ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ കിവീസിനെ പരാജയപ്പെടുത്തിയത്.
ന്യൂസിലാന്‍ഡ് ഇന്ത്യക്കെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഉയര്‍ത്തിയത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഒരേ വേദിയില്‍ നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എല്ലാ മത്സരങ്ങളും ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കളിച്ചതും മത്സരങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വരാത്തതിനാലുമുള്ള മുന്‍തൂക്കം കാരണമാണ് ഇന്ത്യ വിജയിച്ചതെന്ന വാദവും ഫൈനലിന് ശേഷം ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയിച്ചതിന്റെ കാരണം വ്യക്തമാക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്ലി. ഇന്ത്യന്‍ ടീം ടൂര്‍ണമെന്റിലെ മറ്റ് ടീമുകളേക്കാള്‍ സാഹചര്യങ്ങളുമായി നന്നായി പൊരുത്തപ്പെട്ടുവെന്നും അതിനാലാണ് ഇന്ത്യയ്ക്ക് കിരീടം നേടാന്‍ സാധിച്ചെതെന്നും വിരാട് പറഞ്ഞു.
‘മറ്റ് ടീമുകളെ അപേക്ഷിച്ച് സാഹചര്യങ്ങളുമായി ഞങ്ങള്‍ നന്നായി പൊരുത്തപ്പെട്ടു. അങ്ങനെയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയം നേടിയത്. 2013ല്‍ ഞങ്ങള്‍ മുമ്പ് ചാമ്പ്യന്‍സ് ട്രോഫി നേടി. 2017ല്‍ ഫൈനലില്‍ പാകിസ്ഥാനോട് തോറ്റു. ഇത്തവണ ഞങ്ങള്‍ ജയിക്കണമെന്ന് ആഗ്രഹിച്ചു, അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം,’ വിരാട് പറഞ്ഞു.
ഓരോ മത്സരത്തിലും വ്യത്യസ്ത താരങ്ങളാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തതെന്നും മുന്‍കാല അനുഭവങ്ങളില്‍ നിന്ന് ഇന്ത്യ പഠിച്ചുവെന്നും കിങ് കോഹ്ലി കൂട്ടിച്ചേര്‍ത്തു.
‘ഓരോ മത്സരത്തിലും വ്യത്യസ്ത കളിക്കാരാണ് സ്‌കോര്‍ ചെയ്തത്. നിര്‍ണായക നിമിഷങ്ങള്‍ മുതലാക്കുന്നതില്‍ ഞങ്ങള്‍ (ഇന്ത്യ) പരാജയപ്പെട്ട ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ആ അനുഭവങ്ങളില്‍ നിന്ന് ഞങ്ങള്‍ പഠിച്ചു,’ കോഹ്ലി കൂട്ടിച്ചേര്‍ത്തു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് വിരാട് കോഹ്ലി പുറത്തെടുത്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന് എതിരെ സെഞ്ച്വറിയും സെമി ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ 84 റണ്‍സുമെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
നിലവില്‍ മാര്‍ച്ച് 22ന് തുടങ്ങുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ക്കായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പമാണ് കോഹ്ലിയുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള ഉദ്ഘാടന മത്സരമാണ് ബെംഗളുരുവിന്റെ ആദ്യ മത്സരം.
Content Highlight: Virat Kohli Reveals The Reason Behind India’s Champions Trophy Win