സമവായ ചര്‍ച്ചക്ക് ദേവസ്വം ബോര്‍ഡ്; 16ന് തിരുവനന്തപുരത്ത് ചര്‍ച്ച; ശബരിമല രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റുന്നതിനോട് താല്‍പ്പര്യമില്ല: എ പത്മകുമാര്‍
Shabarimala
സമവായ ചര്‍ച്ചക്ക് ദേവസ്വം ബോര്‍ഡ്; 16ന് തിരുവനന്തപുരത്ത് ചര്‍ച്ച; ശബരിമല രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റുന്നതിനോട് താല്‍പ്പര്യമില്ല: എ പത്മകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th October 2018, 11:03 am

പന്തളം: ശബരിമല വിഷയത്തില്‍ സമവായ ചര്‍ച്ചക്ക് ദേവസ്വം ബോര്‍ഡ്. 16ാം തിയ്യതി രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു.

തന്ത്രി കുടുംബത്തേയും പന്തളം കൊട്ടാര പ്രതിനിധിയേയും അയ്യപ്പ സേവാ സംഘത്തേയും ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിനു ഒരു കാര്യത്തിലും മുന്‍വിധിയില്ലെന്നും പ്രശ്‌നങ്ങള്‍ ന്യായമായി പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പത്മകുമാര്‍ വ്യക്തമാക്കി.


ശബരിമല ഒരു രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റുന്നതിനോട് ദേവസ്വം ബോര്‍ഡിനു താല്‍പ്പര്യമില്ല. വിശ്വാസികളായിട്ടുള്ള മുഴുവന്‍ ആള്‍ക്കാരും അങ്ങനെയുള്ള കാര്യങ്ങള്‍ എതിര്‍ക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

“സമരത്തില്‍ ഒട്ടേറെ ആളുകള്‍ പങ്കെടുക്കുന്നുണ്ട്. അത് അവരുടെ വിശ്വാസത്തിന്റെ ഭാഗമായാണ്. ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവം നന്നായി നടത്തികൊണ്ടു പോകാന്‍ കഴിയത്തക്ക സാഹചര്യം ഒരുക്കണം എന്നുള്ളതാണ് ഞങ്ങള്‍ കരുതുന്നത്. ആരെയും ശത്രുതാ പരമായി കാണുന്നില്ല.


ചര്‍ച്ചയ്ക്കു ശേഷം ഈ കാര്യത്തില്‍ നല്ല നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ഒരു ചര്‍ച്ചയ്ക്കു വിളിക്കുമ്പോള്‍ അവരവരുടെ അഭിപ്രായം അവരവര്‍ക്ക് പറയാലോ. എന്നാല്‍ മുന്‍വിധിയോടു കൂടിയാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ കണ്ടത്. അതുകൊണ്ടാണ് സര്‍ക്കാരുമായുള്ള ചര്‍ച്ച നടക്കാതെ പോയത്- പത്മകുമാര്‍ വ്യക്തമാക്കി.