വാർണർ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം; തകർത്തത് ഗെയ്‌ലിന്റെ ആരുംതൊടാത്ത റെക്കോഡ്
Cricket
വാർണർ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം; തകർത്തത് ഗെയ്‌ലിന്റെ ആരുംതൊടാത്ത റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th June 2024, 3:37 pm

ഐ.സി.സി ടി-20 ലോകകപ്പിലെ പത്താം മത്സരത്തില്‍ ഒമാനെതിരെ ഓസ്ട്രേലിയക്ക് 39 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഒമാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഒമാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങില്‍ ഡേവിഡ് വാര്‍ണറും മാര്‍ക്കസ് സ്റ്റോണിസും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 36 പന്തില്‍ പുറത്താവാതെ 67 നേടിക്കൊണ്ടായിരുന്നു സ്റ്റോണിസിന്റെ മികച്ച പ്രകടനം. രണ്ട് ഫോറുകളും ആറ് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പറഞ്ഞത്. ആറ് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെ 51 പന്തില്‍ 56 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. ടി-20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന താരമായി മാറാനാണ് വാര്‍ണറിന് സാധിച്ചത്. ടി-20യില്‍ 111 തവണയാണ് വാര്‍ണര്‍ 50+ റണ്‍സ് നേടിയിട്ടുള്ളത്. എട്ട് സെഞ്ച്വറികളും 103 അര്‍ധസെഞ്ച്വറികളുമാണ് താരം നേടിയത്. 179 മത്സരങ്ങളില്‍ നിന്നുമാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

110 തവണ 50+ റണ്‍സ് സ്‌കോര്‍ ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ലിനെ മറികടന്ന് കൊണ്ടായിരുന്നു ഓസ്‌ട്രേലിയന്‍ താരത്തിന്റെ മുന്നേറ്റം. 463 മത്സരങ്ങളില്‍ നിന്നും 22 സെഞ്ച്വറികളും 88 അര്‍ധസെഞ്ച്വറികളുമാണ് ഗെയ്ല്‍ നേടിയിട്ടുള്ളത്.

ടി-20യില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടിയ താരം, ടീം, മത്സരങ്ങളുടെ എണ്ണം, 50+ എത്ര തവണ നേടി എന്നീ ക്രമത്തില്‍

ഡേവിഡ് വാര്‍ണര്‍-ഓസ്‌ട്രേലിയ-379-111

ക്രിസ് ഗെയ്ല്‍-വെസ്റ്റ് ഇന്‍ഡീസ്-463-110

വിരാട് കോഹ്‌ലി-ഇന്ത്യ-391-105

ബാബര്‍ അസം-പാകിസ്ഥാന്‍-300-101

അതേസമയം ഓസീസ് ബൗളിങ്ങില്‍ മാര്‍ക്കസ് സ്റ്റോണിസ് മൂന്ന് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, നഥാന്‍ ഏലിയാസ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി ഒമാനെ തകര്‍ക്കുകയായിരുന്നു.

ജയത്തോടെ ഗ്രൂപ്പ് ബിയില്‍ രണ്ടു പോയിന്റുമായി ഒന്നാം സ്ഥാനം സ്വന്തമാക്കാനും കങ്കാരുപടക്ക് സാധിച്ചു. ജൂണ്‍ എട്ടിന് ഇംഗ്ലണ്ടിനെതിരെയാണ് ഓസ്ട്രേലിയയുടെ അടുത്ത മത്സരം.

Content Highlight: David Warner create a new record in T20