Entertainment
അവരെ യൂട്യൂബില്‍ എന്റര്‍ടൈന്‍ ചെയ്യിക്കുന്ന ഒരു ജോക്കറായാണ് എന്നെ കാണുന്നത്: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 20, 12:18 pm
Saturday, 20th April 2024, 5:48 pm

വിഷു റിലീസായി തിയേറ്ററിലെത്തിയ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. വേണു കൂത്തുപറമ്പ് എന്ന കഥാപാത്രമായിരുന്നു ധ്യാനിന്റേത്.

ആളുകള്‍ യൂട്യൂബില്‍ അവരെ എന്റര്‍ടൈന്‍ ചെയ്യിക്കുന്ന ഒരു ജോക്കര്‍ എന്ന നിലയിലാണ് തന്നെ കാണുന്നതെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘തലേദിവസം വരെ എന്റെ ഇന്റര്‍വ്യൂകളും പ്രൊമോഷണല്‍ കണ്ടന്റുകളുമൊക്കെ കണ്ടിട്ടാണ് ജനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ വരുന്നത്. എന്റെ ഏറ്റവും വലിയ കണ്‍സേണും അതായിരുന്നു. അവരെ യൂട്യൂബില്‍ ഒക്കെ എന്റര്‍ടൈന്‍ ചെയ്യിക്കുന്ന ഒരു ജോക്കര്‍ എന്ന നിലയിലാണ് എന്നെ അവര്‍ കാണുന്നത് (ചിരി). തത്കാലം അങ്ങനെ വിചാരിക്കാം.

എന്നെ ആളുകള്‍ക്ക് ഇഷ്ടമാണ്. അങ്ങനെ ഒരാളെ തിയേറ്ററില്‍ ഇത്തരം ഒരു രൂപത്തില്‍ കാണുമ്പോള്‍ ചിലപ്പോള്‍ ആ കഥാപാത്രമായി അവര്‍ക്ക് ഫീല് ചെയ്യണമെന്നില്ല. ഇത് നമ്മുടെ ധ്യാനല്ലേ എന്ന് പറഞ്ഞേക്കാം. ഞാന്‍ അത്രയും ഫെമിലിയറും എക്സ്പോസ്ഡുമാണ്. അതുകൊണ്ട് ഏട്ടനോട് പടത്തിന്റെ പ്രൊമോഷന് ഞാന്‍ വരണോ എന്ന് ആദ്യം ചോദിച്ചിരുന്നു,’ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ കണ്ട് തന്റെ സുഹൃത്തുക്കള്‍ വിളിച്ച് താന്‍ കരയുന്ന സീനില്‍ അവര്‍ക്ക് കണ്ണ് നിറഞ്ഞുവെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും താരം അഭിമുഖത്തില്‍ പറയുന്നു. സുഹൃത്തുക്കളുടെ ഫീഡ്ബാക്ക് കിട്ടിയപ്പോള്‍ താന്‍ ഹാപ്പിയായെന്നും ധ്യാന്‍ പറഞ്ഞു.

‘എന്നെ അടുത്ത് അറിയുന്ന സുഹൃത്തുക്കള്‍ പോലും വിളിച്ച് ഞാന്‍ കരയുന്ന സ്ഥലത്ത് അവര്‍ക്ക് കണ്ണ് നിറഞ്ഞുവെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. അതില്‍ സിനിമയുടെ ഷൂട്ടിങ് നിന്ന് പോയെന്ന് പറയുന്ന സീനിനെ കുറിച്ചാണ് അവര്‍ പറഞ്ഞത്.

കാരണം തലേദിവസം സംസാരിച്ച ആളുകളാണ് ഇത് പറയുന്നത്. അപ്പു എക്‌സ്‌പോസ്ഡല്ല. രണ്ട് വര്‍ഷത്തിന്റെ ഇടയില്‍ അപ്പു ഒട്ടും എക്‌സ്‌പോസ്ഡ് അല്ലായിരുന്നു. അവനെ അതുകൊണ്ട് ആ കഥാപാത്രമായി ഫീല്‍ ചെയ്യാം. എന്നാല്‍ എന്നെ അങ്ങനെ ഫീല്‍ ചെയ്യണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അതുകൊണ്ട് സുഹൃത്തുക്കളുടെ ഫീഡ്ബാക്ക് കിട്ടിയപ്പോള്‍ തന്നെ ഞാന്‍ ഹാപ്പിയായി,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Dhyan Sreenivasan Talks About His Promotional Works