പൊങ്കാലയിട്ടവര്‍ക്കെതിരെ കേസ്: ഡി.സി.പിയെ സസ്‌പെന്‍ഡ് ചെയ്തു
Kerala
പൊങ്കാലയിട്ടവര്‍ക്കെതിരെ കേസ്: ഡി.സി.പിയെ സസ്‌പെന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th March 2012, 2:43 pm

തിരുവനന്തപ്പുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത ഡി.സി.പിയെ സസ്‌പെന്‍ഡ് ചെയ്തു. ഡി.സി.പി പി.സി മോഹനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി പാതയോരത്ത് അടുപ്പുകൂട്ടിയ സ്ത്രീകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് വിവാദമായതോടെ, കേസെടുത്ത ഡെപ്യൂട്ടി കമ്മീണര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡി.ജി.പി പ്രതികരിച്ചതിനു തൊട്ടുപിന്നാലെയാണ് സസ്‌പെന്‍ഷന്‍ വാര്‍ത്ത വന്നത്.

ഗതാഗത തടസ്സമുണ്ടാക്കി, റോഡില്‍ ചുടുകല്ലുകളിട്ടു, വഴി മുടക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊങ്കാലയില്‍ പങ്കെടുത്ത മുഴുവനാളുകള്‍ക്കുമെതിരെ കേസെടുക്കുമെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. ഇതുസംബന്ധിച്ച എഫ്.ഐ.ആര്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രാഥമികമായി ആയിരം സ്ത്രീകള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പാതയോരപൊതുയോഗ നിരോധന നിയമപ്രകാരമാണ് നടപടി.

നേരത്തെ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആറ്റുകാല്‍ പൊങ്കാലയ്ക്ക് പങ്കെടുക്കുന്നവര്‍ക്കെതിരെ പാതയോരനിരോധന നിയമപ്രകാരം കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വാക്കുനല്‍കുകയും ചെയ്തിരുന്നു. പൊതുനിരത്തില്‍ പൊതുയോഗം നിരോധിച്ച കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് കാണിച്ച് കേരള യുക്തിവാദി സംഘം പ്രസിഡന്റ് കലാധരന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

പോലീസ് നടപടിക്കെതിരെ സി.പി.ഐ.എമ്മും ബി.ജെ.പിയും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

പൊങ്കാലയിട്ടവര്‍ക്കെതിരെ കേസ്: ആയിരം സ്ത്രീകള്‍ക്കെതിരെ എഫ്.ഐ.ആര്‍

Malayalam news

Kerala news in English