ബിജിബാല്‍ പറഞ്ഞത് കൊണ്ട് മാത്രമാണ് മഹേഷിന്റെ പ്രതികാരത്തില്‍ ആ സീന്‍ വീണ്ടും ഉള്‍പ്പെടുത്തിയത്: ദിലീഷ് പോത്തന്‍
Entertainment
ബിജിബാല്‍ പറഞ്ഞത് കൊണ്ട് മാത്രമാണ് മഹേഷിന്റെ പ്രതികാരത്തില്‍ ആ സീന്‍ വീണ്ടും ഉള്‍പ്പെടുത്തിയത്: ദിലീഷ് പോത്തന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th March 2024, 8:01 am

റിയലിസ്റ്റിക് സിനിമകള്‍ക്ക് പുതിയൊരു കഥപറച്ചില്‍ മലയാളികളുടെ മുന്നില്‍ പരിചയപ്പെടുത്തിയ സിനിമയായിരുന്നു മഹേഷിന്റെ പ്രതികാരം. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. പോത്തേട്ടന്‍ ബ്രില്ല്യന്‍സ് എന്നൊരു പുതിയ വാക്കും ഇതിലൂടെ മലയാളസിനിമയില്‍ രൂപംകൊണ്ടു. ക്യാമറക്ക് മുന്നില്‍ അധികം കണ്ട് ശീലമില്ലാത്ത ഒരുകൂട്ടം ആര്‍ട്ടിസ്റ്റുകളുടെ ഗംഭീര പ്രകടനം മഹേഷിന്റെ പ്രതികാരത്തില്‍ കാണാന്‍ സാധിച്ചു.

ചിത്രത്തിലെ ഒരു രംഗം ആദ്യം എഡിറ്റിങ് ടേബിളില്‍ വെച്ച് ഒഴിവാക്കിയിരുന്നുവെന്നും പിന്നീട് സംഗീതസംവിധായകന്‍ ബിജിബാല്‍ പറഞ്ഞതുകൊണ്ടാണ് ആ സീന്‍ ഉള്‍പ്പെടുത്തിയതെന്നും സംവിധായകന്‍ ദിലീഷ് പോത്തന്‍ വെളിപ്പെടുത്തി. ക്യൂ സ്റ്റുഡിയോ നടത്തിയ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ വെച്ചാണ് ദിലീഷ് ഇക്കാര്യം പറഞ്ഞത്.

‘ചില സമയത്ത് മ്യൂസിക് ഡയറക്ടേഴ്‌സ് പറയുന്ന സജഷന്‍സ് കേട്ട് നമ്മള്‍ ഫൈനല്‍ കോപ്പിയില്‍ മാറ്റം വരുത്തും. മഹേഷിന്റെ പ്രതികാരത്തില്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ട്. ഷൂട്ട് ചെയ്ത സമയത്ത് എനിക്ക് ഇഷ്ടപ്പെട്ട സീനുകളില്‍ ഒന്നായിരുന്നു അലന്‍സിയര്‍ കരഞ്ഞുകൊണ്ട് തെറിവിളിക്കുന്ന സീന്‍. ‘കരയിപ്പിക്കാതെടാ നായിന്റെ മോനേ’ എന്ന ഡയലോഗ് അലന്‍സിയര്‍ അടിപൊളിയായി പെര്‍ഫോം ചെയ്തു.

പക്ഷേ എഡിറ്റിങ്ങിന്റെ സമയത്ത് ഈ സീന്‍ കണ്ടപ്പോള്‍ എനിക്ക് കണ്‍ഫ്യൂഷനായി. ഈ സീനിന്റെ ഇമോഷന്‍ കറക്ടായിട്ട് പ്രേക്ഷകരിലേക്ക് എത്തുമോ എന്ന് വിചാരിച്ചു. ഒരേ സമയം ഇമോഷനലും അതുപോലെ കോമഡിയും മിക്‌സ് ആയിട്ടുള്ള ഡയലോഗാണ് അത്. അതിലെ ഇമോഷന്‍ വര്‍ക്കാകാതെ കോമഡി മാത്രം ആളുകള്‍ ഏറ്റെടുക്കുമോ എന്ന് വിചാരിച്ച് ഞാന്‍ ആ സീന്‍ ഒഴിവാക്കി.

പിന്നീട് എഡിറ്റഡ് വേര്‍ഷന്‍ കണ്ട് ബിജിബാല്‍ എന്നെ വിളിച്ചിരുന്നു. വിളിച്ചിട്ട്, ഞാന്‍ ആദ്യം കണ്ട കോപ്പിയില്‍ ഒരു കിടിലന്‍ ഡയലോഗ് ഉണ്ടായിരുന്നല്ലോ. അലന്‍സിയര്‍ കരഞ്ഞുകൊണ്ട് തെറി വിളിക്കുന്ന സീന്‍. അതിപ്പോള്‍ കാണുന്നില്ലല്ലോ. എന്തുപറ്റി എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, എന്തോ പിന്നീട് കണ്ടപ്പോള്‍ എനിക്ക് വര്‍ക്കായില്ല, അതുകൊണ്ട് കളഞ്ഞു എന്ന്.

‘എന്തിനാ കളയുന്നേ, അടിപൊളി സീനല്ലേ. ആള്‍ക്കാര്‍ക്ക് അത് വര്‍ക്കാകും, കളയണ്ട’ എന്ന് ബിജിബാല്‍ പറഞ്ഞു. പുള്ളീടെ വാക്ക് കേട്ട് ഞങ്ങള്‍ റീ എഡിറ്റ് ചെയ്ത് ഉള്‍പ്പെടുത്തി. തിയേറ്ററില്‍ അത് വര്‍ക്കാകുകയും ചെയ്തു,’ ദിലീഷ് പറഞ്ഞു.

Content Highlight: Dileesh Pothan saying that he added a scene by listening the suggestion of Bijibal in Maheshinte Prathikaram