കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗം പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തില്‍ അധ്യാപകനായ ഡോ. സി.ജെ. ജോര്‍ജിനെ അയോഗ്യനാക്കിയ സര്‍വകലാശാലയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍ അടക്കമുള്ള അക്കാദമിക് സമൂഹം.
അര്‍ഹതയുള്ളവരെ അയോഗ്യരാക്കുന്ന സമീപനം കാലിക്കറ്റ് സര്‍വകലാശാല തിരുത്തണം എന്നാണ് കല്‍പ്പറ്റ നാരായണന്‍, എം.എന്‍ കാരശ്ശേരി എന്നിവരുള്‍പ്പെടെ ആവശ്യപ്പെടുന്നത്.
ഡോ. സി.ജെ. ജോര്‍ജിനെ ‘അയോഗ്യ’നാക്കിക്കൊണ്ടാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ‘മറ്റൊരാളെ’ നിയമിക്കാന്‍ നീക്കം നടത്തുന്നുവെന്നാണ് വിമര്‍ശനം.
ഡോ. സി.ജെ. ജോര്‍ജ് സമര്‍പ്പിച്ച അപേക്ഷയും ഗവേഷണപ്രബന്ധങ്ങളുടെ പട്ടികയും ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും സ്‌ക്രീനിങ് കമ്മറ്റി പരിശോധിച്ച് അംഗീകരിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ക്ഷണം ലഭിച്ചതനുസരിച്ചാണ് അദ്ദേഹം ഇന്റര്‍വ്യൂവിനു ഹാജരായത്. ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ച് ക്ലാസ് എടുപ്പിക്കുകയും ദീര്‍ഘമായ സംവാദം നടത്തുകയും ചെയ്ത ശേഷം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് യോഗ്യതയില്ലെന്ന് പറയുകയായിരുന്നു എന്നാണ് ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. ടി. ബി. വേണുഗോപാല പണിക്കര്‍, ഡോ. എം.എന്‍.കാരശ്ശേരി, കെ.ജി. ശങ്കരപ്പിള്ള, കല്‍പ്പറ്റ നാരായണന്‍, കെ.സി.നാരായണന്‍, ഡോ. ജിസ ജോസ്, ഡോ. മഹേഷ് മംഗലാട്ട്, ഡോ. ദിനേശന്‍ വടക്കിനിയില്‍, ഡോ.രേഷ്മ ഭരദ്വാജ്, ഡോ. രാജേന്ദ്രന്‍ എടത്തുംകര എന്നിവര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന മലയാളവിഭാഗം പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഉത്കണ്ഠാജനകമാണെന്നും യോഗ്യതകള്‍ മറികടന്നും ക്രമവിരുദ്ധമായും അക്കാദമികബാഹ്യമായ താല്പര്യത്തോടെയും നിയമനം നടത്താന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. അക്കാദമികമായി ഉയര്‍ന്ന യോഗ്യതകളും സംഭാവനകളും മികച്ച അക്കാദമിക സ്‌കോറും ഉള്ള ഡോ. ജോര്‍ജിനെ സെലക്ഷന്‍ കമ്മറ്റി നിയമവിരുദ്ധമായി പുറന്തള്ളി ഇന്റര്‍വ്യൂവിന് വിളിക്കപ്പെട്ട നിരവധി അപേക്ഷകരെ അയോഗ്യരാക്കി മാറ്റിനിറുത്തിക്കൊണ്ടുള്ള അസാധാരണനടപടിയിലൂടെയാണ് സെലക്ഷന്‍ നടത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു.
ഭാഷാശാസ്തത്തിലും സാഹിത്യപഠന രംഗത്തും ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ ഡോ. സി.ജെ.ജോര്‍ജ് ഇത്തരത്തില്‍ അവഹേളിക്കപ്പെട്ട് പുറത്താക്കപ്പെടുന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ യശസ്സിന് ചേര്‍ന്ന നടപടിയല്ലെന്നും വിദ്യാര്‍ത്ഥികളുടെയും അക്കാദമിക സമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി സുതാര്യവും നീതിപൂര്‍വവുമായ രീതിയിലാവണം നിയമനങ്ങള്‍ നടത്തേണ്ടതെന്നും കല്‍പ്പറ്റ നാരായണന്‍, എം.എന്‍ കാരശ്ശേരി അടക്കമുള്ളവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍വ്യൂ കഴിഞ്ഞതിന്റെ പിറ്റേന്ന് യാതൊരു ഔദ്യോഗിക അറിയിപ്പുമില്ലാതെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഒരാള്‍ക്ക് ഒന്നാം റാങ്ക് ഉള്ളതായി പത്രവാര്‍ത്ത വന്നിരുന്നതായും ഇത് ഡോ.സി.ജെ. ജോര്‍ജിനെ അകാരണമായി അയോഗ്യനാക്കിയത് ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായിരുന്നു എന്ന സംശയമുണര്‍ത്തുന്നതായും ഇവര്‍ വ്യക്തമാക്കുന്നു.
പ്രസ്താവനയുടെ പൂര്‍ണരൂപം;
കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിലെ പ്രൊഫസര്‍ നിയമനം: അര്‍ഹതയുള്ളവരെ അയോഗ്യരാക്കുന്ന സമീപനം തിരുത്തണം
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇക്കഴിഞ്ഞ ജനുവരിമാസം നടന്ന മലയാളവിഭാഗം പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഉത്കണ്ഠാജനകമാണ്. യോഗ്യതകള്‍ മറികടന്നും ക്രമവിരുദ്ധമായും അക്കാദമികബാഹ്യമായ താല്പര്യത്തോടെയും നിയമനം നടത്താന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
സ്‌ക്രീനിങ് കമ്മിറ്റി തയ്യാറാക്കിയ ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂവിന് വിളിക്കപ്പെട്ട നിരവധി അപേക്ഷകരെ അയോഗ്യരാക്കി മാറ്റിനിറുത്തുക എന്ന അസാധാരണനടപടി ഉണ്ടായതായി അറിയുന്നു. ഉദ്യോഗാര്‍ത്ഥിയായിരുന്ന ഡോ. സി.ജെ. ജോര്‍ജിന്റെ ജേണല്‍ പ്രബന്ധങ്ങള്‍ക്ക് ഇന്റര്‍വ്യൂ ബോര്‍ഡ് അയോഗ്യത കല്‍പിച്ചുവെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അദ്ദേഹം സമര്‍പ്പിച്ച അപേക്ഷയും ഗവേഷണപ്രബന്ധങ്ങളുടെ പട്ടികയും ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും സ്‌ക്രീനിങ് കമ്മറ്റി പരിശോധിച്ച് അംഗീകരിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ക്ഷണം ലഭിച്ചതനുസരിച്ചാണ് അദ്ദേഹം ഇന്റര്‍വ്യൂവിനു ഹാജരായത്. ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ച് ക്ലാസ് എടുപ്പിക്കുകയും ദീര്‍ഘമായ സംവാദം നടത്തുകയും മറ്റും ചെയ്ത ശേഷം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് യോഗ്യതയില്ലെന്ന് പറയുന്നത് കേട്ട് കേള്‍വിയില്ലാത്ത ഒരു നടപടിയാണ്.
ഇന്റര്‍വ്യൂ കഴിഞ്ഞതിന്റെ പിറ്റേന്ന് യാതൊരു ഔദ്യോഗിക അറിയിപ്പും ഇല്ലാതെ ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഒരാള്‍ക്ക് ഒന്നാം റാങ്ക് ഉള്ളതായി പത്രവാര്‍ത്ത വന്നിരുന്നു. ഇത് ഡോ.സി.ജെ. ജോര്‍ജിനെ അകാരണമായി അയോഗ്യനാക്കിയത് ആസൂത്രിതമായ ഒരു നീക്കത്തിന്റെ ഭാഗമായിരുന്നു എന്ന സംശയമുണര്‍ത്തുന്നു. ഇക്കാര്യങ്ങള്‍ കാണിച്ചുകൊണ്ട് ഇന്റര്‍വ്യൂ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ ഡോ. ജോര്‍ജും മറ്റ് ചില ഉദ്യോഗാര്‍ത്ഥികളും ബഹു. ചാന്‍സലര്‍ (ഗവര്‍ണര്‍)ക്കും ബഹു. വൈസ് ചാന്‍സലര്‍ക്കും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനും പരാതി നല്‍കിയിട്ടുണ്ടെന്നും അറിഞ്ഞു.
സ്‌ക്രീനിങ് കമ്മറ്റി അംഗീകരിച്ച അപേക്ഷകനെ പുറത്തു നിര്‍ത്താന്‍ വേണ്ടി ഗുണനിലവാരസംബന്ധിയായ യു.ജി.സിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സ്‌ക്രീനിങ് കമ്മറ്റി വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ഗവേഷണപ്രബന്ധങ്ങള്‍, നിലവിലുള്ള ചട്ടങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് അയോഗ്യമാണെന്നു വിധിക്കുകയാണ് ഉണ്ടായതെന്ന് മനസ്സിലാക്കുന്നു. അക്കാദമികമായി ഉയര്‍ന്ന യോഗ്യതകളും സംഭാവനകളും മികച്ച അക്കാദമിക സ്‌കോറും ഉള്ള ഡോ. ജോര്‍ജിനെ സെലക്ഷന്‍ കമ്മറ്റി നിയമവിരുദ്ധമായി പുറന്തള്ളി എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്.
സെലക്ഷന്‍ കമ്മറ്റിയിലെ അംഗങ്ങളെന്ന നിലയില്‍ പ്രവര്‍ത്തിച്ച ഭാഷാവിഭാഗം ഡീനും സ്‌ക്രീനിങ് കമ്മിറ്റി അംഗവുമായ ഡോ.കെ.എം. അനിലും പഠനവകുപ്പുതലവനായ ഡോ. സോമനാഥന്‍ പിയും ഈ നടപടി അനുചിതമാണെന്ന കാര്യം രേഖാമൂലംതന്ന വൈസ് ചാന്‍സലറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട് എന്നാണ് അറിയുന്നത്. സ്‌ക്രീനിങ് കമ്മറ്റി അംഗവും സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ഡയറക്ടരുമായിരുന്ന ഡോ. എം.വി. നാരായണന്‍ ഡോ. ജോര്‍ജിന്റെ പരാതിയെ മുന്‍നിര്‍ത്തി ബഹു. വൈസ് ചാന്‍സലര്‍ക്ക് എഴുതിയ കത്തില്‍ മലയാളവിഭാഗം പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന ഇന്റര്‍വ്യൂവില്‍ സംഭവിച്ചത് തികച്ചും അന്യായവും നിയമവിരുദ്ധവുമായ നടപടികളാണെന്നു ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
ഈ പശ്ചാത്തലത്തില്‍ പ്രസ്തുത ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും രേഖകളും സൂക്ഷ്മമായി പരിശോധിച്ച് ശക്തവും മാതൃകാപരവുമായ നടപടികള്‍ സ്വീകരിച്ച് നീതിബോധവും അക്കാദമിക് പ്രതിബദ്ധതയും പ്രകടമാക്കണമെന്ന് വൈസ് ചാന്‍സലറോടും സര്‍വകലാശാലാ സിന്‍ഡിക്കേറ്റിനോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ഭാഷാശാസ്തത്തിലും സാഹിത്യപഠന രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഡോ. സി.ജെ.ജോര്‍ജിനെ പോലുള്ള ഒരു അക്കാഡമീഷ്യന്‍ ഈ രീതിയില്‍ അവഹേളിക്കപ്പെട്ട് പുറത്താക്കപ്പെടുന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ യശസ്സിന് ചേര്‍ന്ന നടപടിയായിരിക്കില്ല. വിദ്യാര്‍ത്ഥികളുടെയും അക്കാദമിക സമൂഹത്തിന്റെയും താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി സുതാര്യവും നീതിപൂര്‍വവുമായ രീതിയിലാവണം ഇത്തരം തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ നടത്തേണ്ടത്.
അതുകൊണ്ട് യു.ജി.സി. നിബന്ധനകളുടെയും അനുബന്ധ ഉത്തരവുകളുടെയും അന്തസ്സത്തയുള്‍ക്കൊണ്ട് സെലക്ഷന്‍ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
ഡോ. ചാത്തനാത്ത് അച്യുതനുണ്ണി
ഡോ. ടി. ബി. വേണുഗോപാല പണിക്കര്‍
ഡോ. എം.എന്‍.കാരശ്ശേരി
കെ.ജി.ശങ്കരപ്പിള്ള
കല്‍പ്പറ്റ നാരായണന്‍
കെ.സി.നാരായണന്‍
ഡോ. ജിസ ജോസ്
ഡോ. മഹേഷ് മംഗലാട്ട്
ഡോ. ദിനേശന്‍ വടക്കിനിയില്‍
ഡോ.രേഷ്മ ഭരദ്വാജ്
ഡോ. രാജേന്ദ്രന്‍ എടത്തുംകര
Content Highlight: Criticism against rejecting the appointment of Dr. C. J. George as professor in Calicut university