ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തി മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ഇര്‍ഷാദ് അലി. അദ്ദേഹത്തിന്റെ കരിയറില്‍ സിനിമാപ്രേമികള്‍ ഏറെ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് മമ്പറം സുബൈര്‍.
2000ല്‍ പുറത്തിറങ്ങിയ വല്യേട്ടന്‍ എന്ന മമ്മൂട്ടി ചിത്രത്തിലെ കഥാപാത്രമായിരുന്നു അത്. രഞ്ജിത്തിന്റെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വല്യേട്ടന്‍. സിനിമയില്‍ ഇര്‍ഷാദ് എന്‍.എഫ്. വര്‍ഗീസ് ചെയ്ത മമ്പറം ബാവ എന്ന കഥാപാത്രത്തിന്റെ അനിയനായിട്ടാണ് എത്തിയത്.
വല്യേട്ടനില്‍ മമ്മൂട്ടി അവതരിപ്പിച്ച മാധവനുണ്ണി എന്ന കഥാപാത്രത്തിനോളം തന്നെ ശക്തമായ കഥാപാത്രമായിരുന്നു എന്‍.എഫ്. വര്‍ഗീസ് ചെയ്ത മമ്പറം ബാവ. ഇപ്പോള്‍ നടന്‍ എന്‍.എഫ്. വര്‍ഗീസിനെ കുറിച്ച് പറയുകയാണ് ഇര്‍ഷാദ് അലി. അമൃത ടി.വിയുടെ ‘ഓര്‍മയില്‍ എന്നും എന്‍.എഫ്. വര്‍ഗീസ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘വല്യേട്ടന്‍ എന്ന സിനിമയില്‍ ഞാനും എന്‍.എഫ് ഏട്ടനും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതില്‍ മമ്പറം ബാവയുടെ അനിയനായ മമ്പറം സുബൈറായിട്ടാണ് ഞാന്‍ അഭിനയിച്ചത്. സത്യത്തില്‍ രഞ്ജിത്തേട്ടന്‍ ആ സിനിമ ചെയ്യുമ്പോള്‍ മമ്പറം ബാവയുടെ മകനായിരുന്നു സുബൈര്‍.
അങ്ങനെയായിരുന്നു അദ്ദേഹം ആ കഥാപാത്രത്തെ പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ അത് കേട്ടതും എന്‍.എഫ് ഏട്ടന്‍ ‘എനിക്ക് ഇത്രയും വലിയൊരു മകന്‍ വേണോ’യെന്ന് ചോദിച്ചു. അങ്ങനെ രഞ്ജിത്തേട്ടന്‍ എന്നെ അനിയനാക്കി.
‘എന്നാല്‍ നമുക്ക് സുബൈറിനെ ബാവയുടെ അനിയനാക്കാം. എന്തായാലും രണ്ടാളെയും മാറ്റി കാസ്റ്റ് ചെയ്യാന്‍ പറ്റില്ല’ എന്നായിരുന്നു രഞ്ജിത്തേട്ടന്‍ പറഞ്ഞത്. ആ സിനിമയില്‍ എന്‍.എഫ് ഏട്ടനും ഞാനും ഒരുമിച്ചുള്ള കോമ്പിനേഷന്‍ സീന്‍ ആകെ ഒന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
പക്ഷെ എന്റെ ആ കഥാപാത്രം മലയാളികളുടെ മനസില്‍ ഇന്നുമുണ്ട്. ആളുകള്‍ മമ്പറം ബാവയെ ഓര്‍ക്കുമ്പോള്‍ സുബൈറിനെയും ഓര്‍ക്കും. പിന്നെ എന്‍.എഫ് ഏട്ടന്റെ മമ്പറം ബാവ എന്ന കഥാപാത്രം വളരെ ശക്തമായ ഒന്നായിരുന്നു. ആ സിനിമയിലൂടെ എനിക്ക് എന്‍.എഫ് ഏട്ടന്റെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു,’ ഇര്‍ഷാദ് അലി പറയുന്നു.
Content Highlight: Irshad Ali Talks About Valliettan Movie And NF Varghese