ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്.
മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് യൂണിറ്റും ബൗളിങ് യൂണിറ്റും ഒരുപോലെ പരാജയപ്പെട്ടിരുന്നു. പ്രതീക്ഷവെച്ച യുവതാരങ്ങള്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അതില്‍ പ്രധാനിയാണ് സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍.
ആദ്യ ടെസ്റ്റിന് പിന്നാലെ ഗില്ലിന്റെ ടീമിലുള്ള സ്ഥാനത്തിന് ഇളക്കം തട്ടാന്‍ സാധ്യതയുണ്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്. ഗില്ലിന്റെ മോശം ഫോം തന്നെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും ആഭ്യന്തര തലത്തില്‍ സര്‍ഫറാസ് ഖാനും രജത് പാടിദാറും വൈകാതെ ടീമിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്നും ഡി.കെ. പറഞ്ഞു.
‘ശുഭ്മന്‍ ഗില്‍ ഒരു പ്രധാന ആശങ്കയായി തുടരുന്നു. അവന്‍ പല ആളുകളുടെയും പ്രതീക്ഷ കാക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. അടുത്ത ടെസ്റ്റില്‍ അവന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ടീമില്‍ അവന്റെ സ്ഥാനം പോലും വലിയ ചോദ്യചിഹ്നമായേക്കാം,’ കാര്‍ത്തിക് ക്രിക്ബസ്സില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.
ആഭ്യന്തര തലത്തില്‍ മികച്ച പ്രകടനം നടത്തിയ സര്‍ഫറാസ് ഖാനും രജത് പാടിദാറും ഇന്ത്യന്‍ ടീമില്‍ വൈകാതെ ഇടം പിടിച്ചേക്കാമെന്നും ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
‘മധ്യനിരയിലെ ഏക ഓപ്ഷന്‍ സര്‍ഫറാസ് ഖാനാണ്. അവന്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ ടീമില്‍ ഇടം പിടിക്കാന്‍ സര്‍ഫറാസിന് സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
ഇപ്പോള്‍ മധ്യനിരയില്‍ മറ്റൊരു പേരും ഉയര്‍ന്നുകേള്‍ക്കുന്നില്ല. രജത് പാടിദാറാണ് ടീമില്‍ ഇടം നേടാന്‍ സാധ്യത കല്‍പിക്കുന്ന മറ്റൊരു സൂപ്പര്‍ താരം. വൈകാതെ തന്നെ ടീം അവനെ പരിഗണിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
അതേസമയം, സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മുന്നൊരുക്കത്തിലാണ് ഇന്ത്യ. ആദ്യ ടെസ്റ്റ് പരാജയപ്പെട്ടതോടെ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. രണ്ടാം ടെസ്റ്റിലെ സമനില പോലും ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടേക്കും.