സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനാകില്ല; കൗ ഹഗ് ഡേ പിന്‍വലിക്കരുതെന്ന ഹരജി തള്ളി ദല്‍ഹി ഹൈക്കോടതി
national news
സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനാകില്ല; കൗ ഹഗ് ഡേ പിന്‍വലിക്കരുതെന്ന ഹരജി തള്ളി ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd March 2023, 8:50 pm

ന്യൂദല്‍ഹി: കൗ ഹഗ് ഡേ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജി ദല്‍ഹി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പ്രതിഭ സിങ് ഹരജി തള്ളിയത്.

വാലന്റൈന്‍സ് ഡേക്ക് പകരം കൗ ഹഗ് ഡേ ആചരിക്കണമെന്ന നിര്‍ദേശം കേന്ദ്ര മൃഗസംരക്ഷണ വകുപ്പാണ് പുറത്തിറക്കിയത്. ഫെബ്രുവരി ആറിന് പുറത്തിറക്കിയ സര്‍ക്കുലര്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

തുടര്‍ന്ന് ഫെബ്രുവരി പത്തോടെ നിര്‍ദേശം പിന്‍വലിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ തീരുമാനത്തിനെതിരെയാണ് കോലിഷെട്ടി ശിവകുമാറെന്ന വ്യക്തി കോടതിയെ സമീപിച്ചത്. തിരുമല തിരുപ്പതി സംഘത്തിന്റെ മുന്‍ അംഗവും ആത്മീയ സംഘത്തിന്റെ നേതാവുമാണിദ്ദേഹം.

കൗ ഹഗ് ഡേ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി മരവിപ്പിക്കണമെന്നും അധികൃതരുടെ ഇടപെടലോടെ നടപ്പാക്കണമെന്നുമാണ് ഹരജിയില്‍ പറയുന്നത്. എന്നാല്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ നടപടി നയപരമായ തീരുമാനമാണെന്നും ഇടപെടാന്‍ കഴിയില്ലെന്നും പറഞ്ഞ കോടതി ഹരജി തള്ളുകയായിരുന്നു.

ഏതെങ്കിലുമൊരു പ്രത്യേക ദിവസം കൗ ഹഗ് ഡേ ആചരിക്കണമെന്ന് കോടതിക്ക് എങ്ങനെയാണ് നിര്‍ദേശം നല്‍കാന്‍ സാധിക്കുകയെന്നാണ് ജസ്റ്റിസ് പ്രതിഭ ഹരജിക്കാരനോട് ചോദിച്ചത്.

മാത്രമല്ല ഏതെങ്കിലും ഇവന്റുകള്‍ ആഘോഷിക്കാനുള്‌ള തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിതിയില്‍ വരുന്നതാണെന്നും അതിലെ കോടതി ഇടപെടലിന് പരിമിതിയുണ്ടെന്നും അവര്‍ പറഞ്ഞു.

പ്രണയ ദിനത്തിന് പകരം പശുക്കളെ കെട്ടിപ്പിടിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വിദേശ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായതിനെ തുടര്‍ന്നാണ് നിര്‍ദേശം പിന്‍വലിച്ച് കൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത്.

രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ നിയമത്തെ എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. അതേസമയം ബി.ജെ.പി നേതൃത്വം നിയമത്തെ സ്വാഗതം ചെയ്യുകയാണുണ്ടായത്.

Content HIghlight: Delhi high court denied plea on cow hug day