ഫ്രെയിമിലെ മറ്റുള്ളവരെ സൈഡാക്കി ആ നടി ഡോമിനേറ്റ് ചെയ്യും; ഉള്ളൊഴുക്കില്‍ ഉര്‍വശി ചെയ്തതും ഇതേകാര്യം: എം. പത്മകുമാര്‍
Entertainment
ഫ്രെയിമിലെ മറ്റുള്ളവരെ സൈഡാക്കി ആ നടി ഡോമിനേറ്റ് ചെയ്യും; ഉള്ളൊഴുക്കില്‍ ഉര്‍വശി ചെയ്തതും ഇതേകാര്യം: എം. പത്മകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th December 2024, 9:19 am

അഞ്ച് പതിറ്റാണ്ടോളം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന മികച്ച നടിമാരില്‍ ഒരാളായിരുന്നു സുകുമാരി. വിവിധ ഭാഷകളിലായി 2500 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സുകുമാരിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. മികച്ച സഹ നടിക്കുള്ള നാഷണല്‍ അവാര്‍ഡും സുകുമാരി സ്വന്തമാക്കിയിട്ടുണ്ട്.

സുകുമാരിയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ എം. പത്മകുമാര്‍. സുകുമാരി ഫ്രെയിമില്‍ വരുമ്പോള്‍ കൂടെ രണ്ട് മൂന്ന് പേരെല്ലാം ഉണ്ടെങ്കിലും സുകുമാരിയായിരിക്കും ഡോമിനേറ്റ് ചെയ്യുക എന്ന് പത്മകുമാര്‍ പറയുന്നു.

അമ്മകിളിക്കൂട് എന്ന സിനിമ ചെയ്യുമ്പോള്‍ ഒരേ ഫ്രെയിമില്‍ തന്നെ പൊന്നമ്മയും കെ.പി.എ.സി ലളിതയും മല്ലികയും സുകുമാരിയും ഉണ്ടാകുമെന്നും എല്ലാവര്‍ക്കും ഡയലോഗുള്ള സീനില്‍ പോലും സുകുമാരിയായിരിക്കും ഡോമിനേറ്റ് ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തില്‍ ഉര്‍വശിയും അങ്ങനെ ആയിരുന്നെന്ന് പത്മകുമാര്‍ പറഞ്ഞു. ഉര്‍വശിയും പാര്‍വതിയുമുള്ള സീനില്‍ ഇരുവരും മത്സരിച്ച് അഭിനയിക്കുമ്പോഴും ശ്രദ്ധിക്കുന്നത് ഉര്‍വശിയെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലം നല്ല രീതിയിലുള്ള ഡോമിനേഷന്‍ ആണെന്നും പത്മകുമാര്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു എം. പത്മകുമാര്‍.

‘സുകുമാരി ചേച്ചി ഫ്രെയിമില്‍ വരുമ്പോള്‍ ചേച്ചി വല്ലാതെ അങ്ങ് ഡോമിനേറ്റ് ചെയ്യും. കൂടെ രണ്ട് മൂന്ന് പേരെല്ലാം ഉണ്ടെങ്കിലും ചേച്ചിയായിരിക്കും കൂടുതലും സ്‌കോര്‍ ചെയ്യുന്നത്. പ്രത്യേകിച്ച് ഞാന്‍ അമ്മക്കിളികൂട് എന്ന സിനിമയെല്ലാം ചെയ്യുമ്പോള്‍ എല്ലാവരും നല്ല അഭിനേതാക്കളാണ്.

ഒരേ ഫ്രെയിമില്‍ തന്നെ പൊന്നമ്മ ചേച്ചി ഉണ്ടാകും ലളിത ചേച്ചി ഉണ്ടാകും മല്ലിക ചേച്ചി ഉണ്ടാകും സുകുമാരി ചേച്ചി ഉണ്ടാകും. എല്ലാവര്‍ക്കും ഡയലോഗും ഉണ്ടാകും എന്നാലും സുകുമാരി ചേച്ചി കേറി ഡോമിനേറ്റ് ചെയ്യും. നമ്മള്‍ ഫ്രെയിമില്‍ ബാക്കി എല്ലാവരും ഉണ്ടെങ്കിലും നമ്മള്‍ ശ്രദ്ധിക്കുന്നത് സുകുമാരി ചേച്ചിയെ ആയിരിക്കും.

ഈ അടുത്ത് ഇറങ്ങിയ ‘ഉള്ളൊഴുക്ക്’ എന്ന സിനിമയില്‍ ഉര്‍വശിക്കും ഇതേ സാധനമുണ്ട്. ഉര്‍വശിയും പാര്‍വതിയും മത്സരിച്ച് അഭിനയിക്കുകയാണെങ്കിലും നമ്മള്‍ ഉര്‍വശിയെ ആയിരിക്കും ശ്രദ്ധിക്കുന്നത്. ഇതെല്ലം നല്ല രീതിയില്‍ ഉള്ള ഡോമിനേഷനുകളാണ്,’ എം. പത്മകുമാര്‍ പറയുന്നു.

Content Highlight: Director  M Padmakumar Talks About Performance Of Sukumari And Urvashi