കെ.എസ്. രവികുമാറിന്റെ സംവിധാനത്തില്‍ രജിനികാന്ത് ഇരട്ട വേഷങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ലിംഗ. അനുഷ്‌ക ഷെട്ടി, സോനാക്ഷി സിന്‍ഹ തുടങ്ങിയവരാണ് ചിത്രത്തില്‍ രജിനികാന്തിന്റെ നായികമാരായി എത്തിയത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. വമ്പന്‍ ബജറ്റില്‍ പുറത്തിറങ്ങിയ സിനിമ ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നെങ്കിലും സിനിമയിലെ ചില രംഗങ്ങള്‍ക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങളും വന്നിരുന്നു. 100 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്.
ലിംഗ ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് സിനിമകളില്‍ ഒന്നാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ഉയര്‍ന്ന നിര്‍മാണ ചിലവ് കാരണം ചിത്രം ബോക്‌സ് ഓഫീസ് പരാജയമായി കണക്കാക്കപ്പെട്ടു. അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രൊജക്റ്റില്‍ രജിനികാന്തിന്റെ പങ്കാളിത്തം അതിന്റെ പരാജയത്തിലേക്ക് നയിച്ചതെങ്ങനെയെന്ന് സംവിധായകന്‍ കെ.എസ് രവികുമാര്‍ പറയുന്നു.
ലിംഗയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് രജനികാന്ത് വലിയ തോതില്‍ ഇടപെട്ടെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ കെ.എസ് രവികുമാര്‍. രണ്ടാം പകുതിയില്‍ രജിനികാന്ത് മാറ്റം വരുത്തിയെന്നും സിനിമയില്‍ ഏറ്റവും അധികം വിമര്‍ശനം ഏറ്റുവാങ്ങിയ ബലൂണ്‍ രംഗവും രജിനികാന്തിന്റെ നിര്‍ബന്ധമായിരുന്നുവെന്നും കെ.എസ് രവികുമാര്‍ പറയുന്നു. ചാറ്റ് വിത്ത് ചിത്രയുടെ ഒരു എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എഡിറ്റിങ് ടേബിളില്‍ രജനികാന്ത് ഇടപെട്ടു, എനിക്ക് സി.ജി.ഐക്ക് സമയം നല്‍കിയില്ല, സിനിമയുടെ രണ്ടാം പകുതി പൂര്‍ണമായും മാറ്റി, അനുഷ്‌കയെ അവതരിപ്പിക്കുന്ന ഗാനം ഒഴിവാക്കി, ക്ലൈമാക്സിലെ സര്‍പ്രൈസ് ട്വിസ്റ്റ് നീക്കി, കൃത്രിമ ബലൂണിലേക്ക് ചാടുന്ന രംഗം ചേര്‍ത്തു, പൂര്‍ണ്ണമായും ലിംഗയെ കുഴപ്പത്തിലാക്കി,’ കെ.എസ് രവികുമാര്‍ പറയുന്നു.