Entertainment news
മല്ലുസിംഗ് പോലെയുള്ള കഥാമൂല്യമില്ലാത്ത സിനിമയല്ല മഹേഷും മാരുതിയും, ലോജിക്കില്ലാത്ത തമാശക്ക് വേണ്ടിയുള്ള സീനൊന്നും ഇതിലില്ല: സേതു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 06, 10:56 am
Monday, 6th March 2023, 4:26 pm

 

ആസിഫ് അലി, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സേതു സംവിധാനം ചെയ്ത സിനിമയാണ് മഹേഷും മാരുതിയും. മല്ലുസിംഗ്, കസിന്‍സ്, അച്ചായന്‍സ് പോലെ നിരവധി കോമേര്‍ഷ്യല്‍ സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ആളാണ് സേതു. എന്നാല്‍ മഹേഷും മാരുതിയും അത്തരത്തിലൊരു സിനിമയല്ലെന്നാണ് അദ്ദേഹം പറയുന്നത്.

ആ സിനിമകളൊക്കെ പക്കാ കൊമേര്‍ഷ്യലാണെന്നും അതിനപ്പുറത്തേക്ക് കലാമൂല്യമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മഹേഷും മാരുതിയും അങ്ങനെ അല്ലെന്നും ലോജിക്കില്ലാതെ ഹാസ്യത്തിന് വേണ്ടി മാത്രമുള്ള സീനുകളൊന്നും ഇതിലില്ലെന്നും സേതു റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘മല്ലുസിംഗ്, കസിന്‍സ്, അച്ചായന്‍സ് അതുപോലെയുള്ള ഒരു സിനിമയേ അല്ല മഹേഷും മാരുതിയും. കാരണം അതിലൊക്കെ 100 ശതമാനം കച്ചവട സ്വഭാവമുള്ള ഘടകങ്ങളുണ്ട്. ഹാസ്യം പറയുമ്പോള്‍ ലോജിക്കോ മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല. ഒരു പക്കാ കൊമേര്‍ഷ്യല്‍ സിനിമ അതിന് അപ്പുറത്തേക്ക് ഈ സിനിമകള്‍ക്ക് വലിയ കലാമൂല്യമൊന്നുമില്ല.

പക്ഷെ മഹേഷും മാരുതിയിലേക്ക് വരുമ്പോള്‍ കുറച്ചുകൂടി സിനിമയെ ഗൗരവമായി കാണാനും ചെറുതാണെങ്കില്‍ പോലും മാരുതിയുടെ ഒരു ചരിത്രം പറയുന്നുമുണ്ട്. മാരുതി എന്ന കാര്‍ കേരളത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളൊക്കെ ഉള്‍ക്കൊള്ളിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ലോജിക്കില്ലാത്ത, ഹാസ്യത്തിന് വേണ്ടിയുള്ള സീനുകള്‍ ഒന്നും ഇതിലില്ല. ഒരു ഫീല്‍ ഗുഡ് സിനിമ അതാണ് മഹേഷും മാരുതിയും. ഒരു പക്കാ കൊമേര്‍ഷ്യല്‍ ചിത്രമായിട്ടല്ല ഞാന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

എല്ലാവര്‍ക്കും തിയേറ്ററില്‍ വന്ന് ആസ്വദിച്ച് കാണാന്‍ കഴിയുന്ന ഒരു ചിത്രമായിരിക്കും മഹേഷും മാരുതിയും. ഫാമിലിക്കും ചെറുപ്പക്കാര്‍ക്കും ഒരേ പോലെ ഇഷ്ട്ടപെടുന്ന ചിത്രമാണിത്. അതുപോലെ സംസാരിക്കുന്ന വിഷയത്തോട് സത്യസന്ധമായി നീതിപുലര്‍ത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്,’ സേതു പറഞ്ഞു.

content highlight: director sethu talks about mallu singh movie