WPL
തുടര്‍ച്ചയായി ഏഴ് ഫൈനല്‍, ഏഴിലും തോല്‍വി; ഇതിലും നിര്‍ഭാഗ്യം നിറഞ്ഞ ക്രിക്കറ്ററെ കാണിച്ചുതരുന്നവര്‍ക്ക് ലൈഫ്‌ടൈം സെറ്റില്‍മെന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
18 hours ago
Sunday, 16th March 2025, 12:15 pm

ആദ്യ രണ്ട് എഡിഷനിലെന്ന പോലെ വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്നാം എഡിഷനിലും തോല്‍വിയേറ്റുവാങ്ങാനായിരുന്നു ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിധി. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന സീസണില്‍ തങ്ങളെ പരാജയപ്പെടുത്തിയ മുംബൈ ഇന്ത്യന്‍സാണ് ഇത്തവണയും ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയത്.

ദല്‍ഹി ക്യാപ്പിറ്റല്‍സ് തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍ തോല്‍വിയേറ്റുവാങ്ങി നിര്‍ഭാഗ്യത്തിന്റെ പര്യായമായപ്പോള്‍ ടീമിനേക്കാള്‍ അണ്‍ലക്കിയായ ഒരു താരം ദല്‍ഹിക്കൊപ്പമുണ്ടായിരുന്നു. മൂന്ന് ഡബ്ല്യൂ.പി.എല്‍ ഫൈനല്‍ അടക്കം 2023 മുതല്‍ ഇതുവരെ ഏഴ് കിരീടപ്പോരാട്ടങ്ങളില്‍ പരാജയപ്പെട്ട ജെസ് ജോന്നാസെനാണ് ആ താരം.

 

2023 വനിതാ പ്രിമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടാണ് ജെസ് ജോന്നാസെന്‍ തന്റെ തോല്‍വിയുടെ സ്ട്രീക് ആരംഭിക്കുന്നത്. മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് മുംബൈ ദല്‍ഹിയെ പരാജയപ്പെടുത്തിയത്. ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 132 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കി നില്‍ക്കെ ഹര്‍മനും സംഘവും മറികടക്കുകയായിരുന്നു.

2023 WPL Champions – Mumbai Indians

അടുത്ത വര്‍ഷം നടന്ന വനിതാ ബിഗ് ബാഷ് ലീഗിലാണ് ജോന്നാസെനും ടീമിനും കിരീടപ്പോരാട്ടത്തില്‍ പരാജയപ്പെടേണ്ടി വന്നത്. അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് ജോന്നാസന്റെ കീഴിലിറങ്ങിയ ബ്രിസ്‌ബെയ്ന്‍ ഹീറ്റിന് കിരീടം നഷ്ടമായത്. ഹോം ടീമായ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ഉയര്‍ത്തിയ 126 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹീറ്റിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

Champions of WBBL 2024 – Adelaide Strikers

2024ലെ വനിതാ പ്രീമിയര്‍ ലീഗില്‍ സ്മൃതി മന്ഥാനയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ദല്‍ഹിയെ തോല്‍പിച്ചത്. സ്വന്തം തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിനാണ് ദല്‍ഹി പരാജയം രുചിച്ചത്.

Smriti Mandhana with WPL 2024 Trophy

 

2024 ദി ഹണ്‍ഡ്രഡിലും ജോന്നാസന്റെ ടീമായ വെല്‍ഷ് ഫയര്‍ ഫൈനലില്‍ തോറ്റു. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ലണ്ടന്‍ സ്പിരിറ്റാണ് കിരീടമണിഞ്ഞത്. വെല്‍ഷ് ഉയര്‍ത്തിയ 116 റണ്‍സിന്റെ വിജയലക്ഷ്യം 98 പന്തില്‍ സ്പിരിറ്റ് മറികടന്നു. 54 റണ്‍സുമായി ജോന്നാസെന്‍ വെല്‍ഷ് ഫയറിന്റെ ടോപ് സ്‌കോററായിരുന്നു.

Spirit of London – London Spirits with The Hundred (Women) Title

ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന വനിതാ കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ് ജോന്നാസന്റെ ടീം ഒരിക്കല്‍ക്കൂടി ഫൈനലില്‍ പരാജയപ്പെട്ടത്. ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സും ബാര്‍ബഡോസ് റോയല്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് റോയല്‍സ് നൈറ്റ് റൈഡേഴ്‌സിനെതിരെ സ്വന്തമാക്കിയത്.

WCPL 2024 Champions – The Pink Army

 

ഡബ്ല്യൂ.ബി.ബി.എല്ലിന്റെ മറ്റൊരു ഫൈനലില്‍ ഒരിക്കല്‍ക്കൂടി ക്യാപ്റ്റന്‍ ജെസ് ജോന്നാസെന്റെയും ബ്രിസ്‌ബെയ്ന്‍ ഹീറ്റിന്റെയും കണ്ണുനീര്‍ വീണു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഹോം ടീമായ മെല്‍ബണ്‍ റെനെഗ്ഡ്‌സ് ബ്രിസ്‌ബെയ്ന്‍ ഹീറ്റിനെ പരാജയപ്പെടുത്തി. മഴ കളിച്ച മത്സരത്തില്‍ ഡി.എല്‍.എസ് മെത്തേഡിലൂടെ ഏഴ് റണ്‍സിനാണ് ബ്രിസ്‌ബെയ്ന്‍ പരാജയപ്പെട്ടത്. 28 പന്തില്‍ പുറത്താകാതെ 44 റണ്‍സുമായി ജോന്നാസെന്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും തോല്‍വിയിലും നിന്നും കരകയറ്റാന് മാത്രം ക്യാപ്റ്റന് സാധിച്ചില്ല.

Melbourne Renegades

ഏറ്റവുമൊടുവില്‍ വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്നാം എഡിഷനിലും ജോന്നാസന്‍ ഭാഗമായ ടീം പരാജയപ്പെട്ടിരിക്കുകയാണ്. ജോന്നാസെനേക്കാളേറെ നിരാശ അനുഭവിക്കേണ്ടി വന്ന മറ്റൊരു ക്രിക്കറ്ററും ലോകത്തുണ്ടാകില്ല എന്നാണ് ആരാധകര്‍ പറയുന്നത്.

 

Content highlight: Jess Jonassen has lost all seven finals he has played in various leagues.