ഇപ്പോള്‍ പോര്‍വിളി ആയി മാറിയിട്ടുണ്ടെന്നും മുസ്ലികള്‍ക്കും ദളിതുകള്‍ക്കുമെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്കയുണ്ടെന്നും കാണിച്ച് ജൂലായിലാണ് 50 ഓളം സാഹിത്യ-ചലച്ചിത്ര പൊതുരംഗത്തെ പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ ‘നിങ്ങള്‍ എന്തു നടപടിയെടുത്തെന്ന ചോദ്യം കത്തില്‍ ഉന്നയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ