Advertisement
Entertainment
ഇന്ത്യന്‍ 2വില്‍ എ.ആര്‍ റഹ്‌മാനെ വിളിക്കാത്തതിന്റെ കാരണം അതാണ്: ഷങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 06, 04:34 pm
Saturday, 6th July 2024, 10:04 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇന്ത്യന്‍ 2. 1996ല്‍ ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ വന്ന ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ചിത്രം. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയതിനൊപ്പം ഇന്‍ഡസ്ട്രി ഹിറ്റായി മാറാനും ഇന്ത്യന് സാധിച്ചു. സേനാപതി എന്ന കഥാപാത്രം ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. 2019ല്‍ അനൗണ്‍സ് ചെയ്ത ഇന്ത്യന്‍ 2 ഒരുപാട് പ്രയാസങ്ങള്‍ക്ക് ശേഷം ജൂലൈയില് തിയേറ്ററുകളിലെത്തുകയാണ്.

സിനിമാപ്രേമികളെ ഞെട്ടിച്ച കാസ്റ്റും ക്രൂവുമാണ് ചിത്രത്തിലേത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ചിത്രത്തിന്റെ സംഗീതം അനിരുദ്ധിനെ ഏല്പിച്ചത്. ആദ്യ ഭാഗത്തിന് സംഗീതം നല്‍കിയത് ഇസൈപ്പുയല്‍ എ.ആര്‍ റഹ്‌മാനായിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്. റഹ്‌മാന് പകരം അനിരുദ്ധിനെ സംഗീതം ഏല്പിച്ചതിനെ പലരും വിമര്‍ശിച്ചിരുന്നു.

എന്തുകൊണ്ട് അനിരുദ്ധ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍ ഷങ്കര്‍. എന്തിരന്റെ രണ്ടാം ഭാഗം റിലീസിനോടടുക്കുമ്പോഴാണ് താനും കമല്‍ ഹാസനും ഇന്ത്യന്‍ 2വിന് വേണ്ടി കൈ കോര്‍ത്തതെന്നും ആ സമയത്ത് 2.0യുടെ ഗ്രഫിക്‌സ് വര്‍ക്ക് കാരണം റിലീസ് വീണ്ടും നീണ്ടു പോയെന്നും ഷങ്കര്‍ പറഞ്ഞു.

റഹ്‌മാന്‍ ആ സമയം ചിത്രത്തിന്റെ റീ റെക്കോഡിങ്ങിന്റെ തിരക്കിലായിരുന്നെന്നും ആ സമയത്ത് അദ്ദേഹത്തിന് വീണ്ടും വര്‍ക്ക് പ്രഷര്‍ കൂട്ടണ്ട എന്ന് കരുതിയാണ് മറ്റൊരു സംഗീത സംവിധായകനെ തെരഞ്ഞതെന്നും അത് അനിരുദ്ധില്‍ ചെന്ന് അവസാനിച്ചെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. സിങ്കപ്പൂരില്‍ നടന്ന ഫാന്‍സ് മീറ്റിലാണ് ഷങ്കര്‍ ഇക്കാര്യം പറഞ്ഞത്.

‘പലരും എന്നോട് നേരിട്ടും അല്ലാതെയും ചോദിച്ച കാര്യമാണ് റഹ്‌മാനെ എന്തുകൊണ്ട് ഇന്ത്യന്‍ 2വിലേക്ക് വിളിച്ചില്ല എന്നുള്ളത്. 2.0 റിലീസായ വര്‍ഷമാണ് ഞാനും കമല്‍ സാറും ഈ പ്രൊജക്ടിന് വേണ്ടി കൈ കോര്‍ക്കുന്നത്. ആ സമയത്ത് പക്ഷിരാജന്റെ ചില ഗ്രാഫിക്‌സ് സീനുകളില്‍ എനിക്ക് തൃപ്തി തോന്നിയില്ല. ആ സീന്‍ ആദ്യം മുതല്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. സിനിമയുടെ റിലീസ് വീണ്ടു നീണ്ട് പോയി.

റഹ്‌മാന്‍ ആ സമയത്ത് 2.0യുടെ റീ റെക്കോഡിങ്ങിന്റെ തിരക്കിലായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെയടുത്ത് ചെന്ന് അടുത്ത സിനിമക്ക് കൂടി മ്യൂസിക് ചെയ്ത് തരാമോ എന്ന് ചോദിക്കാന്‍ മനസ് വന്നില്ല. പിന്നീട് ആരെക്കൊണ്ട് ചെയ്യിക്കാമെന്ന് ഒരുപാട് ആലോചിച്ചു. യുവന്‍, ഹാരിസ് അങ്ങനെ ഒരുപാട് പേരുകള്‍ മനസില്‍ വന്നു. ഏറ്റവുമൊടുവിലാണ് അനിരുദ്ധിനെക്കൊണ്ട് ചെയ്യിക്കാമെന്ന് തീരുമാനിച്ചത്. ഞാന്‍ പ്രതീക്ഷിച്ചതിലും മികച്ച പാട്ടുകള്‍ അനിരുദ്ധ് എനിക്ക് തന്നു,’ ഷങ്കര്‍ പറഞ്ഞു.

Content Highlight: Director Shankar explains why he did not choose A R Rahman for Indian 2