മുംബൈ: നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) മുന്‍ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്ക് വധഭീഷണി. ട്വിറ്ററിലൂടെയായിരുന്നു വധഭീഷണി ലഭിച്ചത്. സംഭവത്തില്‍ ഗൊറേഗാവ് പൊലീസ് കേസെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിനെതിരെ നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലാണ് വാങ്കഡെയ്‌ക്കെതിരെ വധഭീഷണി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ജാതി അടിസ്ഥാനപ്പെടുത്തി തന്നെ അപകീര്‍ത്തിര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു വാങ്കഡെ നവാബി മാലിക്കിനെതിരെ പരാതി നല്‍കിയത്
ഈ മാസം 14നായിരുന്നു വാങ്കഡെയ്ക്ക് നേരെ വധഭീഷണിയെത്തിയത്. ‘അമാന്‍’ എന്ന വ്യാജ അക്കൗണ്ടില്‍ നിന്നാണ് വധഭീഷണിയെത്തിയതെന്ന് വാങ്കഡെ പൊലീസിനെ അറിയിച്ചു. ഇത് തനിക്ക് നേരെ ഭീഷണിയുയര്‍ത്താന്‍ വേണ്ടി മാത്രം നിര്‍മിച്ച അക്കൗണ്ട് ആണെന്ന് വാങ്കഡെ ആരോപിച്ചു.
‘നിങ്ങള്‍ ചെയ്തത് എന്താണെന്ന് നിങ്ങള്‍ക്കറിയാം. അതിന് നിങ്ങള്‍ കണക്കുപറയേണ്ടിവരും’ എന്നാണ് ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. നിങ്ങളെ അവസാനിപ്പിക്കും എന്ന മറ്റൊരു സന്ദേശവും ഇതിന് പുറമെ ലഭിച്ചിരുന്നു.
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് നേരത്തെ വാങ്കഡെയ്‌ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2021ഒക്ടോബറിലായിരുന്നു എന്‍.സി.ബി കപ്പലില്‍ റെയ്ഡ് നടത്തിയത്. ആര്യന്‍ ഖാനെയടക്കം 19പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ എന്‍.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായിരുന്ന നവാബ് മാലിക്ക് വാങ്കഡെയ്ക്ക് നേരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. കേസില്‍ വാങ്കഡെ കൈക്കൂലി വാങ്ങിയെന്നായിരുന്നു നവാബ് മാലിക്കിന്റെ ആരോപണം. ഇതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തില്‍ നിന്നും വാങ്കഡെയെ പുറത്താക്കുകയും പിന്നീട് അന്വേഷണം മറ്റൊരു സംഘത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയുമായിരുന്നു.
ഇതിന് ശേഷമാണ് ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടത്. കേസില്‍ ഒരു മാസത്തോളം ആര്യന്‍ ഖാന്‍ മുംബൈ പൊലീസിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നു. കപ്പലില്‍ നിന്നും ആര്യന്‍ കാനെ പിടികൂടുമ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ലഹരിവസ്തുക്കള്‍ ഉണ്ടായിരുന്നില്ല. ഫോണ്‍ പരിശോധനയില്‍ അന്താരാഷ്ട്ര മയക്കുമരുന്നു സംഘങ്ങളുമായുള്ള ബന്ധവും കണ്ടെത്തിയിരുന്നില്ല.
Content Highlight: Death threat against NCB ex zonal director, police started investigation