Entertainment
അര്‍ജുന്‍ റെഡ്ഡിയെ പോലെ ഇരുന്ന എന്നെ ഒറ്റ സിനിമകൊണ്ട് അവന്‍ മണ്ടനാക്കി കളഞ്ഞു: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 24, 05:57 am
Monday, 24th February 2025, 11:27 am

ബേസില്‍ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 2015ല്‍ പുറത്തിറങ്ങിയ കുഞ്ഞിരാമായണം. ദീപു പ്രദീപിന്റെ തിരക്കഥയില്‍ എത്തിയ കുഞ്ഞിരാമായണത്തില്‍ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബിജു മേനോന്‍, സൃന്ദ തുടങ്ങിയ മികച്ച താരങ്ങളായിരുന്നു ഒന്നിച്ചത്. ഓണം റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രം അന്നത്തെ ഓണം വിന്നര്‍ ആയിരുന്നു.

ലാലു എന്ന കഥാപാത്രമായാണ് ധ്യാന്‍ ശ്രീനിവാസന്‍ സിനിമയിലെത്തിയത്. കുഞ്ഞിരാമായണം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റ രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍.

ആ സിനിമക്ക് ശേഷം എല്ലാവരും തന്നെ മണ്ടനായിട്ടാണ് കണ്ടതെന്നും സത്യത്തില്‍ താന്‍ റിബല്‍ ആയിരുന്നെന്നും ധ്യാന്‍ പറഞ്ഞു. മണ്ടനായി അഭിനയിച്ച് സിനിമ ചെയ്യുന്ന ബുദ്ധിമാനാണ് ബേസില്‍ ജോസഫ് എന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

‘കുഞ്ഞിരാമായണത്തിലെ എന്റെ കഥാപാത്രം ശരിക്കും മണ്ടനാണ്. മണ്ടനെപോലെയാണ് എന്നൊന്നും അല്ല. ശരിക്കും മണ്ടനാണ്. ആ സിനിമ കഴിഞ്ഞിട്ട് അതിന്റെ ബാരേജ് മാറ്റാന്‍ ഞാന്‍ എത്ര പറഞ്ഞെന്ന് അറിയാമോ. എല്ലാവരും ‘എടാ മണ്ട’ എന്ന രീതിയിലാണ് എന്നെ കണ്ടത്.

സത്യത്തില്‍ ഞാന്‍ ഭയങ്കര ഫിലോസഫറും മോട്ടിവേഷന്‍ സ്പീക്കറുമൊക്കെയാണ്. ഒരുകാലത്ത് റിബ്ബലായിരുന്നു (ചിരി). അര്‍ജുന്‍ റെഡ്ഡിയെ പോലെ ഇരുന്ന എന്നെ ഒറ്റ സിനിമകൊണ്ട് ബേസില്‍ മണ്ടനാക്കി കളഞ്ഞു. സത്യം പറഞ്ഞാല്‍ ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല.

ഞാന്‍ മണ്ടനായതുകൊണ്ടല്ല, എന്റെ കൂടെയുള്ള ഡയറക്ടര്‍ (ബേസില്‍ ജോസഫ്) അതിനേക്കാള്‍ മണ്ടനാണ്. അവനെ കുറച്ച് നേരം നോക്കിനിന്നാല്‍ മതി. അവന്റെ കളി അങ്ങനെയാണ്. കുറച്ച് നേരം നോക്കിനിന്നാല്‍ മണ്ടനാണെന്നേ പറയുകയുള്ളൂ.

അവന്‍ എല്ലാം ചെയ്ത് കാണിച്ച് തരും. ആ മണ്ടനെ നമ്മള്‍ ഫോളോ ചെയ്താല്‍ മതി. മണ്ടനായി അഭിനയിച്ച് സിനിമ ചെയ്യുന്ന ബുദ്ധിമാന്‍ അവന്‍ മാത്രമേ ഉള്ളു,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

Content highlight: Dhyan Sreenivasan talks about his character in Kunjiramayanam movie