Entertainment news
രാജുവിൻ്റെ രസകരമായ കഥാപാത്രം വേറെയുണ്ട്, പടം ഇറങ്ങിയപ്പോൾ ഒരുപാട് പേര് വിളിച്ചു: മല്ലിക സുകുമാരൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 16, 06:21 am
Sunday, 16th March 2025, 11:51 am

1974ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടിയാണ് മല്ലിക സുകുമാരൻ. മല്ലികയുടെ മക്കളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. അന്തരിച്ച നടൻ സുകുമാരൻ്റെ പങ്കാളിയും കൂടിയാണ് മല്ലിക സുകുമാരൻ. എന്നാൽ അഭിനയം വിട്ടുവെങ്കിലും പിന്നീട് മല്ലിക രാജസേനൻ സംവിധാനം ചെയ്ത മേഘസന്ദേശം സിനിമയിലൂടെ അഭിനരംഗത്ത് വീണ്ടും സജീവമായി. അമ്മക്കിളിക്കൂട്, ഛോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയാണ് മല്ലികയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങൾ.

ഇപ്പോൾ മകനായ പൃഥ്വിരാജ് ചെയ്ത രസകരമായ കഥാപാത്രത്തിനെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. ചോക്ലേറ്റ് സിനിമയിലെ പൃഥ്വിരാജ് ചെയ്ത കാഥാപാത്രം വളരെ രസകരമായിരുന്നുന്നെന്നും ആ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ ഒരുപാട് വ്യക്തികൾ തന്നെ വിളിച്ചിരുന്നുവെന്നും പറയുകയാണ് മല്ലിക സുകുമാരൻ.

ഓരോ ടൈപ്പ് സിനിമകൾ വരുമ്പോഴും ഓരോ തരത്തിലുള്ള ക്രിട്ടിസിസമാണ് നടക്കുകയെന്നും അമർ അക്ബർ അന്തോണിയെക്കുറിച്ച് സംവിധായകനായ നാദിർഷയെ എപ്പോൾ കണ്ടാലും അതിൻ്റെ രണ്ടാം ഭാഗം ഇല്ലെയെന്ന് ചോദിക്കാറുണ്ടെന്നും മല്ലിക പറയുന്നു. ഇത്തരം സിനിമകൾ വരുന്നത് ജനത്തിന് ഇഷ്ടമാണെന്നും പറയുന്നുണ്ട് മല്ലിക.

കൗമുദിക്ക് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മല്ലിക.

‘ രാജുവിൻ്റെ വളരെ രസകരമായ കഥാപാത്രം വേറെയുണ്ട്. നിങ്ങൾക്കൊക്കെയറിയാം, ചോക്ലേറ്റ് എന്ന സിനിമ. ഒരു പെറ്റിക്കോട്ടൊക്കെ ഇട്ട് സെൻ്റ് തെരേസാസ് കോളേജിൻ്റെ വരാന്തയിൽ കൂടെ നടക്കുന്നതൊക്കെ. ആ പടം ഇറങ്ങിക്കഴിഞ്ഞപ്പോൾ എത്രയോ പേര് എന്നെ വിളിച്ചു. അപ്പോൾ ഓരോ ടൈപ്പ് പടങ്ങൾ വരുമ്പോഴും ഓരോ തരത്തിലുള്ള ക്രിട്ടിസിസമാണ്. അതുണ്ടാകും.

ഞാൻ നാദിർഷയെ കാണുമ്പോഴൊക്കെ അമർ അക്ബർ അന്തോണിയെക്കുറിച്ച് പറയാറുണ്ട്. എല്ലാവരും അതിൻ്റെ രണ്ടാം ഭാഗം ഇല്ലേയെന്ന് ചോദിക്കുന്നുവെന്ന്. ഞാൻ അങ്ങോട്ട് പറഞ്ഞിട്ടുണ്ട് അതിൻ്റെ രണ്ടാം ഭാഗം എഴുതണമെന്ന്. ഇടയ്ക്ക് അങ്ങനെയുള്ള പടങ്ങൾ വരുന്നത് ജനത്തിന് ഇഷ്ടമാണ്. എപ്പോഴും സീരിയസ് മാത്രം പോരല്ലോ റിലാക്സേഷനും വേണം.

കുറച്ച് സീനുകൾ നമ്മൾ സ്വാഭാവികമായിട്ട് ജീവിതത്തിൽ പറഞ്ഞ് പറ്റിക്കുന്ന ചില റിയലിസ്റ്റിക്ക് ആയിട്ടുള്ള സംഭവങ്ങളാണ് അത്തരം സിനിമകളിലുള്ളത്,’ മല്ലിക പറഞ്ഞു.

Content Highlight: Mallika Sukumaran Says About Prithviraj Comedy Characters