കൗസംബി: യു.പിയില്‍ ദളിതര്‍ക്കെതിരെയുള്ള വിവേചനം തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ദളിത് എന്ന കാരണത്താല്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് ഗ്രാമമുഖ്യന്‍ കുടിവെള്ളം നിഷേധിച്ചിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ കൗസംബി ജില്ലയിലാണ് സംഭവം. ഡെപ്യൂട്ടി ചീഫ് വെറ്റിനറി ഓഫീസറായ സീമയ്ക്കാണ് ദളിത് എന്നകാരണത്താല്‍ ഗ്രാമമുഖ്യന്‍ കുടിവെള്ളം നിഷേധിച്ചത്.
ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനാണ് സീമ കൗസംബിയിലെത്തിയത്. കൈവശമുണ്ടായിരുന്ന വെള്ളം തീര്‍ന്നപ്പോള്‍ അടുത്തുണ്ടായിരുന്ന ഗ്രാമമുഖ്യന്‍ കൂടിയായ ശിവ സമ്പത്ത് പാശിയോട് വെള്ളം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തനിക്ക് വെള്ളം തരാന്‍ കഴിയില്ലെന്ന് ഗ്രാമമുഖ്യനും കൂടെയുണ്ടായിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനും പറഞ്ഞുവെന്നാണ് സീമ പറയുന്നത്. ദളിതര്‍ക്ക് വെള്ളം കൊടുക്കുന്നത് പാപമെന്നാണ് ഇവര്‍ വിശ്വസിക്കുന്നതെന്നും സീമ പറഞ്ഞു.
താന്‍ പിന്നീട് അവിടെയുണ്ടായിരുന്ന മറ്റ് ഗ്രാമവാസകളോടും കുടിവെള്ളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെള്ളം നല്‍കരുതെന്ന് ഗ്രാമമുഖ്യന്‍ ഇവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്ന് സീമ പറഞ്ഞു.
ഇതേത്തുടര്‍ന്ന് ഇവര്‍ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം ശക്തമാക്കുമെന്നും നടപടി ഉടന്‍ ഉണ്ടാകുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് മനീഷ് വര്‍മ്മ പറഞ്ഞു.