ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയിലെ ഹിസ്റ്ററി ഹോണേഴ്‌സ് പ്രോഗാമിന്റെ സിലബസില്‍ മനുസ്മൃതിയും ബാബര്‍നാമയും ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം ഫാക്കല്‍റ്റി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിക്കാനൊരുങ്ങുന്നു.
തന്റെ അടിയന്തര അധികാരമുപയോഗിച്ച് അക്കാദമിക് കൗണ്‍സിലിന് മുമ്പാകെ ഈ നിര്‍ദ്ദേശം അവതരിപ്പിക്കുന്നത് ഒഴിവാക്കുമെന്ന് വൈസ് ചാന്‍സലര്‍ യോഗേഷ് സിങ് വ്യക്തമാക്കി. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഒരു വിഷയവും സര്‍വകലാശാല ഉള്‍പ്പെടുത്തില്ലെന്നും പകരം ബദല്‍ പാഠപുസ്തകങ്ങള്‍ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 19ന് ചേര്‍ന്ന ചരിത്ര വകുപ്പിന്റെ സംയുക്ത കോഴ്സ് കമ്മിറ്റിയാണ് മനുസ്മൃതിയും ബാബര്‍നാമയും പാഠപുസ്തകങ്ങളായി അവതരിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചത്. എന്നാല്‍ സിലബസ് മാറ്റങ്ങള്‍ അവലോകനം ചെയ്യുന്ന അക്കാദമിക് കൗണ്‍സിലും എക്‌സിക്യൂട്ടീവ് കൗണ്‍സിലും ഇതിന് അനുമതി നല്‍കിയില്ല.
രണ്ട് പാഠപുസ്തകങ്ങളും ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ചില ഫാക്കല്‍റ്റികള്‍ പ്രതിഷേധിച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസര്‍ സുരേന്ദ്ര കുമാറായിരുന്നു ഇതില്‍ പ്രധാനി. പ്രസ്തുത പാഠങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം വൈസ് ചാന്‍സലര്‍ക്ക് കത്തെഴുതിയിരുന്നു.
മനുസ്മൃതി ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തെയും അടിച്ചമര്‍ത്തലിനെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും, അത് ഉള്‍പ്പെടുത്തുന്നത് ‘ഭാരതത്തിന്റെ ഭരണഘടനയ്ക്കും നമ്മുടെ സമൂഹത്തിന്റെ ധാര്‍മികതയ്ക്കും എതിരാണെന്നും’ അദ്ദേഹം വാദിച്ചു.
മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ ഓര്‍മക്കുറിപ്പായ ബാബര്‍നാമയെ ഉള്‍പ്പെടുത്തുന്നതിനെ വിമര്‍ശിച്ച സുരേന്ദ്ര കുമാര്‍ ഇന്ത്യയില്‍ വ്യാപകമായ നാശം വിതച്ച ആക്രമകാരിയെ മഹത്വവത്ക്കരിക്കരുതെന്നും പറഞ്ഞു.
ഈ ഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് വാദിച്ച ഫാക്കല്‍റ്റികളുമുണ്ട്. ചരിത്രം പഠിക്കാനുള്ള ഒരു മാര്‍ഗമായി ഇതിനെ കാണമെന്നും അത്തരം ഗ്രന്ഥങ്ങളെ ചരിത്ര പശ്ചാത്തലത്തില്‍ വിശകലനം ചെയ്യണമെന്നും ഇക്കൂട്ടര്‍ വാദിക്കുകയുണ്ടായി.
മനുസ്മൃതി ദല്‍ഹി സര്‍വകലാശാലയില്‍ നിന്ന് എതിര്‍പ്പ് നേരിടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം നിയമ പാഠ്യപദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്താനുള്ള ശ്രമമവും പ്രതിഷേധത്തെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
Content Highlight: Delhi University to withdraw decision to include Manusmriti and Baburnama in history syllabus