ഇന്ത്യയെ കടത്തിവെട്ടിയ ചെന്നൈ ആധിപത്യം; ഹൈദരാബാദിനെ തൂക്കിയടിച്ച് ചെന്നൈ തകര്‍പ്പന്‍ നേട്ടത്തില്‍
Sports News
ഇന്ത്യയെ കടത്തിവെട്ടിയ ചെന്നൈ ആധിപത്യം; ഹൈദരാബാദിനെ തൂക്കിയടിച്ച് ചെന്നൈ തകര്‍പ്പന്‍ നേട്ടത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th April 2024, 8:16 am

ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 78 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഹൈദരാബാദ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് ആണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങില്‍ ഹൈദരബാദ് 134 റണ്‍സിന് പുറത്താകുകയായിരുന്നു.

മത്സരത്തില്‍ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 54 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും 10 ഫോറും ഉള്‍പ്പെടെ 98 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.

ഡാരില്‍ മിച്ചല്‍ 32 പന്തില്‍ നിന്ന് ഒരു സിക്‌സും 7 ഫോറും ഉള്‍പ്പെടെ 52 റണ്‍സും സ്വന്തമാക്കി. ഇമ്പാക്ട് ആയി വന്ന ശിവം ദുബെ 20 പന്തില്‍ നാല് സിക്‌സറുകളും ഒരു ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. അവസാന ഘട്ടത്തില്‍ ഇറങ്ങിയ എം.എസ്. ധോണി രണ്ടു പന്തില്‍ അഞ്ച് റണ്‍സും നേടി.

ഈ തകര്‍പ്പന്‍ വിജയത്തോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരു കിടിലന്‍ റെക്കോഡും സ്വന്തമാക്കുകയാണ്. ടി-20 ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം 200 പ്ലസ് സ്‌കോര്‍ ചെയ്യുന്ന ടീം ആകാനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് സാധിച്ചത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 35*

സൊമര്‍ സെറ്റ് – 34

ഇന്ത്യ – 32

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 31

ഹൈദരാബാദിന്റെ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറും ടി. നടരാജനും ജയദേവ് ഉനദ്കട്ടിനും ഓരോ വിക്കറ്റുകളാണ് സ്വന്തമാക്കാന്‍ സാധിച്ചത്.

മറുപടി ബാറ്റ് ചെയ്ത ഹൈദരാബാദിനെ ചെന്നൈ പേസ് അറ്റാക്കര്‍ തുഷാര്‍ ദേഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് തകര്‍ക്കാന്‍ സാധിച്ചത്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത് മുസ്തഫിസൂര്‍ റഹ്‌മാന്‍, മതീഷ പതിരാന എന്നിവര്‍ രണ്ട് വിക്കറ്റും ജഡേജ, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് 13ന് തിരിച്ചു പോയപ്പോള്‍ അഭിഷേക് ശര്‍മക്ക് 15 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇമ്പാക്ട് പ്ലെയര്‍ അന്‍മോള്‍ പ്രീത് സിങ് മടങ്ങിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രമാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 26 പന്തില്‍ നിന്ന് 32 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഹെന്റിച്ച് ക്ലാസ്സ് 20 അബ്ദുല്‍ സമദ് 19 റണ്‍സുമാണ് പിന്നീട് നേടിയത്. മറ്റാര്‍ക്കും തന്നെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

Content Highlight: CSK In New Record Achievement