രേഖാചിത്രം എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ 2025ല്‍ അടുത്ത ഹിറ്റായി തീര്‍ന്ന ബേസില്‍ ചിത്രമായിരുന്നു പൊന്‍മാന്‍. ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ജി.ആര്‍ ഇന്ദുഗോപന്റെ ‘നാലഞ്ചു ചെറുപ്പക്കാര്‍’ എന്ന നോവലിന്റെ അഡാപ്റ്റേഷന്‍ ആയിരുന്നു.
ബേസില്‍ ജോസഫിനെക്കൂടാതെ സജിന്‍ ഗോപു, ലിജോ മോള്‍, ആനന്ദ് മന്മദന്‍ എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. തീരദേശത്ത് ഒരു വീട്ടില്‍ കല്യാണവുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളും അതിനെ തുടര്‍ന്ന് ഉള്ള പ്രശ്നങ്ങളും ആണ് പൊന്‍മാന്റെ പ്രമേയം. സ്ത്രീധനം എന്ന വിഷയത്തെയും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.
സിനിമയുടെ ഒ.ടി.ടി റിലീസോടെ ബേസില്‍ എന്ന നടന്റെ പ്രകടനമികവിനെ കുറിച്ചും സിനിമയെക്കുറിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ സംസാരിക്കുകയാണ് എല്ലാവരും. ഇപ്പോള്‍ ജി.ആര്‍ ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാര്‍ എന്ന കഥ തന്നെ ആകര്‍ഷിച്ചതിനെ കുറിച്ച് ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയാണ് അദ്ദേഹം.
ആദ്യവായനയില്‍ തന്നെ കഥയും അജേഷും അതിലെ കഥാപാത്രങ്ങളും കഥാപശ്ചാത്തലവും തന്നെ ഒരുപാട് ആകര്‍ഷിച്ചുവെന്നും ബേസില്‍ പറയുന്നു. കൂട്ടുകാരുടെ അടുത്തും, തന്റെ പങ്കാളിയായ എലിസബത്തിന്റെയടുത്തും കഥയെപ്പറ്റി പറയാന്‍ വളരെ താത്പര്യം ആയിരുന്നുവെന്നും ആദ്യം താന്‍ കഥ പറഞ്ഞത് എലിസബത്തിന്റെ അടുത്താണെന്നും അദ്ദേഹം പറയുന്നു. വായിച്ചപ്പോള്‍ തന്നെ സിനിമ ചെയ്യണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നുവെന്നും ബേസില്‍ പറഞ്ഞു
‘ഒറ്റ ഇരുപ്പിന് നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവല്‍ വായിച്ച് കഴിഞ്ഞപ്പോഴേ അതിലെ കഥാപാത്രങ്ങളായ അജേഷും, മരിയാനോയും സ്റ്റെഫിഗ്രാഫും ബ്രൂണോയും അങ്ങനെ ആ കഥയിലെ കഥാപാത്രങ്ങളും ആ ലോകവും വലിയ തോതില്‍ എക്സൈറ്റ് ചെയ്യാന്‍ തുടങ്ങി. അതുകൊണ്ടു തന്നെ അത് മറ്റുള്ളവരുടെ അടുത്ത് പറയാന്‍ വളരെ എക്സൈറ്റ്മെന്റ് ഉണ്ടായിരുന്നു.
അജേഷ് എന്ന കഥാപാത്രം ഉണ്ടെന്ന് ആദ്യം തന്നെ ഞാന്‍ വൈഫിന്റെ അടുത്ത് പറഞ്ഞു. പിന്നീട് കൂട്ടുകാരുടെയടുത്തും. പിന്നീട് അതിന്റെ എഴുത്തുകാരുമായിട്ടൊക്കെ പറയാനും ഡിസ്‌ക്കസ് ചെയ്യാനും വളരെ എക്സൈറ്റഡായിരുന്നു. അവിടുന്ന് തന്നെ ഈ കഥാപാത്രം ചെയ്യണമെന്ന് വളരെ ആഗ്രഹം തോന്നി,’ ബേസില്‍ പറഞ്ഞു.
Content Highlight: Basil Joseph Talks About Ponman Movie And His Wife Elizabeth Samuel