എന്‍ഡോസള്‍ഫാന്‍ ദുരിത പരിഹാരം; സെക്രട്ടറിയേറ്റ് നടയില്‍ ദയാബായിയുടെ അനിശ്ചിതകാല നിരാഹാര സമരം
Kerala News
എന്‍ഡോസള്‍ഫാന്‍ ദുരിത പരിഹാരം; സെക്രട്ടറിയേറ്റ് നടയില്‍ ദയാബായിയുടെ അനിശ്ചിതകാല നിരാഹാര സമരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd October 2022, 8:35 am

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സാമൂഹ്യ പ്രവര്‍ത്തക ദയാബായി സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. ദുരിതത്തില്‍ ഇരയായവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ദയാബായിയുടെ സമരം.

ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ വ്യക്തി എന്ന നിലയില്‍ അവിടെ എന്താണ് നടക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനാലാണ് സഹനസമരത്തിന് തയാറായതെന്നും ദയാബായി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി അടിയന്തരമായി മെഡിക്കല്‍ ക്യാമ്പ് നടത്തണം. ആരോഗ്യത്തോടെ ജീവിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുക എന്നത് ഭരണഘടനാപരമാണ്. അത് നിറവേറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ദയാബായി ആവശ്യപ്പെട്ടു.

എയിംസിനായി പരിഗണിക്കുന്ന ജില്ലകളില്‍ കാസര്‍ഗോഡിനെ കൂടി പരിഗണിക്കുക, ജില്ലയിലെ അഞ്ച് ആശുപത്രികളില്‍ വിദഗ്ധചികിത്സ സംഘത്തെ നിയോഗിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി നടത്താറുള്ള ചികിത്സ ക്യാമ്പ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

കൂടംകുളം ആണവനിലയ വിരുദ്ധ സമരനേതാവ് എസ്.പി. ഉദയകുമാര്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. ചികിത്സയ്ക്ക് വേണ്ടി കേരളത്തില്‍ സമരം ചെയ്യേണ്ടി വരുന്നത് നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുക്കുന്നില്ലെങ്കില്‍ സമരത്തിന്റെ ഗതി മാറ്റണമെന്നും ഉദയകുമാര്‍ ആവശ്യപ്പെട്ടു.

സംഘാടക സമിതി ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഫാ.യുജിന്‍ പെരേര, എന്‍.സുബ്രഹ്‌മണ്യന്‍, എസ്.രാജീവന്‍, സോണിയ ജോര്‍ജ്, എം.സുല്‍ഫത്ത്, ഷാജി അട്ടക്കുളങ്ങര, തുളസീധരന്‍ പള്ളിക്കല്‍, ഡോ.സോണിയ മല്‍ഹാര്‍, ശിവദാസന്‍, ലോഹിതാക്ഷന്‍ പെരിന്തല്‍മണ്ണ, സാജന്‍ കോട്ടയം, ജോസ് തൃശൂര്‍, ജോര്‍ജ് എറണാകുളം, താജുദ്ദീന്‍ പടിഞ്ഞാര്‍, സീതി ഹാജി കോളിയടുക്കം തുടങ്ങിയവര്‍ പ്രസംഗിച്ചു.

നിരാഹാര സമരത്തിന്റെ മുന്നോടിയായി കാസര്‍ഗോഡ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ‘മുഖ്യമന്ത്രി കാസര്‍കോടിനെയും കാണണം-കേള്‍ക്കണം’ എന്ന് ആവശ്യപ്പെട്ട് കത്തുകള്‍ അയച്ചു.

Content Highlight: Daya Bai Started Hunger Strike For Endosulfan Victims