പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് ഭക്തര്‍ക്ക് പ്രവേശനമില്ല. പമ്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പമ്പ ഷട്ടറുകൂടെ തുറക്കാനുള്ള സാധ്യത പരിഗണിച്ചുകൊണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പമ്പയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നിരോധനം ഏര്‍പ്പെടുത്തികൊണ്ട് കളക്ടറുടെ ഉത്തരവ് വന്നത്.
വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് ഏറ്റവും അടുത്ത ദിവസം തന്നെ ദര്‍ശനത്തിന് അവസരം നല്‍കും. മണ്ഡലകാലം തുടങ്ങിയതിന് ശേഷം ഇതാദ്യമായിട്ടാണ് ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. ജലനിരപ്പ് 141 അടിക്ക് മുകളിലെത്തിയതോടെയാണ് ഷട്ടര്‍ തുറന്നത്. നേരത്തെ തുറന്നുവെച്ച മൂന്നാമത്തെ ഷട്ടര്‍ 30 സെന്റീമീറ്റര്‍ കൂടെ ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകളുണ്ടായിട്ടില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അണക്കെട്ടിന്റെ അന്തിമ റൂള്‍ കെര്‍വ് തയ്യാറായിട്ടില്ല എന്ന കേരളത്തിന്റെ വാദം തെറ്റാണെന്നും തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചു.
തിങ്കാളാഴ്ച മുതല്‍ മുല്ലപ്പെരിയാര്‍ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് തമിഴ്നാട് പുതിയ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. നേരത്തെ ഹരജിക്കാരന്‍ ജോ ജോസഫ് മുല്ലപ്പെരിയാറില്‍ വിള്ളലുണ്ടെന്ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഈ വാദം തെറ്റാണെന്നാണ് തമിഴ്നാട് സത്യവാങ്മൂലത്തില്‍ പറയുന്നത്.