എ.ബി.ഡിയും ഡി.കെയും വീണ്ടും ഒന്നിക്കുന്നു; ഇനി കളികൾ സൗത്ത് ആഫ്രിക്കൻ മണ്ണിൽ
Cricket
എ.ബി.ഡിയും ഡി.കെയും വീണ്ടും ഒന്നിക്കുന്നു; ഇനി കളികൾ സൗത്ത് ആഫ്രിക്കൻ മണ്ണിൽ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th August 2024, 9:45 pm

എസ്.എ ടി-20 ലീഗിന്റെ അംബാസഡറായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കിനെ നിയമിച്ചു. ദിനേശ് കാര്‍ത്തിക്കിനൊപ്പം മുന്‍ സൗത്ത് ആഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ എ.ബി ഡിവില്ലിയേഴ്‌സും ഈ ലീഗിന്റെ അംബാസഡറായി പ്രവര്‍ത്തിക്കും.

ദിനേശ് കാര്‍ത്തിക്കിന്റെ അനുഭവസമ്പത്ത് ലീഗിന്റെ വളര്‍ച്ചയ്ക്ക് സഹായകമാവുമെന്നാണ് എസ്.എ ടി-20 ലീഗ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

‘സൗത്ത് ആഫ്രിക്കയുടെ ടി-20 പ്രീമിയര്‍ ലീഗിന്റെ അംബാസഡറായി ദിനേശ് കാര്‍ത്തിക്കിനെ സ്വാഗതം ചെയ്യുന്നു. ലോകകപ്പ് ജേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കാര്‍ത്തിക്കിന്റെ വിപുലമായ അനുഭവം ലീഗിന്റെ വികസനത്തിന് വളരെ നല്ലതാണ്. ലീഗിന്റെ ആഗോളതലത്തിലുള്ള ആരാധകരെ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ, യുണൈറ്റഡ് കിങ്ഡഡം എന്നിവിടങ്ങളിലും ഇത് ശക്തിപ്പെടുത്തുന്നതിനായി ദിനേശ് കാര്‍ത്തിക്കും എ.ബി ഡിവില്ലിയേഴ്‌സും പ്രവര്‍ത്തിക്കും,’ എസ്.എ ടി-20യുടെ പ്രസ്താവനയില്‍ പറയുന്നു.

ലീഗിന്റെ അംബാസഡറായിപ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷവും ദിനേശ് കാര്‍ത്തിക് പങ്കുവെച്ചു.

‘എസ്.എ ടി-20യുടെ അംബാസഡറായി ചേരുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ മത്സരിക്കുന്ന ഈ ടൂര്‍ണമെന്റിന്റെ ആദ്യ രണ്ട് സീസണുകളും അതിശയകരമായിരുന്നു. ക്രിക്കറ്റിലെ യുവതാരങ്ങള്‍ പോലും ആവേശത്തോടെയാണ് ഇത് കാണുന്നത്. ഗ്രയിം സ്മിത്തിനൊപ്പവും ടീമിനൊപ്പവും പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.

അതേസമയം 2025 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മെന്ററായും ദിനേശ് കാര്‍ത്തിക്കിനെ നിയമിച്ചിരുന്നു. 2024 ഐ.പി.എല്‍ അവസാനിച്ചതിനു പിന്നാലെ ദിനേശ് കാര്‍ത്തിക്ക് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. 2024 ഐ.പി.എല്‍ സീസണില്‍ ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനമായിരുന്നു കാര്‍ത്തിക് നടത്തിയത്.

15 മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 326 റണ്‍സ് ആണ് കാര്‍ത്തിക് അടിച്ചെടുത്തത്. 36.22 ആവറേജിലും 187.36 സ്ട്രൈക്ക് റേറ്റിലും ആയിരുന്നു കാര്‍ത്തിക് ബാറ്റ് വീശിയത്.

2008ലാണ് കാര്‍ത്തിക് തന്റെ ഐ.പി.എല്‍ കരിയര്‍ തുടങ്ങിയത്. ഇതുവരെ ഐ.പി.എല്ലില്‍ 257 മത്സരങ്ങളിലെ 234 ഇന്നിങ്സില്‍ നിന്നും 4842 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. അതില്‍ 97 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിട്ടുണ്ട്. ഇതുവരെ സെഞ്ച്വറികള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും 22 അര്‍ധ സെഞ്ച്വറി താരം നേടിയിട്ടുണ്ട്.

 

Content Highlight: Dinesh Karthik is the New Ambassador of SAT20