സംഗീതപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. 1975ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് സുജാത തന്റെ സാന്നിധ്യമറിയിച്ചത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ 2000ത്തിലധികം പാട്ടുകള്‍ സുജാത പാടിയിട്ടുണ്ട്. കേരള, തമിഴ്നാട് സംസ്ഥാന അവാര്‍ഡുകളും സുജാതയെ തേടിയെത്തിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ലഭിക്കുന്ന ഗാനങ്ങളിലെ വികാരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സുജാത മോഹന്‍. ആന്തം സോങ്ങുകള്‍ കൂടുതലായും പുരുഷന്മാര്‍ക്കാണ് ലഭിക്കുകയെന്നും സ്ത്രീകള്‍ക്ക് കിട്ടുന്നത് വേര്‍പിരിയല്‍, മാതൃത്വം തുടങ്ങിയ വികാരങ്ങളോട് കൂടിയ പാട്ടുകളായിരിക്കുമെന്നും സുജാത പറയുന്നു. പേര്‍ളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു സുജാത.
‘സിനിമകളില്‍ പ്രധാനമായും പ്രണയം, മാതൃത്വം തുടങ്ങിയ വികാരങ്ങളോട് കൂടിയുള്ള ഗാനങ്ങളായിരിക്കും കോമണായി ഉണ്ടാകുക. ആന്തം സോങ്ങുകള്‍ കൂടുതലായും പുരുഷന്മാര്‍ക്കാണ് കിട്ടുക. ദുഃഖം, വേര്‍പിരിയല്‍, വിരഹം എന്നിവയെല്ലാം ഫീമെയില്‍സിന് കിട്ടുന്ന പാട്ടുകളിലെ ഇമോഷനുകളാണ്. പ്രേമത്തില്‍ തന്നെ പല വേര്‍തിരിവുകളുണ്ട്.
ദൈവീക പ്രണയം, സ്വീറ്റ് പ്രണയം, വശീകരിക്കുന്ന രീതിയിലുള്ള പ്രണയം തുടങ്ങിയവ. പാട്ടിന്റെ വരി വായിക്കുമ്പോള്‍ തന്നെ സിനിമയില്‍ എങ്ങനെയായിരിക്കും ആ സീന്‍ ഉണ്ടാവുകയെന്ന് ഒരു ധാരണ കിട്ടും. അതിനനുസരിച്ചാണ് പിന്നീട് പാടുക,’ സുജാത പറയുന്നു.
സംഗീത സംവിധായകരും എഴുത്തുകാരും ചേര്‍ന്ന് പാട്ടിന്റെ വരികളും ട്യൂണും പറഞ്ഞുതരുമ്പോള്‍ തന്നെ ആ ഗാനത്തിന്റെ ഇമോഷന്‍ മനസിലാക്കാന്‍ കഴിയുമെന്നും സുജാത പറയുന്നു. അത് മനസിലാക്കുന്ന ഗായകരായിരിക്കും കൂടുതല്‍ ശോഭിക്കുകയെന്നും സുജാത കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തില്‍ ഇമോഷന്‍ മനസിലാക്കുന്നവരെയാണ് സംവിധായകര്‍ വീണ്ടും വീണ്ടും വിളിക്കുകയെന്നും സുജാത പറഞ്ഞു. ഗായകര്‍ മാത്രമല്ല ഒരു പാട്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കീബോഡിസ്റ്റ് അടക്കമുള്ള ഓരോ വ്യക്തിയും അതിന്റെ ഇമോഷനില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും സുജാത പറഞ്ഞു.
Content Highlight: sujatha mohan talk about emotions of songs