ഹൈദരാബാദ്: തെലങ്കാനയിലെ ദളിത് യുവാവിന്റെ മരണത്തിന് പിന്നാലെ യുവാവിൻ്റെ ഭാര്യാ സഹോദരനും സുഹൃത്തിനുമെതിരെ കേസെടുത്ത് പോലീസ്.
കഴിഞ്ഞ ദിവസമാണ് തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ മുസി നദിയിയുടെ കനാലിൻ്റെ തീരത്ത് ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് പൊലീസ് യുവാവിന്റെ ഭാര്യാ സഹോദരനും സുഹൃത്തുമുൾപ്പടെ നാല് പേർക്കെതിരെ കേസ് എടുത്തത്.
പട്ടികജാതി (എസ്.സി) സമുദായത്തിൽപ്പെട്ട കൃഷ്ണയെ (32) തിങ്കളാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരുമകളുടെ കുടുംബം മകനെ കൊലപ്പെടുത്തി എന്ന പിതാവ് ഡേവിഡിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ മരണപ്പെട്ട യുവാവിന്റെ ഭാര്യ കോട്‌ല ഭാർഗവിയുടെ പിതാവ് കോട്‌ല സെയ്ദുലു, സഹോദരങ്ങളായ കോട്‌ല നവീൻ, കോട്‌ല വംശി, സുഹൃത്ത് ബൈരു മഹേഷ് എന്നിവർക്കെതിരെ സൂര്യാപേട്ട പോലീസ് കേസെടുത്തു.
ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) 103(1),61(2), ആർ/ഡബ്ല്യു 3(5), പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങളുടെ) സെക്ഷൻ 3(2)(വി) എന്നീ വകുപ്പുകൾ പ്രകാരമാണ് നാല് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.
പിന്നാക്ക വിഭാഗത്തിലെ (ബി.സി) ഗൗഡ് സമുദായത്തിൽപ്പെട്ട പ്രതികൾ തൻ്റെ മകനെ കൊലപ്പെടുത്തിയെന്ന് പള്ളി പാസ്റ്ററായ ഡേവിഡ് പരാതിയിൽ പറഞ്ഞു. ആറ് മാസം മുമ്പ് ഭാർഗവിയുമായുള്ള കൃഷ്ണയുടെ മിശ്രവിവാഹമാണ് മകനോട് പ്രതികൾക്ക് പകയുണ്ടാകാൻ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നവീനും കൊല്ലപ്പെട്ട കൃഷ്ണയും സുഹൃത്തുക്കളായിരുന്നുവെന്നും നവീനിൻ്റെ സഹോദരി ഭാർഗവിയുമായി കൃഷ്ണ പ്രണയത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. നവീനും കുടുംബവും ഭാർഗവിയുടെയും കൃഷ്ണയുടെയും ബന്ധത്തിന് എതിരായിരുന്നു. ഭാർഗവിക്ക് മറ്റ് വിവാഹാലോചനകൾ കൊണ്ടുവന്നതോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഭാർഗവിയും കൃഷ്ണയും വിവാഹശേഷം കഴിഞ്ഞ ആറ് മാസമായി മമ്മില്ലഗദ്ദയിലെ കൃഷ്ണയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.
Content Highlight: Dalit man’s in-laws, friend booked over his ‘honour killing’ in Telangana’s Suryapet