എന്തുകൊണ്ട് 170 വര്‍ഷങ്ങള്‍ക്ക് ശേഷം വന്നു; ചെങ്കോട്ടയുടെ അവകാശിയെന്ന് കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട സ്ത്രീയുടെ ഹരജി തള്ളി ദല്‍ഹി ഹൈക്കോടതി
national news
എന്തുകൊണ്ട് 170 വര്‍ഷങ്ങള്‍ക്ക് ശേഷം വന്നു; ചെങ്കോട്ടയുടെ അവകാശിയെന്ന് കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട സ്ത്രീയുടെ ഹരജി തള്ളി ദല്‍ഹി ഹൈക്കോടതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st December 2021, 9:28 am

ന്യൂദല്‍ഹി: അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ രണ്ടാമന്റെ നിയമപരമായ അവകാശിയാണെന്ന് കാണിച്ച് ചെങ്കോട്ട കൈമാറണമെന്ന ഹരജി തള്ളി ദല്‍ഹി ഹൈക്കോടതി. 68 വയസ്സുകാരിയായ സുല്‍ത്താന ബീഗത്തിന്റെ ഹരജി ആണ് ദല്‍ഹി ഹൈക്കോടതി തള്ളിയത്. ചെങ്കോട്ട അനധികൃതമായി കൈവശം വെച്ചുകൊണ്ടിരിക്കുന്നവര്‍ തനിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

പശ്ചിമബംഗാളിലെ ഒരു ചേരിയിലാണ് സുല്‍ത്താന താമസിക്കുത്. റങ്കൂണില്‍ നിന്നും രക്ഷപ്പെട്ട മുഗള്‍ചക്രവര്‍ത്തിയുടെ പേരക്കുട്ടിയായ മിര്‍സാ മുഹമ്മദ് ബേദര്‍ ഭഖ്തിന്റെ വിധവയാണ് താനെന്നാണ് ഇവര്‍ അവകാശപ്പെട്ടത്. 1960ല്‍ ബഹദൂര്‍ ഷാ രണ്ടാമന്റെ അവകാശിയായി ബഖ്തിനെ സര്‍ക്കാര്‍ അംഗീകരിച്ചെന്നും അദ്ദേഹത്തിന്റെ മരണശേഷം പെന്‍ഷന്‍ ലഭിച്ചിരുന്നുവെന്നും ഹരജിയില്‍ പറയുന്നു.

സര്‍ക്കാര്‍ ചെങ്കോട്ട അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്നും ഒരു നഷ്ടപരിഹാരവും നല്‍കാതെ കൂടാതെ സുല്‍ത്താന ബീഗത്തിന്റെ പൂര്‍വ്വിക സ്വത്ത് തട്ടിയെടുത്തുവെന്നും ഹരജിയില്‍ പറയുന്നു. ബഹദൂര്‍ ഷാ സഫറിനെ ഈസ്റ്റ് ഇന്ത്യാ കമ്പനി നാടുകടത്തിയപ്പോള്‍, ‘നിയമവും സ്വാഭാവിക നീതിയുടെ തത്വവും പരിഗണിക്കാതെ’ സ്വത്ത് അവര്‍ ഏറ്റെടുത്തു.

അതേസമയം, കോടതിയെ സമീപിക്കുന്നതിലെ കാലതാമസവും വീഴ്ചയും ആദ്യം വിശദീകരിക്കണെമെന്ന് സുല്‍ത്താന ബീഗത്തിന്റെ അഭിഭാഷകനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. നിങ്ങള്‍ ഉടമയാണോ അല്ലയോ എന്നുള്ളത് വിടുക. നിങ്ങളുടെ ഹരജിയിലെ ആദ്യ വരി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിങ്ങള്‍ളോട് അനീതി ചെയ്തുവെന്നാണ്,’ ഹരജിക്കാരനെ പ്രതിനിധീകരിച്ച അഭിഭാഷകനോട് ജസ്റ്റിസ് രേഖ പള്ളി പറഞ്ഞു.

ഹരജിക്കാരി നിരക്ഷരയും ദരിദ്രയുമാണെന്നത് നിരാകരിച്ച കോടതി പരാതി നല്‍കിയതിലെ കാലതാമസമെന്തുകൊണ്ടുണ്ടായി എന്ന് ചോദിച്ചു.
‘ഹരജിയില്‍ പറയുന്ന പ്രകാരം 1857 ലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്നും ഈ അനീതി ഉണ്ടായിരിക്കുന്നത്. എന്നാല്‍ 170 വര്‍ഷത്തിന് ശേഷം കോടതിയെ സമീപിച്ചത് വിശദീകരിക്കൂ, അതിനു ശേഷം ചെങ്കോട്ടയില്‍ നിങ്ങള്‍ക്കുള്ള അവകാശം പരിശോധിക്കാം. ഇപ്പോള്‍ ചെങ്കോട്ട അനധികൃതമായി കൈവശം വെച്ചുകൊണ്ടിരിക്കുന്നവരെ ഇത് അറിയിക്കാം. അതാണല്ലോ നിങ്ങള്‍ക്ക് വേണ്ടത്,’ കോടതി പറഞ്ഞു.

കോടതിക്ക് വലിയ സമയനഷ്ടമുണ്ടാക്കി എന്ന് പരാമര്‍ശിച്ച കോടതി, കാലതാമസത്തിന്റെ അടിസ്ഥാനത്തില്‍ ഹരജി തള്ളുകയും ചെയ്തു. ഹിയറിങ്ങിന്റെ അവസാനം അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറലിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കൈയ്യില്‍ നിന്നും ചെങ്കോട്ട നഷ്ടമാവാത്തതില്‍ സന്തോഷമുണ്ടെന്നായിരുന്നു മറുപടി.

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ 1649 ല്‍ നിര്‍മിച്ച ചെങ്കോട്ട 1857 ല്‍ ഒന്നാം സ്വാതന്ത്ര്യസമരകാലത്താണ് ബ്രിട്ടീഷുകാരുടെ അധീനതയിലാവുന്നത്.
1803 ല്‍ ബ്രിട്ടീഷ്‌കാര്‍ ദല്‍ഹി തങ്ങളുടെ ആധിപത്യത്തിന്റെ കീഴിലാക്കിയെങ്കിലും ബ്രിട്ടീഷ് ആസ്ഥാനം കല്‍ക്കത്തയിലായതിനാല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ ഷാ രണ്ടാമനെ ദല്‍ഹിയില്‍ തന്നെ കഴിയാന്‍ അനുവദിക്കുകയായിരുന്നു.

1857 മേയില്‍ ഒന്നാം സ്വാതന്ത്യസമരത്തില്‍ ചെങ്കോട്ടയിലെത്തിയ വിപ്ലവകാരികള്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ഷാ രണ്ടാമനെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ ദല്‍ഹി തിരിച്ചുപിടിച്ച ബ്രിട്ടീഷുകാര്‍ ബഹദൂര്‍ഷാ രണ്ടാമനെ തടവുകാരനായി പിടിച്ച് മ്യാന്‍മറിലേക്ക് നാടുകടത്തി. 1862 നവംബര്‍ ഏഴിനാണ് മ്യാന്‍മറില്‍ ബഹദൂര്‍ഷാ രണ്ടാമന്‍ അന്തരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: delhi-hc-dismisses-womans-plea-seeking-possession-of-red-fort