Entertainment
ലാലിന്റെ ഒരു തോളില്‍ ഞാനും മറ്റേ തോളില്‍ നീയും ഇരിക്കാമെന്ന് ശോഭന ചേച്ചി എന്നോട് പറഞ്ഞു: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 20, 11:01 am
Sunday, 20th April 2025, 4:31 pm

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 16 വര്‍ഷത്തിന് ശേഷം ശോഭന മോഹന്‍ലാലിന്റെ നായികയായെത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് തരുണ്‍ മൂര്‍ത്തി. സെറ്റില്‍ ഒരുദിവസം താനും മോഹന്‍ലാലും ശോഭനയും ഇരിക്കുന്ന സമയത്ത് സിനിമയുടെ മാര്‍ക്കറ്റിങ്ങിനെക്കുറിച്ച് സംസാരിച്ചുവെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. കുറേക്കാലമായി സിനിമയില്‍ ഇല്ലാതിരുന്നതിനാല്‍ പുതിയ കാലത്തെ സിനിമാരീതികളെപ്പറ്റി ശോഭനക്ക് അറിയുമോ എന്ന് ചോദിച്ചെന്ന് തരുണ്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് അത്തരം കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നായിരുന്നു ശോഭനയുടെ മറുപടിയെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞു. മോഹന്‍ലാലിന്റെ രണ്ട് തോളിലും നമുക്ക് കയറിയിരിക്കാമെന്ന് ശോഭന തമാശരൂപത്തില്‍ പറഞ്ഞെന്ന് തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്റെ ഒരു തോളില്‍ താനും മറ്റേ തോളില്‍ ശോഭനയും ഇരുന്നാല്‍ മോഹന്‍ലാല്‍ നമ്മളെ കൊണ്ടുപൊയ്‌ക്കോളുമെന്ന് ശോഭന പറഞ്ഞിരുന്നെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

‘ഈ പടത്തിന്റെ ഷൂട്ടിന്റെ ഇടക്ക് ഞാനും ലാലേട്ടനും ശോഭന ചേച്ചിയും ഒരുമിച്ച് ഇരിക്കുകയായിരുന്നു. ഞങ്ങള്‍ ഓരോ കാര്യങ്ങള്‍ ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നു. ഈ സിനിമയുടെ ഷൂട്ട് കഴിഞ്ഞാല്‍ ഇതിന്റെ മാര്‍ക്കറ്റിങ്ങൊക്കെ എങ്ങനെ ചെയ്യണമെന്ന് പ്ലാന്‍ ചെയ്തു. ശോഭന ചേച്ചി കുറേക്കാലം സിനിമയില്‍ നിന്ന് വിട്ടു നിന്നിരുന്നല്ലോ.

ഇപ്പോഴുള്ള ന്യൂ ഏജ് സിനിമകളുടെ രീതികളെക്കുറിച്ച് ശോഭന മാമിന് വലിയ അറിവൊന്നും ഉണ്ടാകില്ലെന്ന് വിചാരിച്ചു. ശോഭന മാം വളരെ കൂളായിട്ട് ‘ഞാനും നീയും ലാലിന്റെ തോളില്‍ കയറി ഇരുന്നാല്‍ മതി. ബാക്കി പുള്ളി നോക്കിക്കോളും. ഒരു തോളില്‍ നീയും, മറ്റേ തോളില്‍ ഞാനും. ലാല്‍ നമ്മളെ കറക്ടായി കൊണ്ടുപോകും’ എന്നായിരുന്നു പറഞ്ഞത്. അതു തന്നെയാണ് ഈ സിനിമയില്‍ ഞാന്‍ ഫോളോ ചെയ്തത്,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

മോഹന്‍ലാലിനെയും ശോഭനയെയും കൂടാതെ തോമസ് മാത്യു, മണിയന്‍പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ്, ബിനു പപ്പു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജേക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീതം. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രഞ്ജിത് നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 25ന് തിയേറ്ററുകളിലെത്തും.

Content Highlight: Tharun Moorthy shares the comment of Shobhana during Thudarum movie shoot