തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് നിലപാട് തന്നെയാണ് സുപ്രീം കോടതിയില്‍ അറിയിച്ചതെന്നും കോടതി പരിശോധിച്ചത് പുനപരിശോധന ഹര്‍ജികളുടെ സാധുതയാണെന്നും കമ്മീഷണര്‍ പറഞ്ഞു.
“സുപ്രീംകോടതി വിധി അനുസരിച്ചുള്ള നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചത്. സാവകാശ ഹര്‍ജിയില്‍ വാദം നടന്നിട്ടില്ല. പുനഃപരിശോധന ഹര്‍ജികളില്‍ മാത്രമാണ് വാദം നടന്നത്” അദ്ദേഹം വ്യക്തമാക്കി
പ്രസിഡന്റിന് ആശയക്കുഴപ്പം ഉണ്ടോയെന്ന് അറിയില്ലെന്നും നിലപാട് മാറ്റിയിട്ടുണ്ടോ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചിട്ടില്ലെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന ബോര്‍ഡ് തീരുമാനമാണ് ധരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതിയില്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച് കമ്മീഷണറോട് വിശദീകരണം തേടിയെന്നായിരുന്നു നേരത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞത്.
” നമ്മള്‍ സാവകാശ ഹരജിയാണ് കൊടുത്തത്. ആ സാവകാശ ഹരജിയുമായി ബന്ധപ്പെട്ടിട്ടാണ് വാദം നടത്തേണ്ടത്. എന്താണ് സംഭവിച്ചിട്ടുളളത് എന്നത് ഇന്നിപ്പോള്‍ കമ്മീഷണര്‍ വരുമ്പോള്‍ അറിയാം. കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ടു ലഭിച്ചശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാം.” എന്നായിരുന്നു പത്മകുമാര്‍ പറഞ്ഞത്.
അതേസമയം ശബരിമല വിധിയ്ക്കെതിരായ പുനപരിശോധനാ ഹരജികളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കുകയാണ് ദേവസ്വം ബോര്‍ഡ് കഴിഞ്ഞദിവസം ചെയ്തത്. ആര്‍ത്തവം ഇല്ലാതെ മനുഷ്യകുലത്തിന് നിലനില്‍പ്പില്ലെന്നും വ്യക്തിയ്ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാവില്ലെന്നും ബോര്‍ഡിന് വേണ്ടി ഹാജരായ രാകേഷ് ദ്വിവേദി വാദിച്ചിരുന്നു.
ക്ഷേത്ര ആചാരങ്ങള്‍ ഭരണഘടനാ ധാര്‍മ്മികതയ്ക്ക് വിധേയം. ജൈവശാസ്ത്ര പരമായ കാരണങ്ങളാല്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആകില്ല. സമൂഹത്തിന്റെ ഒരു മേഖലയിലും സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ ആകില്ലെന്നും ദ്വിവേദി വാദിച്ചിരുന്നു.