ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജാമ്യാപേക്ഷ പരിഗണിക്കവെ സിസോദിയക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.
ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയ ശേഷം കോടതി കേസ് ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിയിരുന്നു.
ഇ.ഡി ഈ കേസില്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അതീവ ഗൗരവതരമാണെന്നതാണ് കോടതിയുടെ പ്രധാന നിരീക്ഷണം. ദല്‍ഹി എക്‌സൈസ് പോളിസിയെ സംബന്ധിച്ചോ അതിന്റെ വിശദാംശങ്ങളിലേക്കോ കോടതി പോയിട്ടില്ല.
വളരെ ശക്തനായ വ്യക്തിയാണ് മനീഷ് സിസോദിയ. അതിനാല്‍ ഈ ഘട്ടത്തില്‍ സിസോദിയക്ക് ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നാണ് കോടതി പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പൂര്‍ണമായ ഉത്തരവ് ലഭിച്ചാല്‍ മാത്രമെ മറ്റ് നിരീക്ഷണങ്ങള്‍ ഉണ്ടോയെന്നുള്ള വിവരങ്ങള്‍ ലഭിക്കൂ. ഭാര്യയുടെ അസുഖത്തെ തുടര്‍ന്നായിരുന്നു സിസോദിയ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ സിസോദിയയുടെയും സി.ബി.ഐയുടെയും വാദം കേട്ടതിന് ശേഷം ഉത്തരവ് മാറ്റിവെക്കുകയായിരുന്നു.
ഫെബ്രുവരി 26നായിരുന്നു സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. 2021-22 വര്‍ഷത്തേക്കുള്ള എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടത്തിയെന്നാണ് സിസോദിയക്ക് എതിരായ കേസ്.
അന്വേഷണത്തോട് സിസോദിയ സഹകരിച്ചില്ലെന്ന് സി.ബി.ഐ ആരോപിച്ചെങ്കിലും ഇത് തെറ്റാണെന്നും താന്‍ ആദ്യഘട്ടം മുതല്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചിരുന്നുവെന്നും സിസോദിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി.