Entertainment
മമ്മൂക്കയുടെ മുന്നില്‍ കട്ടക്ക് നില്‍ക്കാന്‍ ഞാന്‍ അങ്ങോട്ട് പറഞ്ഞ് തല മൊട്ടയടിച്ചു: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 16, 07:10 am
Sunday, 16th March 2025, 12:40 pm

സിനിമാപ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മനോജ് കെ. ജയന്‍. 36 വര്‍ഷത്തിന് മുകളില്‍ അഭിനയമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് അദ്ദേഹം. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെയാണ് മനോജ് സിനിമയില്‍ എത്തുന്നത്.

അതിനുശേഷം നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മനോജ് കെ. ജയന്റെ കരിയറില്‍ ഇന്നും ഓര്‍ത്തിരിക്കുന്ന വില്ലന്‍ കഥാപാത്രങ്ങളില്‍ ഒന്നാണ് എസ്.ഐ. സെബാസ്റ്റ്യന്‍. ബിജു വര്‍ക്കി സംവിധാനം ചെയ്ത ഫാന്റം (2002) എന്ന മമ്മൂട്ടി ചിത്രത്തിലെ വില്ലനായിരുന്നു സെബാസ്റ്റ്യന്‍.

സിനിമയില്‍ മനോജ് തല മൊട്ടയടിച്ച ലുക്കിലാണ് വരുന്നത്. ഇപ്പോള്‍ ഫാന്റം സിനിമയെ കുറിച്ചും തന്റെ ലുക്കിനെ കുറിച്ചും പറയുകയാണ് മനോജ് കെ. ജയന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാന്റം സിനിമയില്‍ എന്റെ കഥാപാത്രം ഒരു ടെറഫിക്ക് വില്ലനാണെന്ന് എനിക്ക് അറിയാമായിരുന്നു. അതില്‍ മമ്മൂക്കയാണ് എന്റെ എതിരെ നില്‍ക്കുന്നത്. തിളച്ച ചായയൊക്കെ ചുമ്മാ എടുത്ത് കുടിക്കുകയും ഗ്ലാസ് വലിച്ചെറിയുകയും ചെയ്യുന്ന ആളാണ് എന്റെ കഥാപാത്രം.

അതില്‍ സത്യത്തില്‍ ഞാന്‍ വളരെ പെട്ടെന്ന് പ്ലാന്‍ ചെയ്ത ഒരു കാര്യമുണ്ട്. തലയിലെ മുടിയങ്ങ് എടുക്കാം എന്നതായിരുന്നു ആ കാര്യം. ബിജു വര്‍ക്കിയായിരുന്നു ആ സിനിമയുടെ സംവിധായകന്‍. ‘ബിജു, ഞാന്‍ ഈ മുടിയങ്ങ് എടുത്ത് കളയട്ടെ’ എന്ന് ഞാന്‍ ചോദിക്കുകയായിരുന്നു.

‘ചേട്ടാ, ചേട്ടന്‍ മുടി എടുക്കുമോ’ എന്ന് ബിജു എന്നോട് അത്ഭുതത്തോടെ തിരികെ ചോദിച്ചു. ഞാന്‍ അതിന് മറുപടിയായി പറഞ്ഞത് ‘ഞാന്‍ മുടിയെടുത്ത് കളയാം. ഈ കഥാപാത്രം മമ്മൂക്കയുടെ കൂടെ കട്ടക്ക് നില്‍ക്കേണ്ടതല്ലേ. മുടിയെടുത്താല്‍ കുറച്ചുകൂടെ ടെറിഫിക്ക് ലുക്ക് വരും’ എന്നായിരുന്നു. അങ്ങനെ അങ്ങോട്ട് ഓഫറ് കൊടുത്ത് തല മൊട്ടയടിച്ച ആളാണ് ഞാന്‍ (ചിരി),’ മനോജ് കെ. ജയന്‍ പറഞ്ഞു.

ഫാന്റം:

ബിജു വര്‍ക്കിയുടെ സംവിധാനത്തില്‍ 2002ലാണ് ഫാന്റം റിലീസിന് എത്തുന്നത്. മനോജ് എസ്.ഐ. സെബാസ്റ്റിയനായി എത്തിയപ്പോള്‍ മമ്മൂട്ടി ഫാന്റം പീലിയായിട്ടാണ് അഭിനയിച്ചത്. ഇരുവര്‍ക്കും പുറമെ മണിവണ്ണന്‍, ഇന്നസെന്റ്, നിശാന്ത് സാഗര്‍, നെടുമുടി വേണു, ലാലു അലക്സ് തുടങ്ങി മികച്ച താരനിര തന്നെയാണ് ഒന്നിച്ചത്.

Content Highlight: Manoj K Jayan Talks About Mammootty’s Phantom Movie