പാകിസ്ഥാന്‍ പേസ് ബൗളര്‍ ഹാരിസ് റൗഫിനെ പുകഴ്ത്തി രംഗത്തെത്തയിരിക്കുകയാണ് ഇന്ത്യന്‍ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. നിലവില്‍ ക്രിക്കറ്റ് കമന്റേറ്റര്‍ കൂടിയായ കാര്‍ത്തിക് ആഷസ് കമന്ററി ബോക്‌സിലുണ്ടായിരുന്നു.
ഹാരിസ് റൗഫ് നിലവിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണെന്നാണ് കാര്‍ത്തിക്കിന്റെ അഭിപ്രായം. ടെന്നീസ് ബോള്‍ പ്ലെയറായിരുന്ന റൗഫിന്റെ കഥ ഒരുപാട് ഇന്‌സ്പയറിങ്ങാണെന്നും അദ്ദേഹം പറഞ്ഞു.
‘ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ബൗളര്‍മാരില്‍ ഒരാളാണ് ഹാരിസ് റൗഫ്, പ്രത്യേകിച്ച് അവസാന ഓവറുകളില്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിക്കുകയും പിന്നീട് ലാഹോര്‍ ഖലന്ദേര്‍സ് തെരഞ്ഞെടുക്കുകയും അതിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലെത്തി മികച്ച പ്രകടനം നടത്തുകയും ചെയ്ത അദ്ദേഹത്തിന്റെ കഥ മനോഹരമാണ്,’ സ്‌കൈ സ്‌പോര്‍ട്ട്‌സിനോട് സംസാരിക്കുകയായിരുന്നു കാര്‍ത്തിക്.
ഈ വര്‍ഷം പാകിസ്ഥാനായി ഏകദിന ലോകകപ്പിലും ഏഷ്യാ കപ്പിലും മികച്ച പ്രകടനം നടത്താനുള്ള ശ്രമത്തിലാണ് ഹാരിസ് റൗഫ്. ഷഹീന് അഫ്രിദിയോടൊപ്പം പാകിസ്ഥാന്റെ വജ്രായുധമാകാന്‍ കഴിവുള്ള താരമാണ് റൗഫ്.
കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലും ട്വന്റി-20 ലോകകപ്പിലും പാകിസ്ഥാനായി ഭേദപ്പെട്ട പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ റൗഫ് പതറിയിരുന്നു. ആദ്യ മൂന്ന് ഓവറിലും അവസാന ഓവറിലെ നാല് പന്തിലും മികച്ച പ്രകടനം നടത്തിയപ്പോള്‍ എറിഞ്ഞ അവസാന രണ്ട് ബോളില്‍ അദ്ദേഹത്തിന്റെ പ്രകടനം വെള്ളത്തിലാകുകയായിരുന്നു.
എട്ട് പന്തില്‍ 28 റണ്‍സ് വേണ്ടിയിരുന്ന സാഹചര്യത്തില്‍ വിരാട് കോഹ്‌ലി അദ്ദേഹത്തിനെതിരെ രണ്ട് സിക്‌സറടിക്കുകയായിരുന്നു. അതില്‍ തന്നെ വിരാട് അടിച്ച ആദ്യ സിക്‌സര്‍ ഏതൊരു ബൗളറിന്റെയും കോണ്‍ഫിഡന്‍സ് കളയുന്നതായിരുന്നു. നെഞ്ചോട് ചേര്‍ന്ന് 140ന് മുകളില്‍ വന്ന പന്ത് വിരാട് ബാക്ക്ഫൂട്ടിലിറങ്ങി ഓവര്‍ ദി ടോപ്പില്‍ സിക്‌സര്‍ നേടുകയായിരുന്നു.
വിരാടിന്റെ മനകരുത്തിന്റെ ബലമായിരുന്നു ആ സിക്‌സര്‍. അതിന്റെ ഫലമായി അടുത്ത പന്ത് ഹാരിസിന് താളം തെറ്റുകയും വീണ്ടും സിക്‌സര്‍ വഴങ്ങുകയായിരുന്നു. പിന്നീട് മത്സരം ഇന്ത്യ വിജയിക്കുകയും ചെയ്തു.
ഇത്തവണ ഏഷ്യാ കപ്പിലും ലോകകപ്പിലുമായി ഇന്ത്യക്കെതിരെ ഏറ്റുമുട്ടുമ്പോള്‍ ഹാരിസിന്റെ മനസില്‍ കൂടെ എന്തായാലും ആ സിക്‌സറുകള്‍ കടന്നുപോകുമെന്നത് തീര്‍ച്ച.