മലയാള സിനിമയില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്തി വിജയിച്ച സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍.തല്ലിന്റെ മാലപ്പടക്കവുമായി വന്ന റഹ്‌മാന്റെ ചിത്രം ഇപ്പോഴും ചൂടന്‍ ചര്‍ച്ചകള്‍ സാമൂഹികമാധ്യമങ്ങളില്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്.
സിനിമ പൊളിറ്റിക്കലി കറക്ട് ആവണമെന്ന ഒരു നിര്‍ബന്ധവും തനിക്കില്ലെന്ന് പറയുകയാണ് ഖാലിദ് റഹ്‌മാന്‍. മനോരമ ന്യൂസുമായി സാംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ കടുവ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെക്കുറിച്ചും അദ്ദേഹം നിലപാട് വ്യക്തമാക്കി.
” ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയം എന്റെ സിനിമകളില്‍ ഉണ്ടായിരിക്കണമെന്ന നിര്‍ബദ്ധമൊന്നും എനിക്കില്ല. രാഷ്ട്രീയം പറയണമെന്ന രീതിയില്‍ സിനിമകള്‍ ചെയ്യണമെന്ന് ഞാന്‍ ആലോചിക്കുന്നില്ല. എപ്പോഴും പൊളിറ്റിക്കലി കറക്ട് ആയ സിനിമ ചെയ്താല്‍ നമ്മള്‍ ഒരു ബോറന്‍ ഫിലിം മേക്കര്‍ ആകും.
ഫിലിം മേക്കര്‍ എന്ന് പറയുമ്പോള്‍ എല്ലാം ചെയ്യണം. നല്ലതും ചീത്തയും കാണണം, ചീത്തയെ ചീത്തയുടെ ഭാഗത്ത് നിന്ന് കണ്ട് സിനിമയില്‍ കൊണ്ട് വരണം. ഉദാഹരണത്തിന്, ഒരു കൊലപാതകിയെ അയാളുടെ കണ്ണിലൂടെ നോക്കി കാണുമ്പോള്‍ അയാള്‍ക്ക് താന്‍ ചെയ്തത് തെറ്റായി തോന്നില്ല.
കടുവ സിനിമയിലെ ഡയലോഗുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഞാന്‍ കേട്ടിരുന്നു. മനപൂര്‍വം ഒരാളെ വേദനിപ്പിക്കണമെന്ന് വിചാരിച്ചിട്ടായിരിക്കില്ല ഇത്തരം ഡയലോഗുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിട്ടുണ്ടാവുക, അത്രമാത്രം ക്രൂരത ഉള്ളിലുള്ള മനുഷ്യന്‍മാരായിരിക്കില്ല അവര്‍.
സിറ്റുവേഷന്‍ അങ്ങനെ ആയതുകൊണ്ട് സംഭവിച്ച് പോയതാകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇതുവരെ അത്തരത്തിലുള്ള നിര്‍ബന്ധമായും കൊടുത്തിരിക്കേണ്ട ഡയലോഗുകള്‍ എന്റെ സിനിമയില്‍ ഉണ്ടായിട്ടില്ല. ഇനി ഭാവിയില്‍ അങ്ങനെ ഒരു ഘട്ടം ഉണ്ടാവുകയാണെങ്കില്‍ എന്റെ ആ കഥാപാത്രത്തിന് അത് പറഞ്ഞല്ലേ പറ്റുള്ളൂ. ഉറപ്പായും ആ കഥാപാത്രം പൊളിറ്റിക്കലി കറക്ട് അല്ലാത്ത ഡയലോഗ് പറയണം. അങ്ങനെ പറയാതിരുന്നാല്‍ അയാള്‍ നല്ല കഥാപാത്രമായി പോകും. നല്ല കഥാപാത്രം ആകാത്ത പക്ഷം അത്തരം ഡയലോഗ് പറയണം. അല്ലെങ്കില്‍ അയാളുടെ കഥാപാത്രം നന്മമരം ആയിപോകും.
അത്തരം ഡയലോഗുകള്‍ മാറ്റി പകരം മറ്റൊരു ഡയലോഗ് വെച്ചാല്‍ സിറ്റുവേഷന് ഒന്നും സംഭവിക്കില്ല എന്നാണെങ്കില്‍ ഞാന്‍ മാറ്റാന്‍ തയ്യാറാകും. അത് തന്നെയാണ് കടുവയുടെ ടീമും ചെയ്തത്. പക്ഷേ അതിന് കഴിയാത്ത സിറ്റുവേഷനാണെങ്കില്‍ കുറ്റബോധം തോന്നില്ല.
ഒരു വിഷയം അത് പൊളിറ്റിക്കലി കറക്ട് അല്ലാത്തതാണെങ്കില്‍ നമ്മള്‍ ആ മൂഡില്‍ തന്നെയാണ് ചെയ്യുക. തല്ലുമാലയിലേക്ക് വരുകയാണെങ്കില്‍ വയറു കുത്തി കീറുന്നത്, കൈ തല്ലി ഒടിക്കുന്നത് തുടങ്ങിയ ആക്ഷന്‍ സീന്‍സ് അതില്‍ ഒരുപാടുണ്ട് അതൊന്നും കുട്ടികളെ കാണിക്കാന്‍ പറ്റില്ല. പക്ഷേ കുടുംബത്തോടെ എല്ലാവരും തിയേറ്ററില്‍ വന്ന് കൈയ്യടിച്ചില്ലേ. ഒരുപക്ഷേ നിങ്ങള്‍ക്ക് ചോദിക്കാം അത് കൊടുക്കാന്‍ പാടില്ലല്ലോ എന്ന് , പക്ഷേ ഞാന്‍ അത് കൊടുത്തു. അതിന് ആളുകള്‍ കയ്യടിക്കുകയും ചെയ്തു,” ഖാലിദ് റഹ്‌മാന്‍ പറഞ്ഞു.
Content Highlight: Director Khalid rahman on political Correctness on movies