നൂറ് സിംഹാസനങ്ങള്‍; ഒരു ദളിത് അവഹേളന കെട്ടുകാഴ്ച
Dalit Discussion
നൂറ് സിംഹാസനങ്ങള്‍; ഒരു ദളിത് അവഹേളന കെട്ടുകാഴ്ച
ഡോ. വാസു എ.കെ
Tuesday, 12th March 2024, 6:57 pm
കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ ആഘോഷിക്കുകയും സിലബസുകളില്‍ ആവശ്യത്തിലേറെ സ്ഥാനം പിടിക്കുകയും ചെയ്ത നോവലാണ് ജയമോഹനന്റെ നൂറ് സിംഹാസനങ്ങള്‍. മലയാളത്തിലെ സവര്‍ണ്ണ മാധ്യമങ്ങളും അവരുടെ കുഴലൂത്തുകാരായ സാഹിത്യ വിമര്‍ശകരും ദളിത് സാഹിത്യം എന്ന് ആവര്‍ത്തിച്ചു പറഞ്ഞ് ദളിതര്‍ക്ക് നേരെയുള്ള സവര്‍ണ്ണക്കാഴ്ചയെ കെട്ടിയേല്‍പ്പിച്ച അറു പിന്തിരിപ്പന്‍ നോവലാണിത്.

ജയ മോഹന്റെ നൂറ് സിംഹാസനങ്ങള്‍ ദലിത് സാഹിത്യമേയല്ല. ദളിത് അവഹേളന കെട്ടുകാഴ്ച്ച മാത്രമാണ്. ഒരു ദളിത് യുവതിയുടെ കദനകഥ എന്ന എം. മുകുന്ദന്റെ നോവല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വ്വങ്ങളായ ഒരു ദുരന്തത്തെ
ദളിത് സ്ത്രീക്കുമോല്‍ കെട്ടിവച്ചുകൊണ്ട് ദലിത് സാഹിത്യ വായനാ ലോകം തന്നിലേക്ക് തുറന്നെടുക്കുക എന്ന ദുഷ്ടലാക്കിലാണ് ഉണ്ടായി വന്നത്.

നൂറ് സിംഹാസനങ്ങള്‍

ദളിത് സാഹിത്യം എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടത് തകഴിയുടെ തോട്ടിയുടെ മകനും കടമ്മനിട്ടയുടെ കിരാതവൃത്തവുമൊക്കെയാണെന്ന് ശഠിക്കുന്നവരാണ് ഇവിടത്തെ സവര്‍ണ്ണ സിലബസ് നിര്‍മ്മിത ബുദ്ധികള്‍. മിക്കവാറും സിലബസുകളില്‍ മലയാളത്തിലെ ദളിത് എഴുത്തുകാരെ പരാമര്‍ശിക്കാതെ, പുറത്തുനിന്നും കെട്ടിയിറക്കുന്നതില്‍ വലിയ വ്യഗ്രതയും ശ്രദ്ധേയമാണ്.

അത്തരത്തില്‍ ഒരു കെട്ടിയിറക്കലാണ് ജയമോഹന്റെ നൂറ് സിംഹാസനങ്ങള്‍ എന്ന നോവലാഘോഷങ്ങളും ചെയ്തുവച്ചിട്ടുള്ളത് .

ഈ വക സാഹിത്യ പഠനങ്ങള്‍ എന്ത് ബോധമാണ് വിദ്യാര്‍ത്ഥികളില്‍ നല്‍കിയിട്ടുണ്ടാവുക ? ദളിതരായ ആളുകളില്‍മാത്രം അവരുടെ പൂര്‍വ്വകാല ദുരനുഭവത്തിന്റെ ഓര്‍മ്മകള്‍, അതിന്റ തുടര്‍ച്ചകളായി എക്കാലവും വേട്ടയാടിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, അതിനെ മറികടക്കാന്‍ ഉന്നതവിദ്യാഭ്യാസംകൊണ്ടും ഉന്നതമായ ഉദ്യോഗപദവി കൊണ്ടുമൊന്നും സാധ്യമാവുകയില്ലെന്നുള്ള അറുപിന്തിരിപ്പന്‍ ബോധമാവും വിദ്യാര്‍ത്ഥികളില്‍ പടര്‍ത്തുക.

കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ ആഘോഷിക്കുകയും സിലബസുകളില്‍ ആവശ്യത്തിലേറെ സ്ഥാനം പിടിക്കുകയും ചെയ്ത നോവലാണ് ജയമോഹനന്റെ നൂറ് സിംഹാസനങ്ങള്‍. മലയാളത്തിലെ സവര്‍ണ്ണ മാധ്യമങ്ങളും അവരുടെ കുഴലൂത്തുകാരായ സാഹിത്യ വിമര്‍ശകരും ദളിത് സാഹിത്യം എന്ന് ആവര്‍ത്തിച്ചു പറഞ്ഞ് ദളിതര്‍ക്ക് നേരെയുള്ള സവര്‍ണ്ണക്കാഴ്ചയെ കെട്ടിയേല്‍പ്പിച്ച അറു പിന്തിരിപ്പന്‍ നോവലാണിത്.

ജയമോഹന്‍

സര്‍ക്കാരിലെ ഉന്നത പദവികള്‍ക്കൊന്നും ദളിതരെ പറ്റില്ല അവര്‍ പാരമ്പര്യ തൊഴില്‍ ചെയ്യേണ്ടവരാണ് എന്ന സവര്‍ണ്ണ ബോധം തന്നെയാണ് ഈ നോവലിലൂടെ അവര്‍ ഒളിച്ചുകടത്തുന്നത്. ദളിതരില്‍ നിന്ന് ഐ.എ.എസുകാരും ഐ.പി.എസുകാരും ഡോക്ടര്‍മാരും എന്‍ജിനീര്‍മാരും അധ്യാപകരുമൊക്കെയായി ഏറ്റവും മികവുപുലര്‍ത്തുന്നവര്‍ കേരളത്തില്‍ സജീവമാകുന്ന കാലത്താണ് ഇത്തരം സാഹിത്യാഭാസങ്ങള്‍ ഉണ്ടായി വരുന്നത് എന്നിടത്താണ് അത് സവര്‍ണ്ണതയുടെ അസ്വസ്ഥതാസാഹിത്യമാണിവകളെന്ന സ്വയംപ്രഖ്യാപനമുള്ളത്.

ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കീഴില്‍ ഇവിടത്തെ സവര്‍ണരായ ഉദ്യോഗസ്ഥരും അനുഭവിച്ചിരുന്ന കീഴാളത ചരിത്രത്തിലും സാഹിത്യത്തിലും നമ്മള്‍ നിരവധി കണ്ടിട്ടുണ്ട്. ലൈംഗികാടിമത്തമായ ദേവദാസിത്വവും ഇതര ദാസ്യജീവിതത്തില്‍ അധിഷ്ഠിതമായ സഹന പാരമ്പര്യം ഇവിടത്തെ സവര്‍ണര്‍ക്കുമുണ്ട്.

സവര്‍ണ്ണരുടെ അത്തരം പാരമ്പര്യങ്ങളുടെ ദുരന്ത ഓര്‍മ്മ അവരുടെ ഉദ്യോഗ നിര്‍വഹണങ്ങളില്‍ പുരോഭാരമായി വരാറുണ്ടെന്നതരത്തില്‍ ഒരു കൃതിയും മലയാളത്തിലുണ്ടായിട്ടില്ല.

സംബന്ധം പോലുള്ള ദുരാചാരങ്ങള്‍ നിലനിന്നതിനാല്‍, സ്ഥിരാവസ്ഥയില്‍ ഒരു ഭര്‍ത്താവില്ലാത്തതിന്റെ ദുര്യോഗങ്ങളുള്ള അമ്മയുടെ അസ്വസ്ഥതകള്‍ സവര്‍ണ്ണ ഉദ്യോഗസ്ഥന്റെ ഉദ്യോഗ നിര്‍വ്വഹണത്തില്‍ ഭാരമായി വരുന്നെന്ന സൂചനകളുള്ള കൃതികളുമില്ല.

ജാതി കീഴാളതയുടെ എല്ലാ ഭാരങ്ങളും ദളിതരില്‍ മാത്രം നിക്ഷേപിക്കുന്ന സവര്‍ണ്ണ സാഹിത്യമെഴുത്തിന്റെ ദുഷ്ടലാക്കാണ് ഇത്തരം രചനകളുടെ ചേതോവികാരമെന്നത് ഇന്ന് എല്ലാവര്‍ക്കും തിരിച്ചറിയാന്‍ കഴിയും. സവര്‍ണ്ണോദാരതാ സാഹിത്യമെന്നോ ഔദാര്യസാഹിത്യമെന്നോ ഇത്തരം പൈങ്കിളിസാഹിത്യത്തെ നമുക്ക് പേരിട്ടുവിളിക്കാന്‍ കഴിയും.

തകഴിയുടെ തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി തുടങ്ങിയ നോവലുകളെയും, കടമ്മനിട്ട തുടങ്ങിയവരുടെ കിരാതവൃത്തം, കുറത്തി തുടങ്ങിയ കവിതകളെയുമെല്ലാം അത്തരം ഔദാര്യസാഹിത്യമായാണ് വിലയിരുത്തേണ്ടത് . സവര്‍ണ്ണതയുടെ അവര്‍ണ്ണരോടുള്ള വെറുപ്പിനുപോലും ഇത്തരം കൃത്രിമ ദയാവായ്പിനേക്കാള്‍ നീതിയുണ്ടെന്നതാണ് സത്യം. സവര്‍ണ്ണ ഉദാരതയുടെ ഇത്തരം മലിന സാഹിത്യമെഴുത്തുകള്‍ ഇനിയും കേരളത്തെ നാറ്റിക്കും എന്ന് കരുതിയിരിക്കേണ്ടതുണ്ട്.

സന്തോഷ് ഏച്ചിക്കാനം

സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആര്‍ തുടങ്ങിയവരില്‍ നിന്നുമൊക്കെ ഇത്തരം കുടിയേറ്റവാസനയുടെ കഥകള്‍ ഉണ്ടായി വന്നിട്ടുണ്ട്. ജയമോഹന്‍ സൃഷ്ടിച്ച ഒഥല്ലോയാണ് നൂറുസിംഹാസനങ്ങള്‍ എന്ന് അവതാരിക എഴുതിയ കല്‍പ്പറ്റ നാരായണന്‍ പ്രഖ്യാപിക്കുന്നുണ്ട്. വിശ്വോത്തരനോവല്‍ എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണിവിടെ പ്രകടമായിട്ടുള്ളത്.

ഉണ്ണി ആര്‍

കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുള്ള വെളുത്ത വര്‍ഗ്ഗക്കാരുടെ ദൂരക്കാഴ്ചയാണ് ഷേക്‌സ്പിയറുടെ ഒഥല്ലോ എന്ന നാടകം . വെള്ളക്കാരിയും അതിസുന്ദരിയുമായ ഡെസ്ഡിമോണിയെ കറുത്ത വര്‍ഗ്ഗക്കാരനായ ഒഥല്ലോ വിവാഹം ചെയ്യുമ്പോള്‍ ഒഥല്ലോയുടെ അപകര്‍ഷതാബോധം പ്രവര്‍ത്തിച്ച് ഭാര്യയെ സംശയിച്ചു കൊലപ്പെടുത്തുന്നു എന്നതാണ് ഒഥല്ലോയുടെ ഇതിവൃത്തം.

ജയമോഹനന്റെ നൂറുസിംഹാസനങ്ങള്‍ എന്ന നോവലില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ദളിതനെ വിവാഹംചെയ്യുന്ന സവര്‍ണ സ്ത്രീയായ സുധയുടെ സ്ഥാനവും ഒഥല്ലോയിലെ ഡെസ്ഡിമോണയുടേതാണ്. ദളിതര്‍, അവര്‍ എത്ര ഉന്നതസ്ഥാനം അലങ്കരിക്കുന്നവരായിരുന്നാല്‍ പോലും, സവര്‍ണര്‍ വിവാഹം ചെയ്താല്‍ സ്വന്തം ജീവിതം അപകടപ്പെടും എന്ന മിശ്രഭയമാണ് ഇത്തരം കൃതികളിലൂടെ ഒളിച്ചുകടത്തുന്നത്.

പെറുക്കിത്തീനികളും അലഞ്ഞുതിരിയുന്നവരും മാത്രമായി ദളിതരെ ഭൂതകാലത്തില്‍ നോക്കിക്കണ്ട്  അവതരിപ്പിക്കുമ്പോള്‍ സവര്‍ണ്ണരെ വര്‍ത്തമാനകാലത്തില്‍ മാത്രം നിര്‍ത്തി അവതരിപ്പിക്കുന്നു എന്നതാണ് ഇത്തരം കഥയെഴുത്തുകളില്‍ മറനീക്കി പുറത്തുവരുന്ന വംശീയത.

ഒരു ദളിത് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ നീതി നടപ്പാക്കുകയില്ല മറിച്ച് സ്വജനപക്ഷപാതിത്വം മാത്രമേ കാണിക്കൂ എന്നത് എന്തൊരു അതിവായനയാണ്. ഇന്നത്തെ സംവിധാനങ്ങളില്‍ പ്രത്യേകിച്ചും സ്വജനപക്ഷപാതിത്വം കാണിക്കാന്‍ കഴിയാത്തത് ദലിത് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കാരണം അയാളെ എല്ലാവരും ആവശ്യത്തിലേറെ നിരീക്ഷിക്കുന്നുണ്ടാവും. എന്നാല്‍ സവര്‍ണ്ണ വിഭാഗങ്ങള്‍ നിരവധി സ്വജനപക്ഷപാതം കാണിച്ചതിന്റെ കേള്‍വികള്‍ നമുക്ക് മുന്നിലുണ്ട്.

സവര്‍ണ്ണ വിഭാഗങ്ങള്‍ കാണിച്ച സ്വജനപക്ഷപാതിത്വം തിരിച്ചിട്ട് ദളിതരിലേക്ക് ചേര്‍ക്കുന്നു എന്ന ക്രൈം കൂടി നൂറുസിംഹാസനങ്ങള്‍ എന്ന നോവലില്‍ ജയമോഹന്‍ എഴുതിച്ചേര്‍ക്കുന്നുണ്ട് .

ഡോ. ബി.ആര്‍ അംബേദ്കര്‍

ഡോ. ബി ആര്‍ അംബേദ്കറുടെ പിതാവ് ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ പട്ടാള ഉദ്യോഗസ്ഥനായിരുന്നു. പിതാവിന്റെ പിതാവിനും പട്ടാളത്തില്‍ ഉദ്യോഗം ഉണ്ടായിരുന്നു. ആരെക്കാളും ബുദ്ധികൂര്‍മ്മതയുള്ള അപൂര്‍വ വ്യക്തിത്വമായാണ് ഡോ. ബി.ആര്‍ അംബേദ്കര്‍ ജനിച്ചത്. അംബേക്കറുടെ വളര്‍ച്ച സവര്‍ണ്ണ ഉദ്യോഗസ്ഥരുടെ ദാനമാണ് എന്നത്, എല്ലാത്തിന്റെയും പിതൃത്വം തങ്ങളില്‍ ചേര്‍ത്തുനിര്‍ത്താനുള്ള ബ്രാഹ്മണിസത്തില്‍നിന്നുമാത്രം ഉണ്ടാവുന്നതാണ്.

ദലിത് ഉദ്യോഗസ്ഥന്റെ വളര്‍ച്ച മാത്രമല്ല ഡോ. അംബേദ്കറുടെ വളര്‍ച്ചയും സവര്‍ണ്ണ ഉദ്യോഗസ്ഥന്റെ ദാനം എന്ന് സ്ഥാപിക്കാനും ജയമോഹന്റെ നൂറുസിംഹാസനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സവര്‍ണ്ണ ഉദാരതാവാദത്തിന്റെ തനിമുഖമാണവിടെ പ്രകടമാവുന്നത്.

ഭാഷാപരമായ സൗന്ദര്യം അല്പം പോലും നോവലില്‍ കടന്നു വന്നിട്ടില്ല. നോവല്‍ എന്ന സാഹിത്യ സങ്കേതത്തിന്റെ രൂപവും അതില്‍ തെല്ലും പ്രകടമല്ല. എന്നിട്ടും ഇങ്ങനെയൊരു പൈങ്കിളിസാഹിത്യം ആഘോഷിച്ചതില്‍ മലയാള പ്രസിദ്ധീകരണങ്ങളുടെയും അവരുടെ കുഴലൂത്തുകാരായ സാഹിത്യ വിമര്‍ശകരുടെയും വംശീയത പ്രകടമാണ്.
ദലിത് സാഹിത്യം എന്ന പേരില്‍ ഇത്തരം ദളിത് വിരുദ്ധ സാഹിത്യം പഠിപ്പിക്കുന്നത് സര്‍വ്വകലാശാലകള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കുകയാണിനി വേണ്ടത്.

CONTENT HIGHLIGHTS: Criticism of Jayamohan’s novel Nooru simhasanangal