ആ തന്ത്രം കൊണ്ട് ഓസ്‌ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യ ബുദ്ധിമുട്ടും; ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയെക്കുറിച്ച് ദിനേശ് കാര്‍ത്തിക്
Sports News
ആ തന്ത്രം കൊണ്ട് ഓസ്‌ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യ ബുദ്ധിമുട്ടും; ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയെക്കുറിച്ച് ദിനേശ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd September 2024, 4:33 pm

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 280 റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 515 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 234 റണ്‍സിന് പുറത്താവുകയായിരുന്നു.

ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ മുന്നിലുള്ള പ്രധാന ഇവന്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. പരമ്പര നവംബര്‍ 26നാണ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക.

രണ്ടാം മത്സരം ഡിസംബര്‍ ആറ് മുതല്‍ 10 വരെയും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെയും, നാലാം ടെസ്റ്റ് 26 മുതല്‍ 30 വരെയും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയും നടക്കും.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഓസ്‌ട്രേലിയയ്ക്കാണ് മുന്‍തൂക്കമെന്ന് പറയുകയാണ് ദിനേശ് കാര്‍ത്തിക് . ഇന്ത്യയ്ക്ക് ഒരു വിജയം ഉറപ്പിക്കാന്‍ കഴിയുമെന്നും ഒരുപക്ഷെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ വീണ്ടും വിജയിച്ചാല്‍ അത് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് കൃത്യമായൊരു സ്‌കോര്‍ ലൈന്‍ പറയാന്‍ കഴിയില്ല. പക്ഷെ ഓസ്‌ട്രേലിയക്കാണ് മുന്‍തൂക്കം എന്ന് ഞാന്‍ കരുതുന്നു. ബൗണ്‍സറുകള്‍കൊണ്ട് മൂന്നാം തവണയും ഓസ്‌ട്രേലിയയുടെ തട്ടകത്തില്‍ അവരെ പരാജയപ്പെടുത്തുക എന്നത് ഇന്ത്യക്ക് വളരെ ബുദ്ധിമുട്ടായിരിക്കും.

അത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. പക്ഷെ, ഇന്ത്യ അത് ചെയ്യുകയാണെങ്കില്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇതുവരെ നേടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിരിക്കും അത്. അതില്‍ ഒരു സംശയവുമില്ല,’ കാര്‍ത്തിക് പറഞ്ഞു.

കഴിഞ്ഞ രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയലും ഇന്ത്യ ഓസീസിന്റെ തട്ടകത്തില്‍ വിജയം സ്വന്തമാക്കിയിരുന്നു. നടക്കാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയാല്‍ ഓസീസ് മണ്ണില്‍ ഹാട്രിക് വിജയം സ്വന്തമാക്കാനുള്ള അവസരവും ഇന്ത്യയ്ക്ക് വന്നു ചേരും.

 

Content Highlight: Dinesh Kartik Talking About Border Gavaskar Trophy