ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ കമന്റേറ്ററുടെ റോളില്‍ തിളങ്ങുകയാണ് വെറ്ററന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്. ഗ്രൗണ്ടിലിറങ്ങി കളിക്കാന്‍ മാത്രമല്ല, കമന്ററി ബോക്‌സിലിരുന്ന് കളി വിവരിക്കാനും തന്നെക്കൊണ്ടാകുമെന്ന് ഡി.കെ വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മൂന്നാം ടെസ്റ്റിലും ദിനേഷ് കാര്‍ത്തിക് കമന്ററി ബോക്‌സില്‍ സജീവമാണ്. മത്സരത്തിനിടെ കമന്ററി ബോക്‌സില്‍ നടന്ന രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ദിനേഷ് കാര്‍ത്തിക്കിന്റെ പ്രവചനമാണ് ചര്‍ച്ചയാകുന്നത്. ഇന്ത്യയുടെ വെറ്ററന്‍ പേസര്‍ ഉമേഷ് യാദവ് ക്രീസിലെത്തിയപ്പോഴായിരുന്നു ദിനേഷ് കാര്‍ത്തിക് ‘ജ്യോതിഷരത്‌നം ഡി.കെ.’ ആയി മാറിയത്.
താരം ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടുമെന്നായിരുന്നു ദിനേഷ് കാര്‍ത്തിക് സഹ കമന്റേറ്ററായ പ്രകാശിനോട് പറഞ്ഞത്. ആദ്യ പന്തില്‍ സിക്‌സറടിക്കുമെന്നും അത് തനിക്ക് ഉറപ്പാണെന്നും ദിനേഷ് കാര്‍ത്തിക് പറയുന്നു.
ഡി.കെയുടെ വാക്കുകള്‍ കേട്ട പ്രകാശ് ഓസ്‌ട്രേലിയയുടെ ഫീല്‍ഡിങ് സെറ്റപ്പുകളെ കുറിച്ചും വിവരിക്കുന്നുണ്ട്. ബൗണ്ടറി ലൈനിന് സമീപം ലബുഷാന്‍ ക്യാച്ചിങ് പൊസിഷനില്‍ എത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്പോഴും ഈ ഡെലിവറി സിക്‌സ് അല്ലെങ്കില്‍ ഔട്ട് എന്നുതന്നെ ഉറപ്പിച്ചായിരുന്നു ദിനേഷ് കാര്‍ത്തിക് ഇരുന്നത്.
We LOVE it when this happens! 😁
Dinesh Karthik predicts the future! 🔮
Listen live: https://t.co/U8NIFDBo8a
Live blog: https://t.co/cSspjV0HNF#INDvAUS pic.twitter.com/MYKzovkzxt— ABC SPORT (@abcsport) March 1, 2023
നഥാന്‍ ലിയോണ്‍ എറിഞ്ഞ പന്തില്‍ സിക്‌സറിന് തൂക്കിയായിരുന്നു ഉമേഷ് യാദവ് ക്രീസിലേക്കുള്ള തന്റെ വരവറിയിച്ചത്. ഉമേഷ് യാദവ് സിക്‌സറടിച്ചത് കണ്ടപ്പോള്‍ കമന്ററി ബോക്‌സിലെ എല്ലാവരും സന്തോഷിക്കുകയും ദിനേഷ് കാര്‍ത്തിക്കിനെ അഭിനന്ദിക്കുകയും ചെയ്തു.
താരത്തിന്റെ പ്രവചനം ശരിയായതുകണ്ടപ്പോള്‍ ദിനേഷ് കാര്‍ത്തിക് നോസ്ട്രഡാമസ് എന്ന് വിളിച്ചുകൊണ്ടായിരുന്നു പ്രകാശ് താരത്തെ അഭിന്ദിച്ചത്. ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായിരുന്ന നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചയായതാണ്. അയാളുടെ പ്രവചനം പോലെയാണ് ഡി.കെ. ഇക്കാര്യം പ്രവചിച്ചതെന്നായിരുന്നു പ്രകാശ് പറഞ്ഞത്.
തന്റെ ഇന്നിങ്‌സില്‍ മറ്റൊരു സിക്‌സര്‍ കൂടിയടിച്ച ഉമേഷ് യാദവ് 13 പന്തില്‍ നിന്നും 17 റണ്‍സുമായാണ് പുറത്തായത്.
അതേസമയം, രണ്ടാം ദിവസം കളിയാരംഭിച്ച ഓസ്‌ട്രേലിയ മികച്ച രീതിയില്‍ ബാറ്റിങ് തുടരുകയാണ്. 70 ഓവര്‍ പിന്നിടുമ്പോള്‍ 186 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്.
92 പന്തില്‍ നിന്നും 19 റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും 51 പന്തില്‍ നിന്നും 19 റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രീസില്‍.
Content Highlight: Dinesh Karthik’s prediction about Umesh Yadav goes viral