Advertisement
Entertainment
കാരവനില്‍ മറ്റാരേയും കയറ്റില്ലെന്ന് പറയുന്ന സ്വാര്‍ത്ഥരായ ചില താരങ്ങളുണ്ട് ഇവിടെ: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 08, 06:56 am
Tuesday, 8th April 2025, 12:26 pm

മാറുന്ന മലയാള സിനിമയെ കുറിച്ചും കാരവന്‍ സംസ്‌ക്കാരത്തെ കുറിച്ചും ചില താരങ്ങളുടെ സ്വാര്‍ത്ഥ മനോഭാവത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍.

തന്റെ കാരവനില്‍ മറ്റാരേയും കയറ്റില്ലെന്ന് പറയുന്ന ചില താരങ്ങളുണ്ടെന്നും അവര്‍ സ്വാര്‍ത്ഥരാണെന്നും കമല്‍ പറയുന്നു.

ഒപ്പം മലയാള സിനിമ നടി ആക്രമിക്കപ്പെട്ടതിന് മുന്‍പുള്ള കാലവും നടി ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള കാലമെന്നുമുള്ള രീതിയില്‍ മാറിയെന്നും മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നു.

‘മലയാള സിനിമയെ നമ്മള്‍ രണ്ടു ഘട്ടമായി തിരിച്ചാല്‍ നടി ആക്രമിക്കപ്പെട്ടതിന് മുന്‍പുള്ള കാലവും നടി ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള കാലമെന്നുമുള്ള രീതിയില്‍ തിരിക്കാം.

അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരിക്കലും മലയാള സിനിമയിലും ലോകത്തും സംഭവിക്കാന്‍ പാടില്ലാത്ത നിര്‍ഭാഗ്യകരമായ ഒരു സംഭവം നടന്നു. അതില്‍ സിനിമയിലുള്ള ഒരുപാട് പേര്‍ പല തട്ടിലുമായിപ്പോയി.

അതിന് ശേഷമാണ് ആളുകള്‍ കോണ്‍ഷ്യസ് ആവാന്‍ തുടങ്ങിയത്. ഒരു ഉദാഹരണം പറഞ്ഞാല്‍ കാരവന്‍ ഇല്ലാതിരുന്ന ഒരു കാലം, അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചിട്ടില്ലായിരുന്ന കാലത്ത് പരിമിതമായ സൗകര്യങ്ങള്‍ ആര്‍ക്കും ഒരു പ്രശ്‌നമായിരുന്നില്ല.

അടുത്തിടെ ഒരു സ്റ്റില്‍ വൈറലായിരുന്നു. നടന്‍ പ്രേം നസീര്‍ ഒരു മരത്തിന്റെ ചുവട്ടില്‍ ഉച്ച ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങുന്നത്. അദ്ദേഹം ഒരു സൂപ്പര്‍സ്റ്റാറാണ്. അന്നത് സ്വാഭാവികമാണ്. എല്ലാ പടത്തിന്റെ സെറ്റിലും അത് നടക്കും. അന്ന് കാരവനില്ല.

ഒരു ഷോട്ട് കഴിഞ്ഞ ശേഷം മാറിയിരിക്കുന്ന പരിപാടിയില്ല. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു വസ്ത്രം മാറുക എന്നത്.

എന്റെ സിനിമയില്‍ തന്നെ അത് സംഭവിച്ചിട്ടുണ്ട്. മഴയെത്തുംമുന്‍പെയില്‍ ‘എന്തിന് വേറൊരു സൂര്യോദയം’ എന്ന പാട്ടിന്റെ ഷൂട്ട് നടക്കുകയാണ്.
മലമ്പുഴയില്‍ നിന്നും ഉള്ളോട്ടുള്ള ഒരു സ്ഥലത്താണ് ഷൂട്ട്.

പാലക്കാട് ഹോട്ടലിലേക്ക് വരാന്‍ 25 കിലോ മീറ്റര്‍ യാത്ര ചെയ്യണം. അത്രയും സമയം പോകും. ഒരു സാരി മാറ്റാന്‍ ശോഭനയ്ക്ക് സൗകര്യമില്ല. അടുത്തു ഹോട്ടലില്ല. എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഹോട്ടലില്‍ പോയി മാറി വന്നോളൂ എന്ന് പറഞ്ഞു.

അന്ന് ശോഭനയ്ക്ക് ഷൂട്ട് തീര്‍ത്ത് പോകണം. സമയമില്ല. ഷൂട്ട് തീരില്ല. കുഴപ്പമില്ല അഡ്ജസ്റ്റ് ചെയ്യാമെന്ന് ശോഭന പറഞ്ഞു. അങ്ങനെ

ശോഭനയുടെ ആയയും ഡാന്‍സ് മാസ്റ്ററും രണ്ട് ബെഡ് ഷീറ്റ് കൊണ്ടുവന്നിട്ട് രണ്ട് മരത്തില്‍ കെട്ടി. ഞങ്ങള്‍ എല്ലാവരും അവിടെ നിന്നും മാറി നിന്നു.

അവര്‍ ഡ്രസ് മാറിയിട്ട് അവര്‍ വന്നു. അന്ന് അവര്‍ക്കും അത് പ്രശ്‌നമായിരുന്നില്ല ഞങ്ങള്‍ക്കും പ്രശ്‌നമായിരുന്നില്ല. അന്ന് മൊബൈല്‍ ക്യാമറയില്ല.

ഇതൊരു ബ്രിഡ്ജാണ്. നടിയെ ആക്രമിച്ച ശേഷവും മുന്‍പും എന്ന ഒരു കാലം. ഇന്നിപ്പോള്‍ എല്ലാ സെറ്റിലും സൗകര്യങ്ങള്‍ ഉണ്ട്. പിന്നെ ഇതിന് മറുവശം ഉണ്ട്. ഓരോരുത്തരും കാരവന്‍ ആവശ്യപ്പെട്ടാല്‍ നിര്‍മാതാവിന് കൊടുക്കാനാവില്ല.

പ്രധാനപ്പെട്ട നടനും നടിയ്ക്കും കാരവന്‍ ഉണ്ട്. അവര്‍ അവരുടെ കാരവനില്‍ വേറെ ആളെ കയറ്റില്ല. അവര്‍ ഭയങ്കര സ്വാര്‍ത്ഥരാണ്. അവര്‍ സ്വന്തമായി വിലകൊടുത്ത് വാങ്ങുന്ന കാരവനാണെങ്കില്‍ ഓക്കെ. നമുക്ക് മനസിലാകും.

അതില്‍ ആരേയും കയറ്റണ്ട എന്ന് പറയാം. പക്ഷേ ഒരു പ്രൊഡ്യൂസര്‍ അവര്‍ക്ക് വേണ്ടി കൊടുക്കുന്ന കാരവനില്‍ പോലും ഒരാള്‍ കയറി ഒന്ന് ടോയ്‌ലറ്റ് യൂസ് ചെയ്താല്‍ ഇവര്‍ക്ക് ഇഷ്ടമാകില്ല. അങ്ങനത്തെ സംഭവങ്ങള്‍ ഒരുപാടുണ്ട്.

പറയുമ്പോള്‍ അതും പറയണമല്ലോ. അതിനൊരു മനസുണ്ടാകുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇത് എല്ലാവര്‍ക്കും ബാധകമാണ്. അവരുടെ ആവശ്യത്തിന് കാരവന്‍ ഉപയോഗിക്കാം. പക്ഷേ ഫുള്‍ ടൈം തനിക്ക് അതിനകത്ത് ഇരിക്കണം, വേറെ ആരും കയറാന്‍ പാടില്ല എന്ന് പറയുന്ന ആറ്റിറ്റിയൂഡ് മാറണം,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal about Malaylam Actors attitude and Caravan