ആരും വരാത്തത് കൊണ്ട് മമ്മൂക്ക യൂണിറ്റ് വണ്ടിയില്‍ കിടന്ന് ഉറങ്ങി, അത് ഞങ്ങള്‍ക്ക് വലിയ പണിയായി: സംവിധായകന്‍ ടി.എസ് സജി
Entertainment news
ആരും വരാത്തത് കൊണ്ട് മമ്മൂക്ക യൂണിറ്റ് വണ്ടിയില്‍ കിടന്ന് ഉറങ്ങി, അത് ഞങ്ങള്‍ക്ക് വലിയ പണിയായി: സംവിധായകന്‍ ടി.എസ് സജി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd November 2022, 11:55 pm

സംവിധായകന്‍ ടി.എസ് സജി മമ്മൂട്ടിയുമൊത്തുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. സെറ്റില്‍ മമ്മൂട്ടി എത്തിയിട്ടും തങ്ങള്‍ എത്തിയില്ലെന്നും അദ്ദേഹം നേരത്തെ വന്ന് കുറേ കാത്ത് നിന്ന് യൂണിറ്റ് വണ്ടിയില്‍ കിടന്ന് ഉറങ്ങിയെന്നും പിന്നീട് തങ്ങള്‍ക്ക് പണി തന്നുവെന്നും സജി പറഞ്ഞു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തിലാണ് സജി ഇക്കാര്യം പറഞ്ഞത്.

‘മമ്മൂക്ക രാവിലെ വരുമ്പോള്‍ തന്നെ ഒരു പോസിറ്റിവ് എനര്‍ജിയുമായാണ് വരുക. എല്ലാവരോടും ഗുഡ് മോര്‍ണിങ് ഒക്കെ പറയും. നമ്മള്‍ അങ്ങോട്ട് പറഞ്ഞില്ലെങ്കിലും അദ്ദേഹം ഇങ്ങോട്ട് പറയും. സീന്‍ എന്താണെന്ന് ചോദിക്കും. മമ്മൂക്ക ഒരിക്കലും സംവിധായകരെ ശല്യം ചെയ്യില്ല.

ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരിക്കുന്ന സമയത്ത് എന്നോട് വന്നിട്ട് എന്നെ ഒന്ന് ഏഴ് മണിക്ക് വിടാമോ എന്ന് ചോദിച്ചിട്ടുണ്ട്. പോകും എന്ന് അദ്ദേഹം പറഞ്ഞില്ല. വിടാമോ എന്നേ ചോദിച്ചുള്ളൂ. അന്ന് ലൊക്കേഷന്‍ ഷിഫ്റ്റ് ഉണ്ടായിരുന്നു. ഞാന്‍ അത് മമ്മൂക്കയോട് പറഞ്ഞു. മമ്മൂക്ക നേരത്തെ വന്നാല്‍ മതി തീര്‍ക്കാം എന്ന് പറഞ്ഞു.

ഞങ്ങള്‍ ഷിഫ്റ്റിന്റെ ഇടയ്ക്ക് ഒന്ന് ലോഡ്ജില്‍ പോയി കുളിച്ചിട്ട് ഒക്കെയാണ് വന്നത്. വന്നപ്പോള്‍ മമ്മൂക്കയില്ല. ഏഴ് മണിക്ക് പോകണം എന്ന് പറഞ്ഞയാള്‍ എത്തിയില്ലേ എന്ന് അന്വേഷിക്കുമ്പോഴാണ് ഒരാള്‍ പറയുന്നത് ആ കാര്യം പറഞ്ഞത്. മമ്മൂക്ക എത്തി നിങ്ങള്‍ വരാത്തത് കൊണ്ട് യൂണിറ്റ് വണ്ടിയില്‍ കിടന്ന് ഉറങ്ങുകയാണെന്ന്. ഞങ്ങള്‍ക്ക് നാണക്കേടായി.

പിന്നെ ഞാന്‍ ഒരാളെ പറഞ്ഞു വിട്ട് ഒരു ചായയും മുഖം കഴുകാന്‍ വെള്ളവും എടുത്ത് കൊണ്ടുവന്ന് മമ്മൂക്കയെ വിളിച്ചു. മമ്മൂക്ക നിങ്ങള്‍ എവിടെ ആയിരുന്നു ഞാന്‍ വന്നിട്ട് ഒരുമണിക്കൂര്‍ ആയെന്ന് പറഞ്ഞു. ഞങ്ങള്‍ കാര്യം പറഞ്ഞു. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഒരു പണി തന്നതാണ്. അങ്ങനെ ലൊക്കേഷനില്‍ ഒന്നും ഒരു പ്രശ്നവും ഉണ്ടാക്കാത്ത ആളാണ് മമ്മൂക്ക,’ ടി എസ് സജി പറഞ്ഞു.

അതേസമയം, ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന കാതലിന്റെ ഷൂട്ട് പൂര്‍ത്തിയായി.
ചിത്രത്തിലെ മമ്മൂട്ടിയുടെയും ജ്യോതികയുടെയും ഭാഗങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. മമ്മൂട്ടിയുടെ ഭാഗങ്ങളാണ് ആദ്യം തീര്‍ത്തത്. ജ്യോതികക്കൊപ്പം ബിരിയാണി വിളമ്പിയാണ് മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിലെ അവസാനം ദിവസം ആഘോഷിച്ചത്.

മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട് ചിത്രത്തില്‍ ഈ കഥാപാത്രം. ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18ന് ആണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

content highlight: director saji about mammootty