Kerala News
വന്യജീവി ആക്രമണങ്ങളുടെ എണ്ണം കുറഞ്ഞെന്ന കണക്കുമായി ദേശാഭിമാനി; യാഥാര്‍ത്ഥ്യം ചര്‍ച്ചയാകാതിരിക്കാന്‍ യു.ഡി.എഫ് ശ്രമമെന്നും വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 26, 04:16 am
Sunday, 26th January 2025, 9:46 am

കോഴിക്കോട്: സംസ്ഥാനത്ത് വന്യ ജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന കണക്കുകളുമായി ദേശാഭിമാനി ദിനപത്രം. 2011-12 മുതല്‍ 2025 ജനുവരി 1 വരെയുള്ള കണക്കുകളാണ് ദേശാഭിമാനി ദിനപത്രത്തില്‍ പട്ടികയായി നല്‍കിയിരിക്കുന്നത്. ഇതില്‍ 2019-20 കാലഘട്ടം മുതല്‍ ഈ ജനുവരി 1 വരെയുള്ള കണക്കുകളില്‍ 2021-22 ഘട്ടത്തിലൊഴികെ എല്ലാ വര്‍ഷവും നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നും കണക്കില്‍ പറയുന്നു. 2021-22 വര്‍ഷത്തില്‍ 113 പേരാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

പത്രം നല്‍കിയ പട്ടിക പ്രകാരം 2011-12 മുതല്‍ ഈ വര്‍ഷം ജനുവരി 1 വരെയുള്ള കണക്കുകളില്‍ 2016-17, 2018-19 വര്‍ഷങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വന്യജീവി ആക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. ഇത് യഥാക്രമം 145, 146 എന്നിങ്ങനെയാണ്. മറ്റു വര്‍ഷങ്ങളെ പരിശോധിക്കുമ്പോള്‍ ഈ എണ്ണം ക്രമേണ കുറഞ്ഞവരികയും ചെയ്യുന്നുണ്ട്. 2021-22 മുതല്‍ വന്യജീവി ആക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞുവരുന്നതായും പട്ടികയില്‍ കാണാം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന മലയോര ജാഥയുടെ പശ്ചാത്തലത്തിലാണ് ഈ വാര്‍ത്ത. മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങളും മറ്റു പ്രശ്‌നങ്ങളുമായും ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനാണ് യു.ഡി.എഫ് ഈ യാത്രയിലൂടെ ശ്രമിക്കുന്നതെന്നും പത്രം കുറ്റപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമായി വന്യജീവി ആക്രമണളുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇത് ചര്‍ച്ചയാകാതിരിക്കാന്‍ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലുള്ള യാത്രയെന്നും പത്രം പറയുന്നു.

Deshabhimani News claims the number of wildlife attacks is on the decline

വന്യജീവി ആക്രമണങ്ങളുടെ എണ്ണം കുറയുന്നു എന്ന് അവകാശപ്പെടുന്ന ദേശാഭിമാനി വാര്‍ത്ത

യു.ഡി.എഫ് ഭരണകാലത്ത് നടന്ന വന്യ ജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരമോ പരിഗണനയോ അന്നത്തെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നില്ലെന്നും ഈ വാര്‍ത്തയില്‍ പറയുന്നു. അക്കാലത്തെ കുറിച്ച് യു.ഡി.എഫ് ഇപ്പോള്‍ മൗനം പാലിക്കുകയാണെന്നും പത്രം കുറ്റപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാറിന്റെ വന നിയമങ്ങള്‍ക്കെതിരെ യു.ഡി.എഫ് മൗനം പാലിക്കുകയാണെന്നും പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങളുമായി യു.ഡി.എഫ് സഹകരിക്കുന്നില്ലെന്നും പത്രം പറയുന്നു.

സംസ്ഥാനത്തെ 51 നിയമസഭ മണ്ഡലങ്ങളിലായി 233 തദ്ദേശ സ്ഥാപനങ്ങളാണ് വനാതിര്‍തിര്‍ത്തി പങ്കിടുന്നത്. ഇവിടങ്ങളിലെല്ലാം ഹ്രസ്വ, ദീര്‍ഘ കാല നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും വാര്‍ത്തയില്‍ പറയുന്നു. വനാതിര്‍ത്തിയെ 12 സോണുകളാക്കിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ദേശാഭിമാനി പറയുന്നു.

കേന്ദ്രസര്‍ക്കാറിന്റെ നടപടികളെയും വാര്‍ത്ത വിമര്‍ശിക്കുന്നുണ്ട്. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനായി സമഗ്രപദ്ധതി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും നയത്തില്‍ മാറ്റം വരുത്താനോ പാക്കേജിന് പണം നല്‍കാനോ കേന്ദ്രം തയ്യാറായിട്ടില്ലെന്നും പത്രം കുറ്റപ്പെടുത്തുന്നു. പാക്കേജ് പരിശോധിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ദേശാഭിമാനി ദിനപത്രം പറയുന്നു.

content highlights: Deshabhimani estimates that the number of wildlife attacks has decreased; The explanation is that the UDF is trying to avoid discussing the reality